Sorry, you need to enable JavaScript to visit this website.

സൗദിയില്‍ തിരൂര്‍ സ്വദേശി ഗുരുതര നിലയില്‍; ഉടന്‍ നാട്ടിലെത്തിക്കണം

ജിദ്ദ- ഗുരുതരമായ അസുഖം ബാധിച്ച മലപ്പുറം തിരൂര്‍ സ്വദേശി എ. ജാഫര്‍ എന്ന 35 വയസ്സുകാരന്‍ സുമനസ്സുകളുടേയും ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും കരുണ കാത്തു കഴിയുന്നു.
 
അത്രമാത്രം അവശനാണെന്നും ശരീരമാകെ വ്രണങ്ങള്‍ വന്നിരിക്കുന്ന യുവാവിനെ നാട്ടിലെത്തിക്കാന്‍ പറ്റുമോ എന്ന കാര്യത്തില്‍തന്നെ സംശയമാണെന്നും ഇയാളുടെ കാര്യത്തില്‍ മുന്നോട്ടുവന്ന സന്നദ്ധ പ്രവര്‍ത്തകന്‍  നിസാര്‍ പറയുന്നു.

https://www.malayalamnewsdaily.com/sites/default/files/2019/11/06/jafar2.png

കിഡ്‌നി സംബന്ധമായ അസുഖത്തിനു പുറമെ ബ്രെയിന്‍ ട്യൂമറും ബാധിച്ചതായി സംശയിക്കുന്നു. ശരീരത്തിലെ വലിയ മുറിവുകള്‍ കാരണം മൂന്ന് മാസമായി നാട്ടില്‍ പോകാനോ ജോലി ചെയ്യാനോ സാധിക്കാത്ത അവസ്ഥയിലാണ്.

മക്കയില്‍ ജോലി ചെയ്തിരുന്ന യുവാവ് ഇപ്പോള്‍ ഉംലജില്‍ നഴ്‌സ് കൂടിയായ സുഹൃത്തിന്റെ മുറിയിലാണ് കഴിയുന്നത്. രണ്ടു മാസം മുമ്പ് മദാദ് പോര്‍ട്ടലില്‍ പ്ലീസ് ഇന്ത്യ മുഖേന പരാതി ഫയല്‍ ചെയ്തപ്പോള്‍ സ്‌പോണ്‍സറുമായി ബന്ധപ്പെട്ടുവെന്നും ഉടന്‍ നാട്ടിലയക്കാന്‍ തയാറാണെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് മറുപടി നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇയാളെ സ്‌പോണ്‍സര്‍ ഹുറൂബാക്കിയിരിക്കുന്നു എന്നാണ് കോണ്‍സുലേറ്റ് അറയിച്ചിരിക്കുന്നത്.

https://www.malayalamnewsdaily.com/sites/default/files/2019/11/06/jafar3.png

നാട്ടില്‍ എത്തിച്ച് ഉടന്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഹുറൂബായതിനാല്‍ കോണ്‍സുലേറ്റ് ഇടപെട്ട് തര്‍ഹീല്‍ വഴി ഇയാളെ നാട്ടിലെത്തിക്കുകയാണ് പരിഹാരം. യുവാവിന്റെ രോഗാവസ്ഥ വ്യക്തമാക്കുന്ന കൂടുതല്‍ ചിത്രങ്ങളുണ്ടെങ്കിലും ഇവിടെ ചേര്‍ക്കുന്നില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്ലീസ് ഇന്ത്യ വളണ്ടിയര്‍ നിസാറുമായി 0571929024 എന്ന നമ്പറില്‍ ബന്ധപ്പെടാം.

 

Tags

Latest News