Sorry, you need to enable JavaScript to visit this website.

രക്തസമ്മര്‍ദ്ദം അതിജീവിക്കാന്‍

രക്തസമ്മര്‍ദ്ദം ഇന്ന് സര്‍വസാധാരണമായ ഒരു ജീവിതശൈലി രോഗമായി മാറിയിട്ടുണ്ട്. മാറിയ ജീവിത സാഹചര്യങ്ങളും ജീവിത ശൈലിയും അതോടൊപ്പം ജോലിയിലും ജീവിതത്തിലും നേരിടേണ്ടി വരുന്ന മാനസിക സംഘര്‍ഷങ്ങളുമൊക്കെയാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഗള്‍ഫ് നാടുകളില്‍ ജീവിക്കുന്ന മലയാളികളില്‍ 34 ശതമാനം പേര്‍ക്കും കേരളത്തില്‍ കഴിയുന്നവരില്‍ 22 ശതമാനം പേര്‍ക്കും രക്തസമ്മര്‍ദ്ദം ഉണ്ടെന്നാണ് കണക്കുകള്‍ നല്കുന്ന വിവരം. 80നും 120നും ഇടയില്‍ രക്തസമ്മര്‍ദ്ദം നിലനിര്‍ത്തുന്നതാണ് അഭികാമ്യം. എങ്കിലും 90 മുതല്‍ 140 വരെയെത്തുന്നത് വലിയ പ്രശ്‌നമായി കാണേണ്ടതില്ല. എന്നാല്‍ ബി.പി 140 ന് മുകളിലേക്ക് കടക്കുന്നവര്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുകയോ ചികിത്സ തേടുകയോ വേണം.
രക്തസമ്മര്‍ദ്ദം നിയന്ത്രണ വിധേയമാക്കിയില്ലെങ്കില്‍ വൃക്കരോഗങ്ങള്‍, പക്ഷാഘാതം, ഹൃദ്രോഗം തുടങ്ങിയ സങ്കീര്‍ണ പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തും. ജീവിതശൈലി രോഗങ്ങളിലേറ്റവും സങ്കീര്‍ണകാരിയായ രക്തസമ്മര്‍ദ്ദം മരുന്നുപയോഗിച്ച് നിയന്ത്രണവിധേയമാക്കാമെങ്കിലും രോഗത്തിലേക്ക് നയിച്ച മൂലകാരണങ്ങളെ മരുന്നിലൂടെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിച്ചെന്ന് വരില്ല. രക്തസമ്മര്‍ദ്ദത്തെ തടയാനുള്ള നല്ല മാര്‍ഗം രോഗം വരാതെ പ്രതിരോധിക്കുക എന്നുള്ളതാണ്. ബി.പി വന്നതിന് ശേഷം കാലങ്ങളോളം മരുന്ന് കഴിക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ സൂക്ഷിക്കുക എന്നത് തന്നെയാണ്. ഇതിനുള്ള ഫലപ്രദമായ മാര്‍ഗം ആരോഗ്യകരമായ ജീവിത രീതിയും ആരോഗ്യകരമായ ഭക്ഷണരീതികളുമാണ്. ഭക്ഷണ ക്രമീകരണത്തിലൂടെ തന്നെ ഒരു പരിധിവരെ ഈ പ്രശ്‌നത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കും.
കറിയുപ്പിന്റെ ഉപയോഗം കുറയ്ക്കുക
രക്തസമ്മര്‍ദ്ദം ഉണ്ടാവാന്‍ പ്രധാന കാരണം ഉയര്‍ന്ന തോതിലുള്ള കറിയുപ്പിന്റെ ഉപയോഗമാണ്. ഒരാള്‍ക്ക് ഒരു ദിവസം ഏകദേശം ആറുഗ്രാമില്‍ താഴെയേ ഉപ്പ് ആവശ്യമുള്ളൂ. ഭക്ഷണ സാധനങ്ങളില്‍ പ്രകൃത്യാ അടങ്ങിയിട്ടുള്ള ഉപ്പില്‍നിന്ന് തന്നെ ഇത് ലഭിക്കുന്നുണ്ട്. എന്നാല്‍ മലയാളികള്‍ ദിവസവും 10 മുതല്‍ 15 ഗ്രാം വരെ ഉപ്പ്  അകത്താക്കുന്നുണ്ട്.  കറിയുപ്പ് ഒരു ദിവസം ആറു ഗ്രാമില്‍ കൂടുതല്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്ന ഭക്ഷണ ക്രമീകരണങ്ങളില്‍ പ്രധാനം കറിയുപ്പിന്റെ ഉപയോഗം കുറയ്ക്കുക എന്നതാണ്. ഉയര്‍ന്ന ബി.പിയുള്ളവര്‍ ഉപ്പ് കൂടുതലടങ്ങിയിട്ടുള്ള പപ്പടം,
അച്ചാറുകള്‍, ഉണക്കമീന്‍ തുടങ്ങിയവ ഒഴിവാക്കണം. കൂടാതെ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ചേര്‍ക്കുന്ന ഉപ്പിന്റെ അളവ് കുറയ്ക്കണം.
കറിയുപ്പിന് പകരം ഇന്തുപ്പ് പോലുള്ളവ ഉപയോഗിക്കാവുന്നതാണ്.

മത്സ്യം കറിവെച്ച് കഴിക്കുക
ഒമേഗ 3 കൊഴുപ്പ് അടങ്ങിയ മീനുകള്‍ കറിവെച്ച് കഴിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ നല്ലതാണ്. മത്തി, അയല, ചൂര, കോര തുടങ്ങിയ മീനുകള്‍ ഇക്കൂട്ടത്തില്‍പ്പെടും. ബി.പി കുറയ്ക്കുന്നതിന് പുറമെ ഈ മീനുകള്‍ ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നവയാണ്. എണ്ണയില്‍ വറുത്തതോ പൊരിച്ചതോ ആയ മത്സ്യങ്ങള്‍ക്ക് ഈ ഗുണം ലഭിക്കണമെന്നില്ല.

ഗ്രീന്‍ ടീയിലേക്ക് മാറുക
അമിതമായി കാപ്പി കുടിക്കുന്നത് പ്രഷര്‍ കൂട്ടുമെന്നതിനാല്‍ ഹൃദ്രോഗവും, രക്തസമ്മര്‍ദ്ദവും ഉള്ളവര്‍ കാപ്പി കുടി കുറയ്ക്കുന്നതാണ് നല്ലത്. ചായകുടി പ്രഷര്‍ കൂട്ടുമെങ്കിലും  ചായയിലടങ്ങിയിരിക്കുന്ന ആന്റീ ഓക്‌സിഡന്റുകള്‍ ഹൃദ്രോഗസാധ്യത കുറയ്ക്കും. അതിനാല്‍ മിതമായി കടുപ്പം കുറഞ്ഞചായ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. ഗ്രീന്‍ ടീയാണ് രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് കൂടുതല്‍ നല്ലത്. ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുള്ള കാറ്റച്ചിന്‍ എന്ന ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിന് ഗുണം ചെയ്യും.

പുകവലിയും പുകയിലയും ഉപേക്ഷിക്കുക
പുകയിലയുടെ ഉപയോഗം പ്രഷര്‍ കുതിച്ചു കയറാന്‍ കാരണമാകും. അതുകൊണ്ട് പുകവലിയും പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും രക്തസമ്മര്‍ദ്ദമുള്ളവര്‍ ഉപേക്ഷിക്കേണ്ടത് അനിവാര്യമാണ്. പാസീവ് സ്‌മോക്കിംഗും രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കാന്‍ കാരണമായിത്തീരുന്നുണ്ട്. പുകവലിക്കാര്‍ സ്വന്തത്തിന് പുറമെ മറ്റുള്ളവര്‍ക്കും രക്തസമ്മര്‍ദ്ദം അസുഖമായി സമ്മാനിക്കാന്‍
സാധ്യതയുള്ളവരാണ്. പുകവലിക്കാരനായ ഒരാള്‍ വീട്ടിലുണ്ടെങ്കില്‍ വീട്ടിലെ പുകവലിക്കാത്ത അംഗങ്ങള്‍ക്ക് രക്തസമ്മര്‍ദ്ദം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.

ഡാഷ് ഡയറ്റ്
ബി. പി. നിയന്ത്രിക്കാന്‍ ശാസ്ത്രീയമായി സംവിധാനം ചെയ്തിട്ടുള്ളഭക്ഷണരീതിയാണ് ഡാഷ്ഡയറ്റ്. 
ധാരാളം പഴങ്ങളും പച്ചക്കറികളും കൊഴുപ്പ് നീക്കം ചെയ്ത പാല്, മത്സ്യം, പരിപ്പുകള്‍ എന്നിവയും ഉള്‍പ്പെടുന്നതാണ് ഡാഷ് ഡയറ്റ്.  ഈ വിഭവങ്ങളില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, മഗ്‌നീഷ്യം, കാത്സ്യം എന്നിവ പ്രഷര്‍ കുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ ഉലുവ, മുരിങ്ങയില, വെളുത്തുള്ളി എന്നിവയുടെ ഉപയോഗവും രക്തസമ്മര്‍ദ്ദം കുറയ്ക്കുവാന്‍ നല്ലതാണ്.

ശരീരഭാരം കുറയ്ക്കുക
പൊണ്ണത്തടിയുള്ളവരില്‍ രക്തസമ്മര്‍ദ്ദം ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്. ശരീരഭാര നിയന്ത്രണത്തിലൂടെ  രക്തസമ്മര്‍ദ്ദംനിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പത്ത് കിലോഗ്രാം തൂക്കം കുറയുമ്പോള്‍  5 മുതല്‍ 20 പോയിന്റ് വരെ രക്തസമ്മര്‍ദ്ദം കുറയാന്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ നല്കുന്ന വിവരം. ഭക്ഷണ നിയന്ത്രണവും വ്യായാമവും ശീലമാക്കുന്നവര്‍ക്ക് ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും.

വ്യായാമം
ശരീര ഭാരം കുറയ്ക്കാനും പ്രഷര്‍ കുറയ്ക്കാനും വ്യായാമം വളരെയധികം സഹായകരമാണ്. നീന്തല്‍, നടത്തം, ജോഗിംഗ്, നൃത്തം, വിവിധ കളികള്‍ തുടങ്ങിയവ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. രാവിലെ ആഹാരത്തിന് മുമ്പായി അരമണിക്കൂര്‍ വ്യായാമം ചെയ്യുന്നതാണ് കൂടുതല്‍ ഫലപ്രദം. ഹൃദ്രോഗം, കൊളസ്‌ട്രോള്‍, പ്രമേഹം, പൊണ്ണത്തടി, മാനസിക സംഘര്‍ഷം തുടങ്ങിയ പ്രശ്‌നങ്ങളെ മറികടക്കാനും വ്യായാമം സഹായിക്കും. ഇതിന് പുറമെ ശരീരത്തിന് ഉന്മേഷം ലഭിക്കാനും നല്ല ഉറക്കം ലഭിക്കാനും വ്യായാമം ശീലമാക്കുന്നത്‌നല്ലതാണ്.

ധ്യാനവും പ്രാര്‍ത്ഥനയും
വ്യായാമത്തെ പോലെ തന്നെ ജീവനകലകളും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. യോഗാസനമോ മനസ്സ് ശാന്തമാക്കിയുള്ള പ്രാര്‍ത്ഥനകളോ ശീലമാക്കാവുന്നതാണ്. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതോടൊപ്പം ഹൃദ്രോഗം, പ്രമഹം, കൊളസ്‌ട്രോള്‍ പോലുള്ള അസുഖങ്ങളെ തടയാനും ഇത് സഹായിക്കും. ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, ധ്യാനം തുടങ്ങിയവ നിത്യ ജീവിതത്തിന് ഉന്മേഷവും പ്രസരിപ്പും നല്കുന്ന ഘടകങ്ങള്‍ കൂടിയാണ്. ആരോഗ്യകരമായ ജീവിതശൈലി ശീലമാക്കുന്നത് ജീവിതത്തിന് പുതിയ ഊര്‍ജം പകരും. അതോടൊപ്പം ഹൃദ്രോഗം വൃക്കരോഗം പക്ഷാഘാതം തുടങ്ങിയ മാരകമായ രോഗങ്ങള്‍ക്കെതിരെ  അത് പ്രതിരോധം തീര്‍ക്കുകയും ചെയ്യും.
 

Latest News