Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ അഞ്ച് ടെസ്റ്റ് വേദികള്‍ മതി -കോഹ്‌ലി

റാഞ്ചി - ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഹോം മത്സരങ്ങള്‍ അഞ്ച് വേദികളില്‍ മാത്രം കളിച്ചാല്‍ മതിയെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഏതൊക്കെയാവണം വേദികളെന്ന് കോഹ്‌ലി വെളിപ്പെടുത്തിയില്ല. കൊല്‍ക്കത്ത, മുംബൈ, ചെന്നൈ, ദല്‍ഹി, ബംഗളൂരു എന്നിവയാണ് പരമ്പരാഗത ടെസ്റ്റ് വേദികള്‍. 
ഇന്ത്യക്ക് ഇപ്പോള്‍ ടെസ്റ്റ് മത്സരങ്ങള്‍ക്കു മാത്രമായി 27 വേദികളുണ്ട്. അതില്‍ പതിനെട്ടും കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ ടെസ്റ്റ് പദവി നേടിയതാണ്. ഓരോ വേദിക്കും മാറിമാറിയാണ് രാജ്യാന്തര മത്സരങ്ങള്‍ അനുവദിക്കാറ്. ദക്ഷിണാഫ്രിക്ക മൂന്നു ടെസ്റ്റുകള്‍ കളിച്ചത് വിശാഖപട്ടണത്തും പൂനെയിലും റാഞ്ചിയിലുമാണ്. മൂന്നു വേദികളിലും രണ്ടാമത്തെ മാത്രം ടെസ്റ്റായിരുന്നു ഇത്. 
മറ്റു വേദികളില്‍ ട്വന്റി20, ഏകദിന മത്സരങ്ങള്‍ അനുവദിക്കുന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ എന്ന് കോഹ്‌ലി അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ കളിക്കാന്‍ വരുന്ന ടീമുകള്‍ക്ക് ടെസ്റ്റ് വേദികളെക്കുറിച്ച് ധാരണയുണ്ടാവേണ്ടതുണ്ട്. ഏതൊക്കെ പിച്ചുകളിലാണ് കളിക്കുന്നതെന്ന ബോധ്യം വേണം. എങ്ങനെയുള്ള കാണികളെയാണ് പ്രതീക്ഷിക്കേണ്ടതെന്ന് അറിയണം. മറ്റു നാടുകളില്‍ കളിക്കാന്‍ പോവുമ്പോള്‍ ഇന്ത്യന്‍ ടീമിന് വേദികളെക്കുറിച്ച് നല്ല വ്യക്തതയുണ്ട് -ക്യാപ്റ്റന്‍ വിശദീകരിച്ചു. 
ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും പരമ്പരാഗതമായി ആറ് വേദികളിലാണ് ടെസ്റ്റുകള്‍ സംഘടിപ്പിക്കാറ്. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ന്യൂസിലാന്റിലും ദക്ഷിണാഫ്രിക്കയിലും മത്സരങ്ങളുടെ ക്രമം പോലും സ്ഥിരമാണ്. ഇംഗ്ലണ്ടില്‍ ഓവലിലാണ് സാധാരണ അവസാന ടെസ്റ്റ് നടക്കാറ്. ഓസ്‌ട്രേലിയയില്‍ ബോക്‌സിംഗ് ഡേ ടെസ്റ്റ് എപ്പോഴും മെല്‍ബണിലായിരിക്കും, ദക്ഷിണാഫ്രിക്കയില്‍ ദര്‍ബനിലും. പുതുവര്‍ഷ ടെസ്റ്റിന് കേപ്ടൗണും സിഡ്‌നിയും വേദിയാവും. 

Latest News