Sorry, you need to enable JavaScript to visit this website.

ബാലന്‍ഡോര്‍ പട്ടികയായി, നെയ്മാര്‍ ഇല്ലാത്തതെന്തു കൊണ്ട്?

പാരിസ് - പോയ സീസണിലെ മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലന്‍ഡോറിനുള്ള പ്രാഥമിക പട്ടികയില്‍ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള കളിക്കാരനായ നെയ്മാര്‍ ഇല്ല. പരിക്കും സസ്‌പെന്‍ഷനുകളും ആരാധകനെ മര്‍ദിച്ചതും റഫറിയ വിമര്‍ശിച്ചതുമൊക്കെയാണ് നെയ്മാറിനെ ഒഴിവാക്കാന്‍ കാരണമെന്ന് ബാലന്‍ഡോര്‍ സംഘാടകര്‍ വിശദീകരിച്ചു. 
കഴിഞ്ഞ വര്‍ഷത്തെ വിജയി ലൂക്ക മോദ്‌റിച്ചും 30 കളിക്കാരുടെ ആദ്യ പട്ടികയില്‍ സ്ഥാനം പിടിച്ചില്ല. വനിതാ ബാലന്‍ഡോര്‍ പട്ടികയില്‍ അമേരിക്കയുടെ മെഗാന്‍ റാപിനോയാണ് പ്രമുഖ താരം. 
മികച്ച ഗോള്‍കീപ്പര്‍മാര്‍ക്ക് ഈ വര്‍ഷം മുതല്‍ യാഷിന്‍ ബഹുമതി നല്‍കും. ബാലന്‍ഡോര്‍ നേടിയ ഏക ഗോളിയാണ് റഷ്യക്കാരനായ ലെവ് യാഷിന്‍. ഡിസംബര്‍ രണ്ടിന് അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിക്കും.  
നെയ്മാര്‍ രണ്ടു തവണ ബാലന്‍ഡോര്‍ വോട്ടിംഗില്‍ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. മെസ്സിക്കും ക്രിസ്റ്റിയാനോക്കും പിറകില്‍. ലിവര്‍പൂളില്‍ നിന്ന് ഏഴ് കളിക്കാര്‍ പട്ടികയിലുണ്ട്. കോപ അമേരിക്ക ജയിച്ച ബ്രസീല്‍ ടീമിലെ റോബര്‍ടൊ ഫിര്‍മിനോയും ഗോള്‍കീപ്പര്‍ അലിസന്‍ ബെക്കറുമുള്‍പ്പെടെ. പരിക്കു കാരണം നെയ്മാര്‍ കോപ അമേരിക്ക കളിച്ചിരുന്നില്ല. വാന്‍ഡിക്കും ജോര്‍ജിഞ്ഞിയൊ വൈനാള്‍ഡവുമുള്‍പ്പെടെ ഡച്ച് ടീമിലെ അഞ്ചു പേര്‍ പട്ടികയിലുണ്ട്. 1992 ല്‍ മാര്‍ക്കൊ വാന്‍ബാസ്റ്റനാണ് അവസാനമായി ബാലന്‍ഡോര്‍ നേടിയ ഡച്ച് താരം. ലിവര്‍പൂളിന്റെ മുഹമ്മദ് സലാഹും സാദിയൊ മാനെയുമുള്‍പ്പെടെ പട്ടികയിലെ ആറു പേര്‍ ആഫ്രിക്കക്കാരാണ്. ടോട്ടനത്തിന്റെ സോന്‍ ഹ്യുംഗ് മിന്നാണ് മുപ്പതംഗ ലിസ്റ്റില്‍ ഏക ഏഷ്യന്‍ പ്രതിനിധി. 

Latest News