Sorry, you need to enable JavaScript to visit this website.

ക്രിക്കറ്റ് സമരം, ബംഗ്ലാദേശ് ബോര്‍ഡ് യോഗം ചേരുന്നു

ധാക്ക - ബംഗ്ലാദേശ് കളിക്കാര്‍ സമരം തുടങ്ങിയതോടെ അവരുടെ ക്രിക്കറ്റ് ബോര്‍ഡ് അടിയന്തര യോഗം വിളിച്ചു. നവംബര്‍ മൂന്നിന് ഇന്ത്യന്‍ പര്യടനം ആരംഭിക്കാനിരിക്കെയാണ് കളിക്കാര്‍ സമരം തുടങ്ങിയത്. സേവന, വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തണമെന്നതുള്‍പ്പെടെ 11 ആവശ്യങ്ങളുന്നയിച്ചാണ് കളിക്കാര്‍ സമരം നടത്തുന്നത്. സമരം അടുത്ത മാസത്തെ ഇന്ത്യന്‍ പര്യടനം അനിശ്ചിതത്വത്തിലാക്കി.
രാജ്യത്ത് ഒത്തുകളി വ്യാപകമാണെന്നും ബോര്‍ഡില്‍ അഴിമതി കൊടികുത്തി വാഴുകയാണെന്നും മുന്‍ ബോര്‍ഡ് മേധാവിയും ഇപ്പോള്‍ പാര്‍ലമെന്റംഗവുമായ സാബിര്‍ ഹുസൈന്‍ ചൗധരി ആരോപിച്ചത് പ്രതിസന്ധി രൂക്ഷമാക്കി. 
വ്യവസ്ഥാപിതമായി ഒത്തുകളിയും അഴിമതിയും പ്രോത്സാഹിപ്പിക്കുന്ന ലോകത്തെ ഏക കായിക ഭരണസമിതിയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ആഭ്യന്തര ക്രിക്കറ്റില്‍ അഴിമതി വ്യാപകമാണെന്ന് ക്യാപ്റ്റന്‍ ശാഖിബുല്‍ ഹസനും ആരോപിച്ചിരുന്നു. ആഭ്യന്തര കളിക്കാരുടെ പ്രതിഫലം ഇരട്ടിയാക്കണമെന്നാണ് സമരത്തിന്റെ പ്രധാന ലക്ഷ്യം. ആഭ്യന്തര ക്രിക്കറ്റില്‍ പലപ്പോഴും മത്സരം തുടങ്ങും മുമ്പെ ഏത് ടീം ജയിക്കുമെന്നും ഏത് ടീം തോല്‍ക്കുമെന്നുമുള്ള രഹസ്യം അങ്ങാടിപ്പാട്ടാണെന്ന് ശാഖിബ് പറഞ്ഞു. 
ബംഗ്ലാദേശ് ക്രിക്കറ്റില്‍ അഴിമതി പുതിയ വാര്‍ത്തയല്ല. 2014 ല്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ഒത്തുകളി സംശയത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു. മുന്‍ നായകന്‍ മുഹമ്മദ് അശ്‌റഫുലിനെ വിലക്കേണ്ടി വന്നു. 2017 ല്‍ ഒരു ബൗളര്‍ വൈഡും നോബോളും ബോധപൂര്‍വം എറിഞ്ഞ് 92 റണ്‍സ് വഴങ്ങി. ബൗളറെ പിന്നീട് പത്തു വര്‍ഷത്തേക്ക് വിലക്കി. രണ്ടാം ഡിവിഷന്‍ ലീഗില്‍ ഒരു മത്സരത്തിന്റെ ആദ്യ ഓവറില്‍ ബൗളര്‍ 13 വൈഡും നോബോളുമെറിഞ്ഞു. എല്ലാം ബൗണ്ടറിയായി. 80 റണ്‍സാണ് വഴങ്ങിയത്. 

Latest News