തൃശൂർ - മഹാകവി വള്ളത്തോൾ നാരായണമേനോന്റെ മകൾ വള്ളത്തോൾ വാസന്തി മേനോൻ (90)അന്തരിച്ചു. ഇന്ന് പുലർച്ചെ അഞ്ചരയോടെ ചെറുതുരുത്തിയിലെ സ്വവസതിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങൾ മൂലം കിടപ്പിലായിരുന്നു.പരേതനായ കേശവമേനോനാണ് ഭർത്താവ്. മക്കൾ: മാലിനി, മദനൻ, അജിത്, ദിലീപ്
വള്ളത്തോളിന്റെ എട്ടാമത്തെ പുത്രിയായ വാസന്തിമേനോൻ അദ്ദേഹത്തിന്റെ ഏറ്റവും ഇളയ മകളായിരുന്നു. മുൻകാലത്ത് കലാമണ്ഡലം ഭരണസമിതി അംഗവും കൽപിത സർവകലാശാലയായി മാറിയപ്പോൾ നിലവിലെ സിൻഡിക്കേറ്റ് അംഗം കൂടിയായിരുന്നു വാസന്തിമേനോൻ.
ഇന്നലെ ഉച്ചയ്ക്ക് ഒന്നു മുതൽ മൂന്നുവരെ നിള ക്യാമ്പസിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ സമൂഹത്തിന്റെ വിവിധതുറകളിലുള്ളവർ അന്ത്യാഞ്ജലിയർപ്പിക്കാനെത്തി. തുടർന്ന് മൃതദേഹം വീട്ടിലെത്തിച്ചു. സംസ്കാരം നാളെ ചെറുതുരുത്തി പുതുശേരി പുണ്യതീരം പൊതുശ്മശാനത്തിൽ.