Sorry, you need to enable JavaScript to visit this website.

സൗദി-ഫലസ്തീൻ ബിസിനസ് കൗൺസിൽ സ്ഥാപിക്കുന്നതിന് ധാരണ

കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും  ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും റിയാദിൽ ചർച്ച നടത്തുന്നു.

റിയാദ്- സൗദി, ഫലസ്തീൻ ബിസിനസ് കൗൺസിലും സൗദി-ഫലസ്തീൻ ജോയിന്റ് ഇക്കണോമിക് കമ്മിറ്റിയും സ്ഥാപിക്കുന്നതിന് ധാരണ. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവുമായും കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായും ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലും ഫലസ്തീൻ പ്രസിഡന്റിന്റെ താൽപര്യം മാനിച്ചുമാണ് ഇവ രണ്ടും സ്ഥാപിക്കാൻ തീരുമാനിച്ചത്. 
സൽമാൻ രാജാവുമായി ഫലസ്തീൻ പ്രസിഡന്റ് കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ കിരീടാവകാശിയുമായും മഹ്മൂദ് അബ്ബാസും ഇന്നലെ ചർച്ച നടത്തി. ഫലസ്തീനിലെ പുതിയ സംഭവവികാസങ്ങളും, കിഴക്കൻ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ ഉറപ്പുവരുത്തുംവിധം ഫലസ്തീൻ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് നടത്തുന്ന ശ്രമങ്ങളെയും കുറിച്ച് കിരീടാവകാശിയും ഫലസ്തീൻ പ്രസിഡന്റും വിശകലനം ചെയ്തു. 
സഹമന്ത്രി തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് രാജകുമാരൻ, സാംസ്‌കാരിക മന്ത്രി ബദ്ർ ബിൻ ഫർഹാൻ രാജകുമാരൻ, നാഷണൽ ഗാർഡ് മന്ത്രി അബ്ദുല്ല ബിൻ ബന്ദർ രാജകുമാരൻ, സഹമന്ത്രി ഡോ. മുസാഅദ് അൽഈബാൻ, വിദേശ മന്ത്രി ഡോ. ഇബ്രാഹിം അൽഅസ്സാഫ്, വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ, രഹസ്യാന്വേഷണ ഏജൻസി മേധാവി ഖാലിദ് അൽഹുമൈദാൻ തുടങ്ങിയവർ കൂടിക്കാഴ്ചയിലും ചർച്ചയിലും സംബന്ധിച്ചു. 
രണ്ടു ദിവസം നീണ്ട സൗദി സന്ദർശനം പൂർത്തിയാക്കി ഫലസ്തീൻ പ്രസിഡന്റും സംഘവും ഇന്നലെ ഉച്ചയോടെ മടങ്ങി. റിയാദ് ഡെപ്യൂട്ടി ഗവർണർ മുഹമ്മദ് ബിൻ അബദുറഹ്മാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ, വിദേശ മന്ത്രി ഡോ. ഇബ്രാഹിം അൽഅസ്സാഫ്, സൗദിയിലെ ഫലസ്തീൻ അംബാസഡർ ബാസിം അബദുല്ല അൽആഗ തുടങ്ങിയവർ ചേർന്ന് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫലസ്തീൻ പ്രസിഡന്റിനെ യാത്രയാക്കി.

 


 

Latest News