Sorry, you need to enable JavaScript to visit this website.

ചിന്നസ്വാമിയില്‍ കനത്ത തോല്‍വി

ബംഗളൂരു -  മൂന്നാം ട്വന്റി20 യില്‍ ഒമ്പതു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യക്കെതിരായ മൂന്നു മത്സര പരമ്പര സമനിലയാക്കി (1-1). ആദ്യ കളി മഴ കാരണം ഉപേക്ഷിച്ചിരുന്നു. നന്നായി തുടങ്ങിയ ഇന്ത്യയെ ഒമ്പതിന് 134 ല്‍ ഒതുക്കിയ ദക്ഷിണാഫ്രിക്ക 19 പന്ത് ശേഷിക്കെ വിജയം ആഘോഷിച്ചു. ക്യാപ്റ്റന്‍ ക്വിന്റന്‍ ഡികോക്കാണ് (52 പന്തില്‍ 79 നോട്ടൗട്ട്) സന്ദര്‍ശകരെ വന്‍ വിജയത്തിലേക്ക് നയിച്ചത്. രണ്ടാം മത്സരത്തിലും ഡി കോക്ക് അര്‍ധ ശതകം നേടിയിരുന്നു. 
ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ചെയ്‌സ് ചെയ്യുന്ന ടീമിനാണ് വിജയ സാധ്യതയെങ്കിലും ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. പരമ്പരയില്‍ ആദ്യമായി കളിച്ച ഇടങ്കൈയന്‍ പെയ്‌സര്‍ ബ്യൂറന്‍ ഹെന്‍ഡ്രിക്‌സാണ് (4-0-14-2) ഇന്ത്യയെ ചെറിയ സ്‌കോറിലൊതുക്കിയത്. സ്പിന്നര്‍ ബ്യോണ്‍ ഫോര്‍ചൂണും (3-0-19-2) റണ്‍സ് പിശുക്കി. 
പത്തോവറില്‍ വിക്കറ്റ് പോവാതെ 76 റണ്‍സെടുത്ത ദക്ഷിണാഫ്രിക്കക്ക് വൈസ് ക്യാപ്റ്റന്‍ റീസ ഹെന്‍ഡ്രിക്‌സിനെ (28) മാത്രമാണ് നഷ്ടപ്പെട്ടത്. ഹാര്‍ദിക്കിനാണ് വിക്കറ്റ്. എന്നാല്‍ ഹാര്‍ദിക് രണ്ടോവറില്‍ 23 റണ്‍സ് വഴങ്ങി. ഡി കോക്ക് അഞ്ച് സിക്‌സറും ആറ് ബൗണ്ടറിയും പായിച്ചു. തെംബ ബവൂമ 27 റണ്‍സുമായി പുറത്താവാതെ നിന്നു. ദീപക് ചഹറും (3-0-15-0) ജദേജയും (2-0-8-0) മാത്രമാണ് ബൗളിംഗില്‍ തിളങ്ങിയത്.

 

Latest News