Sorry, you need to enable JavaScript to visit this website.

18 മിനിറ്റില്‍ അഞ്ച് ഗോള്‍, സിറ്റിക്ക് ഗോളുത്സവം

മാഞ്ചസ്റ്റര്‍ - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ അവസാന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഉജ്വലമായി തിരിച്ചുവന്നു. വാറ്റ്ഫഡിനെ മറുപടിയില്ലാത്ത എട്ടു ഗോളിന് ചാമ്പ്യന്മാര്‍ തകര്‍ത്തു. 18 മിനിറ്റാവുമ്പോഴേക്കും അഞ്ച് ഗോളിന് മുന്നിലെത്തിയ സിറ്റിക്ക് റെക്കോര്‍ഡ് നഷ്ടപ്പെട്ടത് തലനാരിഴക്കാണ്. അവസാന അര മണിക്കൂറില്‍ അവര്‍ ഒരു ഗോളേ അടിച്ചുള്ളൂ. നോര്‍വിച് സിറ്റിയോട് അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയ സിറ്റി ശക്തമായി തിരിച്ചുവരികയായിരുന്നു. ഇതോടെ ആറു കളികളില്‍ 13 പോയന്റുമായി അവര്‍ രണ്ടാം സ്ഥാനത്തെത്തി. അഞ്ചു കളികളും ജയിച്ച ലിവര്‍പൂളാണ് ഒന്നാം സ്ഥാനത്ത് (15 പോയന്റ്). കഴിഞ്ഞ കളിയില്‍ സിറ്റിയെ ഞെട്ടിച്ച നോര്‍വിച് യാഥാര്‍ഥ്യ ലോകത്ത് തിരിച്ചെത്തി. ബേണ്‍ലിയോട് അവര്‍ മറുപടിയില്ലാത്ത രണ്ടു ഗോളിന് തോറ്റു. 
നാലു മാസം മുമ്പ് എഫ്.എ കപ്പ് ഫൈനലില്‍ വാറ്റ്ഫഡിനെ 6-0 ന് സിറ്റി തകര്‍ത്തിരുന്നു. അതിനു മുമ്പത്തെ സീസണിലും അവരെ 6-0 ന് കീഴടക്കി. ഇത്തവണ ഒരു ഗോള്‍ വ്യത്യാസത്തിലാണ് സിറ്റിക്ക് ഗോള്‍ റെക്കോര്‍ഡ് നഷ്ടപ്പെട്ടത്. 1995 ല്‍ ഇപ്‌സ്‌വിച് ടൗണിനെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 9-0 ന് തോല്‍പിച്ചതാണ് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് റെക്കോര്‍ഡ്. 2009 ല്‍ ടോട്ടനം 9-1 ന് വിഗാന്‍ അത്‌ലറ്റിക്കിനെ തകര്‍ത്തിരുന്നു. 2014 ല്‍ സ്‌റ്റോക് സിറ്റിയെ 7-2 ന് തകര്‍ത്ത മത്സരത്തിലാണ് ഇതിനു മുമ്പ് മാഞ്ചസ്റ്റര്‍ സിറ്റി ഏറ്റവുമധികം ഗോളടിച്ചത്.  
ഹാട്രിക്കോടെ ബെര്‍ണാഡൊ സില്‍വയാണ് സിറ്റിയുടെ ഗോളുത്സവത്തിന് ചുക്കാന്‍ പിടിച്ചത്. 

Latest News