Sorry, you need to enable JavaScript to visit this website.

മരട് ഫ് ളാറ്റ്‌ പൊളിക്കാനാവശ്യപ്പെട്ട് സി.പി.ഐ സമരമാരംഭിക്കുന്നു

കൊച്ചി- തീരപരിപാലനം ലംഘിച്ച് നിർമിച്ച മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുന്ന വിഷയത്തിൽ എൽ.ഡി.എഫിൽ ഭിന്നത രൂക്ഷമാകുന്നു. മരടിലെ ഫ്‌ളാറ്റ് പൊളിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐയുടെ നേതൃത്വത്തിൽ സമരം തുടങ്ങുന്നുവെന്നതാണ് ഏറ്റവും പുതിയ സംഭവവികാസം. മരട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം ആരംഭിക്കുന്നത്. സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച വൈകുന്നേരം നെട്ടൂർ പാലത്തിനു സമീപം സായാഹ്ന ധർണ സംഘടിപ്പിച്ചുകൊണ്ടാണ് സി.പി.ഐ സമരം തുടങ്ങുന്നത്. 
പാർട്ടി ജില്ലാ സെക്രട്ടറി പി.രാജു ധർണ ഉദ്ഘാടനം ചെയ്യും. അഡ്വ. എ.ജയശങ്കർ മുഖ്യപ്രഭാഷണം നടത്തും. തീര പരിപാലന നിയമം ലംഘിച്ച നാലു ഫ്‌ളാറ്റുകളും പൊളിക്കുമ്പോൾ ഉടമകൾക്കുണ്ടാകുന്ന നഷ്ടം ഫ്ളാറ്റ് നിർമാതാക്കളിൽ നിന്നും ഈടാക്കണമെന്നും നിർമാണത്തിന് അനുവാദം നൽകിയ പഞ്ചായത്ത്, മുനിസിപ്പൽ ഉദ്യോഗസ്ഥർക്കെതിരെയും അക്കാലത്തെ പഞ്ചായത്ത് ഭരണ സമിതിക്കെതിരെയും അന്വേഷണം നടത്തി യഥാർഥ കുറ്റവാളികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണമെന്നും സി.പി.ഐ മരട് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. എന്നാൽ ഫ്ളാറ്റിൽ നിന്നൊഴിയില്ലെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് ഉടമകൾ. തങ്ങളുടെ സമ്പാദ്യമെല്ലാം വിറ്റ് വാങ്ങിയ ഫ്ളാറ്റിൽ നിന്നിറങ്ങിയിട്ട് തങ്ങൾ എവിടേക്ക് പോകുമെന്നാണ് ഇവർ ചോദിക്കുന്നത്. ഫ്ളാറ്റുകൾ പൊളിക്കുന്ന നടപടികളുമായി മുന്നോട്ടു പോകുകയാണെന്ന് സുപ്രീം കോടതിയെ അറിയിച്ചുവെങ്കിലും തങ്ങൾക്ക് സർക്കാരിൽ പ്രതീക്ഷയുണ്ടെന്നും ഇവർ പറയുന്നു.
 

Latest News