Sorry, you need to enable JavaScript to visit this website.

സൽമാൻ രാജാവും പാക് പ്രധാനമന്ത്രിയും ചർച്ച നടത്തി

സൗദിക്ക് ശക്തമായ പിന്തുണ -ഇംറാൻ ഖാൻ
ജിദ്ദ- തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും പാക് പ്രധാനമന്ത്രി ഇംറാൻ ഖാനും ചർച്ച നടത്തി. ജിദ്ദ അൽസലാം കൊട്ടാരത്തിൽ വെച്ചാണ് പാക് പ്രധാനമന്ത്രി സൽമാൻ രാജാവിനെ കണ്ടത്. കിഴക്കൻ പ്രവിശ്യയിലെ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങളെ സൽമാൻ രാജാവുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ ഇംറാൻ ഖാൻ അപലപിച്ചു. 
ഇത്തരം ആക്രമണങ്ങൾ ചെറുക്കുന്നതിന് സൗദി അറേബ്യയെ പാക്കിസ്ഥാൻ പിന്തുണക്കുമെന്ന് ഇംറാൻ ഖാൻ പറഞ്ഞു. ഈ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങൾ തരണം ചെയ്യുന്നതിന് സൗദി അറേബ്യക്ക് സാധിക്കുമെന്ന് സൽമാൻ രാജാവ് പറഞ്ഞു. മേഖലയിലെ സുരക്ഷാ ഭദ്രത തകർക്കുന്നതിനും ലോകത്ത് എണ്ണ വിതരണം തടസ്സപ്പെടുത്തുന്നതിനുമാണ് ആക്രമണത്തിലൂടെ ലക്ഷ്യമിട്ടതെന്നും സൽമാൻ രാജാവ് പറഞ്ഞു. 
രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ, സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപേദേഷ്ടാവുമായ ഡോ.മുസാഅദ് അൽഈബാൻ, വിദേശ മന്ത്രി ഡോ.ഇബ്രാഹിം അൽഅസ്സാഫ്, ധനമന്ത്രി മുഹമ്മദ് അൽ ജദ്ആൻ, സൽമാൻ രാജാവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി തമീം അൽസാലിം, പാക്കിസ്ഥാനിലെ സൗദി അംബാസഡർ നവാഫ് അൽമാലികി, പാക് വിദേശ മന്ത്രി ഷാ മഹ്മൂദ് ഖുറേശി, സൗദിയിലെ പാക് അംബാസഡർ റജാ അലി അഅ്ജാസ് തുടങ്ങിയവർ കൂടിക്കാഴ്ചയിലും ചർച്ചയിലും സന്നിഹിതരായിരുന്നു. 
കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും പാക് പ്രധാനമന്ത്രി ഇംറാൻ ഖാനുമായി വ്യാഴാഴ്ച ചർച്ച നടത്തിയിരുന്നു. ജിദ്ദ അൽസലാം കൊട്ടാരത്തിലാണ് പാക് പ്രധാനമന്ത്രിയെ കിരീടാവകാശി സ്വീകരിച്ചത്. ബഖീഖ്, ഖുറൈസ് എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങളെ ഇംറാൻ ഖാൻ രൂക്ഷമായ ഭാഷയിൽ അപലപിച്ചു. ഇത്തരം നശീകരണ പ്രവർത്തനങ്ങൾ ചെറുക്കുന്നതിന് സർവശേഷിയും ഉപയോഗിച്ച് പാക്കിസ്ഥാൻ സൗദി അറേബ്യക്കൊപ്പം നിലയുറപ്പിക്കുമെന്നും ഇംറാൻ ഖാൻ പറഞ്ഞു. 
സഹമന്ത്രി തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് രാജകുമാരൻ, നാഷണൽ ഗാർഡ് മന്ത്രി അബ്ദുല്ല ബിൻ ബന്ദർ രാജകുമാരൻ, വിദേശ മന്ത്രി ഡോ.ഇബ്രാഹിം അൽഅസ്സാഫ്, ജനറൽ ഇന്റലിജൻസ് മേധാവി ഖാലിദ് അൽ ഹുമൈദാൻ, പാക്കിസ്ഥാനിലെ സൗദി അംബാസഡർ നവാഫ് അൽമാലികി, പാക് വിദേശ മന്ത്രി ഷാ മഹ്മൂദ് ഖുറേശി, സൗദിയിലെ പാക് അംബാസഡർ റജാ അലി അഅ്ജാസ് തുടങ്ങിയവർ കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
 

Tags

Latest News