Sorry, you need to enable JavaScript to visit this website.

ആത്മഹത്യാ പ്രതിരോധത്തിന് ഒത്തൊരുമിച്ച്

ജീവിതം അമൂല്യമാണ്. ജീവിതം മനോഹരമായ ഒരു പുസ്തകം പോലെയാണ്. അതിൽ ചില അധ്യായങ്ങൾ സന്തോഷകരവും ചിലവ സന്താപകരവും മറ്റു ചിലവ ഉത്തേജനം നൽകുന്നതുമൊക്കെയാണ്. എന്നാൽ ഓരോ പേജും മറിക്കുമ്പോഴാണ് അതിലെന്താണ് അടങ്ങിയിരിക്കുന്നതെന്ന് മനസ്സിലാക്കാൻ കഴിയുക. 
സാഹചര്യങ്ങളുടെ സമ്മർദങ്ങളാൽ പിടിച്ചു നിൽക്കാനാവാതെ ലോകത്തിന്റെ പല ഭാഗങ്ങളിലുമായി നിരവധി പേരാണ് നിത്യവും ജീവനൊടുക്കുന്നത്. 
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഏകദേശം എട്ടു ലക്ഷത്തോളം പേരാണ് പ്രതിവർഷം ആത്മഹത്യ ചെയ്യുന്നത്. ഓരോ നാൽപത് സെക്കന്റുകളിലും ഓരോ ആത്മഹത്യകൾ നടക്കുന്നു.  
ജീവിതത്തിലെ അനിശ്ചിതത്വവും നശ്വരതയും തന്നെയാണ് ജീവിതത്തിന്റെ സൗന്ദര്യവും പ്രാധാന്യവും നമ്മെ ബോധ്യപ്പെടുത്തുന്നത്. എന്തിനാണ് നാം ജീവിക്കുന്നത്. എന്താണ് നാം നേടേണ്ടത്, ജീവിത ലക്ഷ്യമെന്താണ് എന്നിവ സംബന്ധിച്ച വ്യത്യസ്ത വീക്ഷണങ്ങളും അഭിപ്രായങ്ങളുമൊക്കെയുണ്ടായേക്കാമെങ്കിലും ഭൂമുഖത്ത് ജനിക്കുന്നവരെല്ലാം മരിക്കുമെന്ന വിഷയത്തിൽ ആർക്കും സംശയമുണ്ടാവാനിടയില്ല. 
ജീവിതം സംഘർഷങ്ങളും സമ്മർദങ്ങളും ശാന്തതയും സന്തോഷവുമെല്ലാം നിറഞ്ഞവയാകാം. പ്രകൃതിയിൽ കാറ്റും കോളും ഇടിയും മിന്നലും എല്ലാം സാധാരണമാണെന്നതു പോലെ ജീവിതത്തിലും പ്രയാസങ്ങളും ബുദ്ധിമുട്ടുകളുമുണ്ടാവാം. ജീവിത യാത്രയിൽ എല്ലാ പ്രതിസന്ധികളേയും ക്രിയാത്മകമായി അഭിമുഖീകരിക്കാനും വിജയം കൈവരിക്കാനും മാനസികാരോഗ്യവും ആത്മധൈര്യവും അത്യാവശ്യമാണ്.
ലോകത്തിന്റെ നാനാ ഭാഗങ്ങളിലുമുള്ള മനുഷ്യരെ ഒരുപോലെ അലട്ടിക്കൊണ്ടിരിക്കുന്ന സുപ്രധാന പ്രശ്‌നങ്ങളിലൊന്ന് മാനസികാരോഗ്യത്തിന്റെ അഭാവമാണ്. ജീവിതം പുരോഗമിക്കുകയും സൗകര്യപ്രദമായിത്തീരുകയും ചെയ്തതിൽ മതിമറന്ന് സന്തോഷിച്ച ആധുനിക മനുഷ്യൻ ചെന്നെത്തിയ അശാന്തിയുടെ ആഴം പകൽവെളിച്ചം പോലെ ചിന്തിക്കുന്ന മനുഷ്യർക്ക് മുന്നിൽ തെളിയുന്നു.
യുനൈറ്റഡ് നാഷൺസിലെ ചില ഏജൻസികൾ നടത്തിയ പഠനമനുസരിച്ച് ലോകത്ത് 450 മില്യനിലധികം മനുഷ്യർ മാനസിക തകരാറുകളുളളവരാണ്. ഓരോ വർഷവും ഇത്തരം കേസുകൾ മാനവരാശിയുടെ മുമ്പിൽ ഉത്തരം കിട്ടാത്ത ചോദ്യം കണക്കെ കൂടിവരുന്നു. വികസ്വര രാജ്യങ്ങളിലാണ് മാനസികരോഗികളുടെ എണ്ണം കൂടുതലായി കണ്ടുവരുന്നത്. മാനസിക രോഗികൾ സാമൂഹ്യമായും സാമ്പത്തികമായും ഇത്രയേറെ പ്രയാസം സൃഷ്ടിച്ചിട്ടും ലോകാടിസ്ഥാനത്തിൽ 40 ശതമാനം രാജ്യങ്ങൾക്കും വ്യക്തമായ മെന്റൽ ഹെൽത്ത് പോളിസിയോ മെന്റൽ ഹെൽത്ത് പ്രോഗ്രാമുകളോ ഇല്ല എന്നത് തികച്ചും ദൗർഭാഗ്യകരമാണ്. പരിചരണവും പ്രതിരോധവും സമന്വയിപ്പിച്ച് കൊണ്ടുള്ള നയപരിപാടികൾക്ക് ഈ രംഗത്ത് ഏറെ പ്രസക്തിയുണ്ട്.
ഏറെ സങ്കീർണമായ ഒരു പ്രതിഭാസമാണ് മനുഷ്യ മനസ്സ്. നിമിഷാർധത്തിൽ അതിലൂടെ മിന്നിമറയുന്ന ഭാവങ്ങൾക്കോ ചിന്തക്കോ പകരം വെക്കാൻ മനുഷ്യൻ കണ്ടുപിടിച്ച ഒരുപകരണവും മതിയാവുകയില്ല. അത്രക്ക് സങ്കീർണമായ വൈകാരികതയും അർഥ തലങ്ങളുമാണ് മനസ്സിനുള്ളത്. ആ മനസ്സിന്റെ പരിചരണവും സംരക്ഷണവും ആത്മീയ ഭൗതിക തലങ്ങളെ ചൂഴ്ന്നു നിൽക്കുന്ന ചില സംഗതികളെ ആശ്രയിച്ചാണിരിക്കുന്നത്. എന്നാൽ ജീവിത വ്യവഹാരങ്ങളിൽ വ്യാപൃതരാവുന്നതോടെ ചിലപ്പോഴൊക്കെ മനസ്സിന്റെ നിയന്ത്രണത്തിൽ താളപ്പിഴകളുണ്ടാകുന്നു. ഈ താളപ്പിഴകൾ പരിഹരിക്കുന്നതിനോ ലഘൂകരിക്കുന്നതിനോ സഹായകമായ പ്രതിവിധിയെക്കുറിച്ച അറിവില്ലായ്മ പ്രശ്‌നം ഗുരുതരമാക്കുകയും ചെയ്യുന്നു. ഇതാണ് ലോകത്ത് മാനസിക രോഗികളുടെ എണ്ണം കൂടാൻ കാരണമായതെന്നാണ് പറയപ്പെടുന്നത്. 
മാനസികനില തെറ്റുകയോ സന്തുലിതാവസ്ഥ നഷ്ടപ്പെടുകയോ ചെയ്യുമ്പോൾ ജീവിത സാഹചര്യങ്ങളെ അഭിമുഖീകരിക്കുവാൻ കഴിയാത്ത ദുർബല മനുഷ്യരാണ് ആത്മഹത്യയിൽ അഭയം തേടുന്നത്. സാമൂഹ്യ കൂട്ടായ്മകളും വികാരങ്ങളും വിചാരങ്ങളും പങ്കുവെക്കുന്നതുമൊക്കെ ഈ പ്രതിസന്ധിയുടെ ആഴം കുറക്കുവാൻ സഹായകമാകുമെന്നതിനാലാണ് മാനസികാരോഗ്യത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചുമുള്ള ചർച്ച ഏറെ പ്രസക്തമാകുന്നത്. 
ശാന്തിയും സമാധാനവുമാണ് എല്ലാവരുടേയും സ്വപ്‌നം. അത് തകരുമ്പോഴാണ് കുഴപ്പങ്ങൾ ആരംഭിക്കുന്നത്. സമൂഹത്തിലെ ശാന്തിയുടേയും സമാധാനത്തിന്റേയും സന്തോഷകരമായ അന്തരീക്ഷം തകരാതെ സൂക്ഷിക്കുക. ആത്മീയ ചിന്തയും ധാർമികാധ്യാപനങ്ങളുമെല്ലാം ഈ രംഗത്ത് വളരെ പ്രധാനമാണ്. നന്മയും സഹകരണവും സമൂഹത്തിന്റെ മുഖമുദ്രയാവുകയും ഭദ്രമായ കുടുംബാന്തരീക്ഷം സാക്ഷാൽകൃതമാവുകയും ചെയ്യുന്നിടത്ത് മാനസിക പ്രതിസന്ധിക്കോ ആത്മഹത്യക്കോ സ്ഥാനമില്ലെന്ന് തിരിച്ചറിയുക. 
ആത്മാർഥമായ ബന്ധങ്ങളും സൗഹാർദങ്ങളും മെല്ലെമെല്ലെ സമൂഹത്തിന് നഷ്ടമാകുന്നു. ഈ സാഹചര്യത്തിൽ വികാരങ്ങളോ വിചാരങ്ങളോ ശരിയായ രീതിയിൽ പങ്കുവെക്കപ്പെടുന്നില്ല. പങ്കുവെക്കപ്പെട്ടാൽ പ്രശ്‌നങ്ങൾ പകുതിയായി ചുരുങ്ങുമെന്നാണ്. ആധുനിക സമൂഹത്തിന് കൈമോശം വന്നുപോകുന്ന പ്രധാനപ്പെട്ട ഒരു ഗുണമാണിത്. ഓരോരുത്തരും അവനവനിലേക്ക് ചുരുങ്ങുന്നു. വികാരവായ്പുകളോ വിചാരങ്ങളോ എന്തിനേറെ സ്വന്തം നിലനിൽപിനെ മദിക്കുന്ന പ്രയാസങ്ങളോ പങ്കുവെക്കാൻ കഴിയാതെ മാനസിക സമ്മർദവും പിരിമുറുക്കവും സമൂഹത്തെ വരിഞ്ഞു മുറുക്കുന്നു. മുഴുവൻ ബന്ധങ്ങളും ദുർബലമാകുമ്പോൾ മനുഷ്യന്റെ മാനസിക നില തെറ്റിയില്ലെങ്കില്ലേ അത്ഭുതമുള്ളൂ. ലോകത്തിന്റെ വിവിധ ദിക്കുകളിൽ കഴിയുന്ന ഒരിക്കൽ പോലും നേരിൽ കാണാത്തവരുമായി മണിക്കൂറുകളോളം ചാറ്റ് ചെയ്യാൻ സമയം കണ്ടെത്തുന്ന മനുഷ്യൻ തൊട്ടടുത്ത് നിൽക്കുന്നവരുമായി സൗഹൃദം നിലനിർത്തുന്നതിനുള്ള യാതൊരു ക്രിയാത്മക നടപടികളും കൈക്കൊള്ളുന്നില്ല എന്നതാണ് സമകാലിക ലോകത്ത് നാം കാണുന്നത്. 

ലഹരി
വിഷാദരോഗം കഴിഞ്ഞാൽ ആത്മഹത്യയ്ക്ക് വഴിവെക്കുന്ന പ്രധാന ഘടകം ലഹരി വസ്തുക്കളുടെ ദുരുപയോഗമാണ്. പുരോഗതിയിൽ നിന്നും പുരോഗതിയിലേക്ക് കുതിക്കുന്ന മനുഷ്യന്റെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായി ലഹരി ഉപഭോഗം മാറിയിരിക്കുന്നു. സാമൂഹികവും സാമ്പത്തികവും മാനസികവും കുടുംബപരവുമായ നിരവധി സംഘർഷങ്ങൾക്കാണ് ലഹരി ഉപഭോഗം കാരണമാകുന്നത്. 
എല്ലാ ലഹരി പദാർഥങ്ങളും ആത്മഹത്യക്ക് കാരണമാകാമെന്നാണ് ഗവേഷകർ കരുതുന്നത്. കൊക്കൈൻ, മെത്താംഫിറ്റമിൻ എന്നിവയുടെ ദുരുപയോഗവും ആത്മഹത്യയുമായി ശക്തമായ ബന്ധമുണ്ടെന്ന് ഇവ്വിഷയകമായി നടന്ന പഠനങ്ങളിൽ കാണുന്നു. കൊക്കൈൻ ഉപയോഗിക്കുന്നവരിൽ ആത്മഹത്യാ സാധ്യത ഏറ്റവും കൂടുതലുള്ളത് മരുന്ന് ലഭ്യമല്ലാത്ത അവസ്ഥയിലാണത്രേ (വിത്‌ഡ്രോവൽ ഫേസ്). ശ്വസിക്കുന്ന തരം ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരും ആത്മഹത്യ ചെയ്യാൻ ഉയർന്ന സാധ്യതയുള്ളവരാണ്. ഇത്തരക്കാരിൽ 65% ആത്മഹത്യയെപ്പറ്റി ചിന്തിക്കുകയും 20% ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്യാറുണ്ടെന്ന് അമേരിക്കൻ ഐക്യനാടുകളിൽ നിന്നുള്ള ചില റിപ്പോർട്ടുകളിൽ കാണുന്നു. 
ചൂതാട്ടത്തിനോടുള്ള ആസക്തി ആത്മഹത്യാ ശ്രമം നടത്താനുള്ള സാധ്യതയും വർധിപ്പിക്കുന്നുവെന്നാണ് മറ്റൊരു നിരീക്ഷണം. ഇത്തരക്കാരിൽ ആത്മഹത്യയെപ്പറ്റിയുള്ള ചിന്തയും കൂടുതലായി കാണപ്പെടുന്നു. ചൂതാട്ടത്തോട് അത്യാസക്തിയുള്ളവരിൽ 12 മുതൽ 24% വരെ പേരെങ്കിലും ആത്മഹത്യയ്ക്ക് ശ്രമിക്കാറുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. 
 ഉപഭോഗ സംസ്‌കാരം അടക്കി വാഴുന്ന സമൂഹത്തിൽ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പെടാപ്പാടു പെടുന്നതിന് ഇടയിൽ മാനസിക സമ്മർദവും പിരിമുറുക്കവും അനുഭവിക്കാത്തവർ ചുരുക്കമാണ്. പുറമേ ചിരിക്കുമ്പോഴും പലരുടേയും ഉള്ളിൽ സംഘർഷത്തിന്റെ കനലെരിയുന്നു. അറ്റമില്ലാത്ത ആഗ്രഹങ്ങളും സഫലമാകാത്ത മോഹങ്ങളും പേറിയുള്ള ഓട്ടമാണ് പലപ്പോഴും സംഘർഷങ്ങളുടെ പ്രധാന കാരണം. ഭോഗാസക്തിയുടെ ലോകത്താണ് നാം കഴിയുന്നത്. ശരീര കാമനകളുടെ കേളികൊട്ടുകൾ ജീവിതത്തെ തന്നെ ശരീര കേന്ദ്രീകൃതമാക്കിയിരിക്കുന്നു. പ്രലോഭനങ്ങളും സാഹചര്യങ്ങളും അധാർമികതയുടെ ചളിക്കുണ്ടിലേക്കാണ് സമൂഹത്തെ നയിക്കുന്നത്. ഇവിടെ പ്രായവ്യത്യാസമില്ല. മാനസികാരോഗ്യവും പ്രാധാന്യവും പാടെ വിസ്മരിക്കപ്പെടുമ്പോൾ ഭീകരമായ പ്രത്യാഘാതങ്ങൾക്കാണ് വഴിയൊരുങ്ങുന്നത്. 
മനുഷ്യർക്ക് ഒത്തുകൂടാനും വികാര വിചാരങ്ങൾ പങ്കുവെക്കുവാനും വേദികൾ വേണം. സുഖദുഃഖങ്ങൾ പങ്കുവെക്കുന്ന കൂട്ടായ്മകളിലൂടെ പരസ്പരം ബന്ധങ്ങൾ ശക്തമാവുകയും സംഘർഷങ്ങൾ ലഘൂകരിക്കപ്പെടുകയും ചെയ്യും. മാനസികാരോഗ്യം മെച്ചപ്പെടുവാനും സമൂഹത്തിന്റെ സമഗ്ര പുരോഗതിയിലേക്കുമാണ് ഇത് നയിക്കുക. 

Latest News