Sorry, you need to enable JavaScript to visit this website.

ചെന്നൈ-ബംഗളൂരു വ്യവസായ ഇടനാഴി  കൊച്ചിയിലേക്ക് ദീർഘിപ്പിക്കും


തിരുവനന്തപുരം - ചെന്നൈ-ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂരിലേക്കും അവിടെ നിന്ന് കൊച്ചിയിലേക്കും ദീർഘിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. 
സംസ്ഥാന സർക്കാരിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഫലമാണിത്. ദേശീയ വ്യവസായ ഇടനാഴിയുടെ ഭാഗമായി കോയമ്പത്തൂർ-കൊച്ചി വ്യവസായ ഇടനാഴി വികസിപ്പിക്കാൻ തീരുമാനിച്ചതായി നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്‌മെന്റ് ആന്റ് ഇംപ്ലിമെന്റേഷൻ ട്രസ്റ്റ് (നിക്ഡിറ്റ്) സംസ്ഥാന സർക്കാരിനെ അറിയിച്ചു. 
ദേശീയ വ്യവസായ ഇടനാഴിയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടനാഴികൾ പ്രഖ്യാപിച്ചപ്പോഴും കേരളം ഒഴിവാക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ നിരന്തരം സമ്മർദം ചെലുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാരുമായി പലതവണ ബന്ധപ്പെട്ടിരുന്നു. 
കോയമ്പത്തൂർ-കൊച്ചി ഇടനാഴിയുടെ ഭാഗമായി വികസിപ്പിക്കപ്പെടുന്ന രണ്ട് സംയോജിത നിർമാണ ക്ലസ്റ്ററുകളിൽ (ഐ.എം.സി) ഒന്ന് കേരളത്തിലെ പാലക്കാട് മേഖലയിലായിരിക്കും. മറ്റൊന്ന് തമിഴ്‌നാട്ടിലെ സേലത്തും. വ്യവസായങ്ങൾക്കുള്ള അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി നിക്ഷേപം ആകർഷിക്കാൻ കേന്ദ്ര സർക്കാർ നേരത്തെ നടപ്പാക്കിയ സ്‌പെഷ്യൽ ഇക്കണോമിക് സോണിന്റെ അടുത്ത ഘട്ടമായാണ് ഐ.എം.സി കണക്കാക്കപ്പെടുന്നത്. 
ഐ.എം.സി സ്ഥാപിക്കുന്നതിന് 2000 മുതൽ 5000 ഏക്കർ വരെ സ്ഥലം വേണമെന്ന് നിക്ഡിറ്റ് നിഷ്‌കർഷിച്ചിരുന്നു. എന്നാൽ കേരളത്തിൽ ഭൂമി ലഭിക്കാനുള്ള പ്രയാസം കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തിയ സാഹചര്യത്തിൽ 1800 ഏക്കർ ആയി അത് കുറച്ചു. 1800 ഏക്കർ ഭൂമി പാലക്കാട്, കണ്ണമ്പ്ര, ഉഴലപ്പതി, പുതുശ്ശേരി എന്നിവിടങ്ങളിലായി സർക്കാർ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഒരു ഭാഗം ഇപ്പോൾ തന്നെ കിൻഫ്രയുടെ കൈവശത്തിലുള്ളതാണ്. ബാക്കി ഭൂമി ഏറ്റെടുക്കാൻ നോട്ടീസ് നൽകിയിട്ടുമുണ്ട്. 
സംസ്ഥാനവും കേന്ദ്രവും സംയുക്തമായി രൂപീകരിക്കുന്ന പ്രത്യേക ഉദ്ദേശ്യ കമ്പനിക്കായിരിക്കും (എസ്.പി.വി) ഐ.എം.സിയുടെ നടത്തിപ്പും നിയന്ത്രണവും. ഭൂമിയുടെ വിലയായിരിക്കും കമ്പനിയിൽ സംസ്ഥാനത്തിന്റെ ഓഹരി. വ്യവസായങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ഈ സ്ഥലം കേന്ദ്ര സർക്കാർ വികസിപ്പിക്കും. 870 കോടി രൂപ ഈ ഇനത്തിൽ കേന്ദ്ര സർക്കാർ ചെലവഴിക്കും. 
കൊച്ചി-സേലം ദേശീയപാതയുടെ രണ്ടു വശങ്ങളിലായി 100 കിലോമീറ്റർ നീളത്തിലായിരിക്കും കേരളത്തിന്റെ സംയോജിത നിർമാണ ക്ലസ്റ്റർ വരുന്നത്. ഇലക്‌ട്രോണിക്‌സ്, ഭക്ഷ്യ സംസ്‌കരണം, കൃഷിയധിഷ്ഠിത വ്യവസായങ്ങൾ, ഐ.ടി, പരമ്പരാഗത വ്യവസായങ്ങൾ എന്നിവ ഉൾപ്പെടുന്ന ബഹു ഉൽപന്ന ക്ലസ്റ്ററാണ് കേരളത്തിൽ വികസിപ്പിക്കപ്പെടുക. ഇതുവഴി പതിനായിരം പേർക്ക് നേരിട്ട് ജോലി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഐ.എം.സിയിൽ സ്വകാര്യ മേഖലയിൽ നിന്ന് പതിനായിരം കോടി രൂപയുടെ നിക്ഷപമാണ് പ്രതീക്ഷിക്കുന്നത്. 
നിർദിഷ്ട ഐ.എം.സി കൊച്ചി തുറമുഖവുമായി അടുത്തു കിടക്കുന്നതു കൊണ്ട് പാലക്കാട്-കൊച്ചി മേഖലയിൽ ഐ.എം.സിക്ക് പുറത്തും ഒരുപാട് വ്യവസായങ്ങൾ വരാൻ സാധ്യതയുണ്ടെന്ന് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.ഇളങ്കോവൻ പറഞ്ഞു. ലോജിസ്റ്റിക്‌സ് പാർക്ക്, വേർഹൗസ്, കോൾഡ് സ്റ്റോറേജ് മുതലായ വ്യവസായങ്ങൾക്കാണ് കൂടുതൽ സാധ്യതയുള്ളത്. 
കേന്ദ്ര സർക്കാരിനു മുമ്പിൽ അവതരിപ്പിക്കാനുള്ള കേരളത്തിന്റെ പദ്ധതി തയാറാക്കിയത് അന്താരാഷ്ട്ര തലത്തിൽ പ്രസിദ്ധമായ ഏണസ്റ്റ് ആന്റ് യംഗ് എന്ന കൺസൾട്ടന്റാണ്. തമിഴ്‌നാട്ടിലെ ഹൊസൂർ വഴിയാണ് നിർദിഷ്ട ഇടനാഴി ബംഗളൂരുവുമായി ബന്ധിപ്പിക്കുന്നത്. 

 

Latest News