Sorry, you need to enable JavaScript to visit this website.

അന്താരാഷ്ട്ര ഫിലിം അവാർഡ് നിറവിൽ മലയാളി വിദ്യാർഥി

വാസിം അലിയാർ

അന്താരാഷ്ട്ര ഫിലിം അവാർഡിന്റെ നിറവിലാണ് വാസിം അലിയാർ എന്ന മലയാളി വിദ്യാർഥി. കാനഡയിൽ സിനിമാ മേഖലയിൽ ഉന്നത വിദ്യാഭ്യാസം നടത്തുന്ന വാസിം പഠനാവശ്യാർഥം കോളേജിന് വേണ്ടി നിർമിച്ച 'ദി ലാസ്റ്റ് ഓഫ് ദി റൊമാന്റിക്‌സ്' എന്ന ചിത്രമാണ് നോർത്ത് ഓഫ് സുപ്പീരിയർ ഫിലിം അസോസിയേഷന്റെ ഡേവിഡ് ബ്രൗൺ അവാർഡ് നേടിയത്. ലണ്ടനിലെ പൈൻ വുഡ് സ്റ്റുഡിയോ നവാഗത സംവിധായകർക്ക് വേണ്ടി നടത്തുന്ന ഫെസ്റ്റിവെലിൽ ഈ ചിത്രം ഫൈനലിലേക്കും ഇറ്റലിയിലെ സെഫലു ഫിലിം ഫെസ്റ്റിവലിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 
എൽ.കെ.ജി മുതൽ ആറാം ക്ലാസ് വരെ ദമാം ഇന്ത്യൻ എംബസി സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. പിന്നീട് ഭരണങ്ങാനം അൽഫോൺസാ സ്‌കൂളിലും, പ്ലസ്ടു കൊച്ചി അൽ അമീൻ പബ്ലിക് സ്‌കൂളിലുമായിരുന്നു. 


2016 ലാണ് കാനഡയിൽ തണ്ടർബേ കോൺഫെഡറേഷൻ കോളേജിൽ ഡയറക്ഷൻ, എഡിറ്റിങ്, സിനിമാട്ടോഗ്രാഫി മുഖ്യ വിഷയങ്ങളായി ചലച്ചിത്ര വിദ്യാർഥിയായി ചേർന്നത്. ഡിഗ്രി പൂർത്തിയാക്കിയതും കാനഡയിൽ തന്നെ. കോളേജ് നൽകിയ ആരി അലക്‌സ കാമറ ഉൾപ്പടെയുള്ള ആധുനിക സൗകര്യങ്ങളോടു കൂടിയ ഷൂട്ടിംഗ് യൂനിറ്റുകൾ, ആത്മാർഥതയും പ്രോത്സാഹനവായ്പുമുള്ള പ്രൊഫസർമാർ, കഴിവും അഭിരുചിയുമുള്ള സഹവിദ്യാർഥികൾ ഒക്കെ തന്റെ അഭിരുചിയേയും ക്രിയാത്മകതയെയും വളർത്താൻ ഒട്ടേറെ സഹായിച്ചതായി വാസിം പറഞ്ഞു. 
ചെറുപ്രായത്തിൽ തന്നെ ഫോട്ടോഗ്രഫിയിൽ കമ്പം കയറിയ വാസിം സ്‌കൂൾ കാലയളവിൽ തന്നെ വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകളായ ഫൈനൽ കട്ട് പ്രോ, പ്രീമിയർ തുടങ്ങിയവ പഠിച്ചിരുന്നു. 
ദുബായിൽ ആർക്കിടെക്ചറൽ എൻജിനീയറായി ജോലി ചെയ്യുന്ന ഈരാറ്റുപേട്ട കാടാപുരത്ത് സലീം അലിയാരുടെ മകനാണ് വാസിം. തെക്കേക്കര നൂറാനിയയിൽ എൻ.എസ്. നൂർസലാമിന്റെ മകൾ ജിലുഫറാണ് മാതാവ്. രണ്ട് സഹോദരങ്ങളുണ്ട്. അനുജൻ നദീം സലിം കാനഡയിലെ തന്നെ സെഡ്ബറി കേംബ്രിയൻ കോളേജിൽ മൾട്ടിമീഡിയ സ്‌പെഷ്യൽ എഫക്ട്, ഗ്രാഫിക്‌സ് വിദ്യാർഥിയാണ്. ഇളയ സഹോദരൻ മിറാൻ കാക്കനാട് നൈപുണ്യ പബ്ലിക് സ്‌കൂളിൽ ആറാം ക്ലാസ് വിദ്യാർഥി. 

Latest News