Sorry, you need to enable JavaScript to visit this website.

ഇത്തിഹാദിനെ വീഴ്ത്തി ഹിലാല്‍

റിയാദ് - ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ സെമി ഫൈനലില്‍ അല്‍ഹിലാല്‍ ഖത്തറിലെ അല്‍സദ്ദുമായി ഏറ്റുമുട്ടും. സൗദി ടീമുകള്‍ തമ്മിലുള്ള വാശിയേറിയ ക്വാര്‍ട്ടര്‍ 
 ഫൈനലില്‍ അല്‍ഇത്തിഹാദിനെ 3-1 ന് അല്‍ഹിലാല്‍ തോല്‍പിച്ചു. സൗദിയിലെ തന്നെ അന്നസ്‌റിനെയാണ് അല്‍സദ്ദ് കീഴടക്കിയത്. 1991 ലെയും 2000 ലെയും ചാമ്പ്യന്മാരാണ് ഹിലാല്‍.
ഗോളൊഴിഞ്ഞ ആദ്യ പാദത്തിനു ശേഷംകിംഗ് സൗദി യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തിലെ മുന്‍തൂക്കം അല്‍ഹിലാല്‍ മുതലാക്കുകയായിരുന്നു. ആതിഥേയ കാണികളെ ഞെട്ടിച്ച് ഇത്തിഹാദാണ് ആദ്യം ഗോളടിച്ചത്. ഭാഗ്യത്തിന്റെ അകമ്പടിയോടെയായിരുന്നു ഗോള്‍. സിയാദ് അല്‍സഹാഫി കോര്‍ണര്‍ കിക്ക് ഒരു വിധം തിരിച്ചുവിട്ടത് പോസ്റ്റിനു തട്ടി വലയിലേക്ക് ഉരുണ്ടു കയറി. 
അര മണിക്കൂര്‍ അടുത്തതോടെ ഗോള്‍ മടക്കാന്‍ ഹിലാലിന് തകര്‍പ്പന്‍ അവസരം കിട്ടി. പെറു താരം ആന്ദ്രെ കാരിയോയുടെ കിടിലന്‍ ഹെഡര്‍ ഗോളി ഫവാസ് അല്‍ഖര്‍നി രക്ഷിച്ചു. എന്നാല്‍ ഇടവേളക്ക് അല്‍പം മുമ്പ് കാരിയോയുടെ രണ്ടാം ശ്രമം തടയാന്‍ ഖര്‍നിക്കു സാധിച്ചില്ല. സാലിം അല്‍ദോസരി ഇടതു വിംഗിലൂടെ കുതിച്ചാണ് ഗോളിന് വഴിയൊരുക്കിയത്. ഖര്‍നി പന്ത് തട്ടിത്തെറിപ്പിച്ചെങ്കിലും അടിയുടെ കരുത്തില്‍ ഗോളായി. 
രണ്ടാം പകുതിയില്‍ ഹിലാല്‍ കളം നിറഞ്ഞു. സാലിമിന്റെയും കാരിയോയുടെയും മിന്നുന്ന പ്രകടനത്തോടെ അവര്‍ ലീഡ് പിടിച്ചു. സാലിമിന്റെ ലോംഗ് ഡയഗണല്‍ പാസ് കാരിയൊ സമര്‍ഥമായി നിയന്ത്രിച്ച് സാലിമിനു തന്നെ തിരിച്ചു നല്‍കി. ഓടിവന്ന സാലിമിന്റെ ഹെഡര്‍ ഖര്‍നിയെ കീഴടക്കി. നാല്‍പത്തെട്ടാം മിനിറ്റിലായിരുന്നു ഗോള്‍. എഴുപത്തെട്ടാം മിനിറ്റില്‍ ഹിലാല്‍ മൂന്നാം ഗോളുമടിച്ചു. മുഹമ്മദ് കാനുവിന്റെ പാസ് സെബാസ്റ്റ്യന്‍ ജിയോവിങ്കോ തകര്‍പ്പനടിയോടെ വലയിലേക്കു പറത്തി. 

Latest News