Sorry, you need to enable JavaScript to visit this website.

ദോഹയില്‍ ഇന്ത്യന്‍ വീരഗാഥ

ദോഹ/മനാമ - ലോകകപ്പ് ആതിഥേയരും ഏഷ്യന്‍ ചാമ്പ്യന്മാരുമായ ഖത്തറിനെ ലോകകപ്പ് ഫുട്‌ബോളിന്റെ ഏഷ്യന്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യ ഗോള്‍രഹിത സമനിലയില്‍ തളച്ചു. ഖത്തറിനെ ഗോളടിക്കാതെ തളച്ചത് ഇന്ത്യക്ക് വലിയ നേട്ടമായി. ആദ്യ മത്സരത്തില്‍ ഒമാനെ വിറപ്പിച്ചു വിട്ട ശേഷം ഇന്ത്യ 1-2 ന് തോറ്റിരുന്നു. അതേസമയം ഖത്തര്‍ ആദ്യ കളിയില്‍ അഫ്ഗാനിസ്ഥാനെ 6-0 ന് തകര്‍ത്തിരുന്നു. യെമനെതിരെ രണ്ടു തവണ പിന്നിലായ ശേഷം സൗദി അറേബ്യ 2-2 സമനില പാലിച്ചു.സൗദിക്ക് ഇത് ആദ്യ മത്സരമാണ്. 
ഒമാനെതിരെ ആക്രമണം നയിച്ച സുനില്‍ ഛേത്രിയും മലയാളി താരം ആശിഖ് കുരുണിയനുമില്ലാതെയാണ് ഇന്ത്യ ഖത്തറിനെതിരെ ഇറങ്ങിയത്. സഹല്‍ അബ്ദുല്‍സമദ് ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു. ഛേത്രിയുടെ അഭാവത്തില്‍ അര്‍ഥവത്തായ നീക്കങ്ങള്‍ നടത്താന്‍ സാധിച്ചില്ലെങ്കിലും ഇന്ത്യ വീരോചിതമായി പിടിച്ചുനിന്നു. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ഖത്തര്‍ നിരന്തരം ആക്രമിച്ചെങ്കിലും ഗോളി ഗുര്‍പ്രീത് സിംഗ് സന്ധുവിനെ കീഴടക്കാനായില്ല. ഏഷ്യന്‍ കപ്പിലെ ടോപ്‌സ്‌കോറര്‍ അല്‍മുഇസ് അലിക്കും ഇന്ത്യന്‍ പ്രതിരോധം കീഴടക്കാനായില്ല. 
ബഹ്‌റൈന്‍ 1-0 ന് കംബോഡിയയെയും ഇറാന്‍ 2-0 ന് ഹോങ്കോംഗിനെയും ജപ്പാന്‍ 2-0 ന് മ്യാന്മറിനെയും യു.എ.ഇ 2-1 ന് മലേഷ്യയെയും തോല്‍പിച്ചു. ഓസ്‌ട്രേലിയ 3-0 ന് കുവൈത്തിനെ തകര്‍ത്തു. തെക്കന്‍ കൊറിയ 2-0 ന് തുര്‍ക്ക്‌മെനിസ്ഥാനെ കീഴടക്കി. ചൈനയുടെതാണ് ഏറ്റവും വലിയ വിജയം. മറുപടിയില്ലാത്ത അഞ്ചു ഗോളിന് അവര്‍ മാലദ്വീപിനെ കശക്കി. 



 

Latest News