Sorry, you need to enable JavaScript to visit this website.

റോൾ മോഡലായ കോൺസൽ  ജനറലിനെ കണ്ട നിർവൃതിയിൽ ഷഹീൻ

ജിദ്ദ-  മക്കയിൽ നടന്ന 41 ാമത് കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട ഖുർആൻ പാരായണ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത മലയാളിയായ ഷഹീൻ എടത്തനാട്ടുകര കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖിനെ സന്ദർശിച്ച് കൂടിക്കാഴ്ച നടത്തി. ഐ.എഫ്.എസ് ലക്ഷ്യവുമായി പഠനം നടത്തുന്ന ഷഹീൻ തന്റെ റോൾ മോഡലായാണ് കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖിനെ കാണുന്നത്. ലക്ഷ്യസ്ഥാനത്തെത്താനുള്ള പഠനത്തിന് സഹായകമായ നിർദേശങ്ങളും പിന്തുണയും ഷഹീന് കോൺസൽ ജനറൽ നൽകി. ഇന്ത്യൻ സ്‌കൂൾ മാനേജിംഗ് കമ്മിറ്റി മുൻ ചെയർമാൻ സലാഹ് കാരാടനുമൊത്താണ് ഷഹീൻ കോൺസൽ ജനറലിനെ കാണാനെത്തിയത്. ഹസൻകുട്ടി അരിപ്രയും ഫവാദ് കണ്ണൂരും കൂടെയുണ്ടായിരുന്നു. 
103 രാജ്യങ്ങളിൽ നിന്ന് 146 മത്സരാർഥികൾ പങ്കെടുത്ത ഖുർആൻ പാരായണ മത്സരത്തിലെ ആദ്യ റൗണ്ട് പിന്നിട്ട് ഫൈനൽ റൗണ്ടു വരെ ഷഹീൻ എത്തിയിരുന്നു. വിജയമല്ല, ലോകത്തെ ഏറ്റവും ശ്രദ്ധേയമായ മത്സരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞുവെന്നതു തന്നെ വലിയ നേട്ടമായാണ് കാണുന്നതെന്ന് ഷഹീൻ പറഞ്ഞു. 
അഞ്ചാം ക്ലാസ് വരെ ജിദ്ദയിൽ പഠിച്ച ഷഹീൻ പതിമൂന്നാം വയസ്സിൽ 18 മാസം കൊണ്ടാണ് നാട്ടിൽനിന്നു ഖുർആൻ മനഃപാഠമാക്കിയത്. ദൽഹി യൂനിവേഴ്‌സിറ്റിയിൽനിന്ന് ബിരുദ പഠനം പൂർത്തിയാക്കിയ ഷഹീൻ ഇപ്പോൾ ദൽഹി ജാമിയ മില്ലിയ സർവകലാശാലയിൽ എം.എ സോഷ്യോളജി വിദ്യാർഥിയാണ്. ജിദ്ദ ബക്്ഷ് ആശുപത്രിയിലെ മെഡിക്കൽ റെക്കോർഡ്‌സ് മാനേജറായി 27 വർഷത്തോളം സേവനമനുഷ്ഠിച്ചിരുന്ന മലപ്പുറം എടത്തനാട്ടുകര ഹംസ പാറക്കോട്ടിന്റെയും സക്കീനയുടെയും മകനാണ് ഷഹീൻ. ദമാമിലുള്ള സമീഹ് ഹംസ, ഷെറിൻ എന്നിവർ സഹോദരങ്ങളാണ്. 

Tags

Latest News