Sorry, you need to enable JavaScript to visit this website.

മലബാറിലെ ഏറ്റവും ഉയരം കൂടിയ പാലം പണി പൂർത്തിയായി

പുല്ലൂർ-പെരിയ-ബേഡടുക്ക ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആയംകടവ് പാലം.

കാസർകോട് - ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ജില്ലയുടെ സ്വപ്‌ന പദ്ധതിയായ ആയംകടവ് പാലം ഉദ്ഘാടന സജ്ജമായി. പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്തിനെയും ബേഡടുക്ക ഗ്രാമ പഞ്ചായത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ആയംകടവ് പാലം. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 14 കോടി ചെലവിലാണ് പാലം നിർമിച്ചിരിക്കുന്നത്. മലബാറിലെ തന്നെ ഏറ്റവും ഉയരം കൂടിയ പാലമാണിത്. പാലം യാഥാർഥ്യമാകുന്നതോടെ ജനങ്ങളുടെ ഏറെ നാളത്തെ യാത്രാ ദുരിതം അവസാനിക്കുകയാണ്. 
പെർളടക്കത്തിലെ വാവടുക്കം പുഴക്ക് കുറുകെയാണ് ഈ പാലം നിർമിക്കുന്നത്. നാല് തൂണുകളിലായി 25.32 മീറ്റർ നീളത്തിലാണ് പാലം നിർമിച്ചത്. 11.5 മീറ്റർ വീതിയുള്ള പാലത്തിന്റെ ഇരു വശങ്ങളിലുമായി നടപ്പാതയും ഒരുക്കിയിട്ടുണ്ട്. പ്രഭാകരൻ കമ്മീഷനിലും ഉൾപ്പെട്ട ആയംകടവ് പാലത്തിന്റെ പ്രാധാന്യം അധികാരികൾക്ക് മനസ്സിലാക്കി കൊടുക്കാൻ കെ.കുഞ്ഞിരാമൻ എം.എൽ.എ ഏറെ പ്രയത്നിച്ചിരുന്നു. 
ജില്ലാ കലക്ടർ ഡോ. ഡി.സജിത് ബാബുവിന്റെ പ്രത്യേക താൽപര്യത്തിന്റെ അടിസ്ഥാനത്തിൽ പാലത്തിന്റെ അടിഭാഗത്തായി ഡി.ടി.പി.സിയുടെ സഹായത്തോടെ പുഴയുടെ സൗന്ദര്യം ആസ്വദിക്കാനുതകുന്ന ഒരു ടൂറിസ്റ്റ് സെന്ററിന്റെ നിർമാണവും പുരോഗമിക്കുകയാണ്. ബേഡടുക്ക ഗ്രാമപഞ്ചായത്തിൽ നിന്നും ഒരു യാത്രക്കാരന് പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്തിൽ എത്താൻ കരിച്ചേരിയിലൂടെ പൊയിനാച്ചി വഴി ചുറ്റിവളഞ്ഞ് ചുരുങ്ങിയത് ഒന്നര മണിക്കൂറെങ്കിലും സമയം എടുക്കും. പിന്നീട് മൂന്നാംകടവ് പാലം വന്നപ്പോഴാണ്  ഇത്തിരിയെങ്കിലും ദൂരം കുറഞ്ഞത് കിട്ടിയത്. ആയംകടവ് പാലം യാഥാർഥ്യമാകുന്നതോടെ വീണ്ടും ദൂരം കുറഞ്ഞ് കിട്ടി. ബേഡടുക്ക ഗ്രാമ പഞ്ചായത്തിൽ നിന്നു  പെരിയ ഗവ. പോളിടെക്നിക്ക്, പെരിയ ഗവ. ഹയർ സെക്കന്ററി സ്‌കൂൾ, നവോദയ സ്‌കൂൾ, സെൻട്രൽ യൂനിവേഴ്സിറ്റി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ദിവസേന നിരവധി വിദ്യാർഥികളാണ് എത്തുന്നത്. ആയംകടവ് പാലം ഈ വിദ്യാർഥികൾക്ക് ഒരു അനുഗ്രഹമാവും. ജീവനക്കാർ ഉൾപ്പെടെയുള്ള യാത്രക്കാർ മഴക്കാലത്ത് ഏറെ ബുദ്ധിമുട്ടിയിരുന്നു. അരലക്ഷത്തോളം പേർക്ക് ഈ പാലം ഉപകരിക്കും. കെ.കുഞ്ഞിരാമൻ എം.എൽ.എ, ജില്ലാ കലക്ടർ ഡോ. ഡി.സജിത് ബാബു, കാസർകോട് വികസന പാക്കേജ് സ്പെഷ്യൽ ഓഫീസർ ഇ.പി രാജ്‌മോഹൻ, പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയർ വിനോദ് കുമാർ, ബേഡടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.രാമചന്ദ്രൻ, പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ്.നായർ എന്നിവർ പൂർത്തിയായ പാലം കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. പാലം ഉദ്ഘാടന സജ്ജമായതോടെ യാത്രാ ദുരിതത്തിന് അറുതി വന്ന സമാധാനത്തിലാണ് നാട്ടുകാർ.


 

Latest News