Sorry, you need to enable JavaScript to visit this website.

ലജ്ജയോടെ തല താഴ്ത്താം; ശ്‌മശാനത്തിലേക്കുള്ള വഴി മേൽജാതിക്കാർ അടച്ചു, ദളിതന്റെ മൃതദേഹം പാലത്തിൽ നിന്നും കയറിൽ കെട്ടിയിറക്കി സംസ്‌കരിച്ചു

ചെന്നൈ- ഇന്ത്യയിൽ ഇപ്പോഴും അയിത്തം നില നിൽക്കുന്നുവെന്നത് വ്യക്തമാക്കി തമിഴ്‌നാട്ടിൽ നിന്നും റിപ്പോർട്ട്. അയിത്തം കാരണം സവർണ്ണൻ കീഴ്‌ജാതിക്കാരന്റെ ശ്‌മശാനത്തിലേക്കുള്ള വഴി അടച്ചതിനെത്തുടർന്നു മൃതദേഹം കൊണ്ട് പോകാൻ വഴിയില്ലാതെ ബുദ്ധിമുട്ടിയ കുടുംബത്തിന് നേരിടേണ്ടി വന്നത് അതി സാഹസികമായ രംഗം. തമിഴ്‌നാട്ടിലെ വെല്ലൂര്‍ വാണിയംപാടിയില്‍ നിന്നാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ദളിതനായ മധ്യവയസ്‌കന്റെ മൃതദേഹം പാലത്തില്‍ നിന്ന് കയര്‍ കെട്ടി താഴേക്കിറക്കിയാണ് സംസ്‌കരിക്കേണ്ടി വന്നത്. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ഓഗസ്റ്റ് 17 അരങ്ങേറിയ സംഭവം ഇപ്പോഴാണ് പുറത്തറിയുന്നത്. മൃതദേഹം കെട്ടിയിറക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. ആടി ദ്രാവിഡര്‍ കോളനി നിവാസികള്‍ക്കുള്ള ശ്‌മശാനത്തിലേക്കുള്ള വഴി സവര്‍ണ്ണ വിഭാഗത്തില്‍പ്പെട്ടവര്‍ അടച്ചതോടെയാണ് കീഴ്‌ജാതിക്കാരന് ദയനീയ രംഗം നേരിടേണ്ടി വന്നത്. ഇവിടേക്കുള്ള വഴി മേല്‍ജാതിയില്‍പ്പെട്ട ഒരാളുടെ സ്ഥലത്തുകൂടിയായതിനാല്‍ ഇയാള്‍ മൃതദേഹം കൊണ്ടുപോകുന്നത് വിലക്കുകയായിരുന്നു.
      സംഭവം പുറത്തറിഞ്ഞതോടെ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്ന് തിരുപത്തൂര്‍ സബ് കളക്ടര്‍ പ്രിയങ്ക പങ്കജം വ്യക്തമാക്കി. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ജില്ലാ ഭരണകൂടം വിവരമറിയുന്നതെന്നും അവര്‍ പറഞ്ഞു. മഴയെ തുടര്‍ന്ന് നാരായണപുരം വാണിയമ്പാടിയിലെ ആടി ദ്രാവിഡര്‍ കോളനിക്കാരുടെ ശ്‌മശാനം പ്രവര്‍ത്തിച്ചിരുന്നില്ല. ഇതിനിടെയാണ് റോഡപകടത്തില്‍ മരിച്ച 55-കാരനായ കുപ്പന്റെ മൃതദേഹവുമായി വെല്ലൂര്‍ പാലര്‍ നദിക്കരയിലെ ശ്‌മശാനത്തിലേക്ക് നിവാസികളും ബന്ധുക്കളുമെത്തിയത്. 
       എന്നാൽ, മൃതദേഹവുമായി എത്തിയവരെ വെല്ലല ഗൗണ്ടര്‍വാണിയാര്‍ വിഭാഗത്തില്‍പെട്ടവര്‍ തടയുകയായിരുന്നു. തങ്ങളുടെ കൃഷിഭൂമിയിലൂടെ താഴ്ന്ന ജാതിക്കാരുടെ മൃതദേഹം കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് തടഞ്ഞത്. തുടർന്ന് നദിക്കരയിലെ ശ്‌മശാന ഭൂമിയിലേക്ക് 20 അടിയോളം ഉയരമുള്ള പാലത്തില്‍ നിന്ന് മൃതദേഹം കെട്ടിയിറക്കിയാണ് സംസ്‌കാരം നടത്തിയത്. ഇതാദ്യമായല്ല മൃതദേഹം കെട്ടിയിറക്കേണ്ടിവന്നിട്ടുള്ളതെന്നും സമീപത്തെ ഹിന്ദു വെല്ലല ഗൗണ്ടര്‍- വാണിയാര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ ശ്‌മശാനത്തിലേക്കുള്ള വഴി അടച്ചുകെട്ടി ദ്രോഹിക്കുന്നത് പതിവാണെന്നും കോളനിവാസികള്‍ പറഞ്ഞതായി പൊലീസിനെ ഉദ്ദരിച്ച് ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നാല് തവണ ഇത് പോലെ മൃതദേഹങ്ങള്‍ കയറുകെട്ടിയിറക്കിട്ടുണ്ടെന്ന് ഇവര്‍ പറഞ്ഞു. ഇവര്‍ക്കിടയില്‍ സാധാരണ മരണങ്ങള്‍ സംഭവിക്കുമ്പോള്‍ വിവിധ സ്ഥലങ്ങളിലാണ് മൃതദേഹങ്ങള്‍ സംസ്‌കരിക്കുക. എന്നാല്‍ വാഹനാപകടമോ മറ്റേതെങ്കിലും തരത്തിലുള്ള അപകടത്താലുള്ള മരണമോ സംഭവിക്കുമ്പോള്‍ അവര്‍ ഈ ശ്മശാനമാണ് ഉപയോഗിക്കാറ്. 

Tags

Latest News