Sorry, you need to enable JavaScript to visit this website.

മുത്തലാഖ് നിയമത്തിന്റെ നേട്ടം മുസ്‌ലിം സ്ത്രീകൾക്ക് മാത്രം -അമിത് ഷാ

നിയമം വൈകാൻ കാരണം പ്രീണന രാഷ്ട്രീയം
ന്യൂദൽഹി- പ്രീണന രാഷ്ട്രീയമാണ് മുത്തലാഖ് എന്ന തിന്മ ദീർഘകാലത്തോളം തുടരാൻ കാരണമായതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രീണനം തന്നെയാണ് വിഭജനത്തിനും കാരണമായതെന്നും മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയതിലൂടെ സ്ത്രീ പുരുഷ സമത്വമാണ് കൈവരിച്ചിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. 
മുത്തലാഖ് നിയമത്തെ ബി.ജെ.പി സർക്കാരിന്റെ മുസ്‌ലിം വിരുദ്ധ നടപടിയായി ചിലർ ആരോപിക്കുന്നുണ്ട്. എന്നാൽ ഈ നിയമം മുസ്‌ലിം സ്ത്രീകൾക്ക് മാത്രമാണ് നേട്ടമുണ്ടാക്കുന്നതെന്നും ഹിന്ദുക്കൾക്കോ ജൈനർക്കോ ക്രൈസ്തവർക്കോ അല്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ നിയമം മറ്റു സമുദായക്കാർക്ക് ബാധകമല്ലന്നാണ് മന്ത്രി വ്യക്തമാക്കിയത്. ഈ സമ്പ്രദായത്തിന്റെ ഇരകൾ മുസ്‌ലിംകൾ മാത്രമായിരുന്നുവെന്നാണ് വിശദീകരണം. 
അവകാശങ്ങൾ നിഷേധിക്കപ്പെട്ട മുസ്‌ലിം സ്ത്രീകളുടെ പേടിസ്വപ്‌നമായിരുന്നു ഇത്. മുത്തലാഖ് വിരുദ്ധ നിയമത്തെ ഇപ്പോഴും എതിർക്കാൻ കോൺഗ്രസിന് നാണമില്ലേ എന്ന് ബി.ജെ.പി പ്രസിഡന്റ് കൂടിയായ അമിത് ഷാ ചോദിച്ചു. കോൺഗ്രസ് പ്രീണന രാഷ്ട്രീയം തുടർന്നതു കൊണ്ടാണ് മുത്തലാഖ് എന്ന തിന്മ ഇല്ലാതാക്കാൻ ദശാബ്ദങ്ങളെടുത്തതെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ശാബാനു കേസിൽ സുപ്രീംകോടതി ഉത്തരവ് മറികടക്കാൻ രാജീവ് ഗാന്ധി നിയമം കൊണ്ടുവന്ന ദിവസം പാർലമെന്റിന്റെ ചരിത്രത്തിലെ കറുത്ത ദിനമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. 
മുത്തലാഖിനെ എതിർക്കുന്നവർക്കും അനുകൂലിക്കുന്നവർക്കും അതൊരു മോശം സമ്പ്രദായമാണെന്ന് അറിയാം. വോട്ട് ബാങ്ക് രാഷ്ട്രീയത്തിലൂടെ അധികാരത്തിൽ എത്താൻ ശ്രമിക്കുന്ന പാർട്ടികൾ നിലവിലുള്ളതിനാലാണ് ഇത്തരം സമ്പ്രദായങ്ങൾ തുടരാൻ കാരണമെന്നും അമിത് ഷാ കുറ്റപ്പെടുത്തി. രാജ്യത്ത് വികസനത്തിനും സാമൂഹിക സൗഹാർദത്തിനും പ്രീണന രാഷ്ട്രീയമാണ് മുഖ്യ തടസ്സം. അധികാര ദാഹം കാരണമാണ് പ്രീണന രാഷ്ട്രീയത്തെ വാരിപ്പുണരുന്നത്. അവർക്ക് മുസ്‌ലിം സ്ത്രീകളെ കുറിച്ചല്ല, മറിച്ച് മുസ്‌ലിം വോട്ട് ബാങ്കിനെ കുറിച്ച് മാത്രമാണ് ആശങ്കയുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമൂഹിക ഉന്നമനമാണ് നിങ്ങൾ ലക്ഷ്യമിടുന്നതെങ്കിൽ അതിന് കഠിനാധ്വാനം ആവശ്യമാണ്. 2014 ൽ പ്രധാനമന്ത്രി നരന്ദ്ര മോഡി തെരഞ്ഞെടുക്കപ്പെട്ടത് പ്രീണന രാഷ്ട്രീയത്തിന് അന്ത്യം കുറിക്കുന്നതിന്റെ തുടക്കമായിരുന്നു. 2019 ലെ ജനവിധിയോടെ പ്രീണന രാഷ്ട്രീയത്തിന്റെ അവസാനം കുറിച്ചു -അമിത് ഷാ പറഞ്ഞു. 
മുത്തലാഖ് ഇസ്‌ലാമിക സംസ്‌കാരത്തിന്റെ ഭാഗമാണെങ്കിൽ എന്തു കൊണ്ട് നിരവധി മുസ്‌ലിം രാജ്യങ്ങൾ അത് നിരോധിച്ചുവെന്ന് അദ്ദേഹം ചോദിച്ചു. മുത്തലാഖ് ഇസ്‌ലാമിന്റെ ഭാഗമോ ഇസ്‌ലാം അതിനെ പിന്തുണക്കുന്നോ ഇല്ല. 1922 നും 1963 നും ഇടയിൽ 19 രാജ്യങ്ങളാണ് മുത്തലാഖ് നിർത്തിയത്. മോഡി സർക്കാർ ഇത് നിർമാർജനം ചെയ്തതിലൂടെ മുസ്‌ലിം സ്ത്രീകൾക്ക് അന്തസ്സോടെയും സമത്വത്തോടെയും ജീവിക്കാനുള്ള അവകാശമാണ് ലഭിച്ചത്. സിവിൽ കാര്യമായ ഇതിനെ എന്തിനു ക്രിമിനൽ വൽക്കരിച്ചുവെന്നാണ് ചിലർ ചോദിക്കുന്നത്. ഹിന്ദു വിധവകൾ ആത്മാഹുതി ചെയ്യുന്ന സതി നിരോധിച്ചപ്പോൾ ആരും അതിനെ എതിർത്തില്ല. ശൈശവ വിവാഹം നിരോധിച്ചോഴും ആരും എതിർത്തില്ല. ശൈശവ വിവാഹ നിയമത്തിൽ രണ്ട് വർഷത്തെ ജയിൽ ശിക്ഷയുണ്ട്. സ്ത്രീധന പീഡന കേസിലും രണ്ടു വർഷത്തെ ജയിൽ ശിക്ഷയുണ്ട്. ജനങ്ങളെ ബോധവൽക്കരിക്കാനാണ് മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയത്. ആളുകളിൽ ഭീതി ജനിപ്പിക്കാനാണ് ജയിൽ ശിക്ഷ. മുത്തലാഖ് ചൊല്ലിയാൽ ജയിലിൽ പോകേണ്ടി വരുമെന്ന ഭീതി -അമിത് ഷാ വിശദീകരിച്ചു.  നേരത്തെ മുത്തലാഖിൽ സ്ത്രീകൾക്ക് ചെലവിന് ലഭിക്കാൻ വ്യവസ്ഥ ഉണ്ടായിരുന്നില്ല. ഇപ്പോൾ അതു കൂടി ഉൾപ്പെടുത്തി. ദീർഘകാലം ഈ തിന്മ തുടർന്നതിന് മുസ്‌ലിം സ്ത്രീകളിൽനിന്ന് മാപ്പ് ചോദിക്കുകയാണെന്നും സാമൂഹിക സുരക്ഷ ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
 

Tags

Latest News