Sorry, you need to enable JavaScript to visit this website.

ലാബുഷെയ്ന്‍ ആദ്യ പകരക്കാരന്‍

ലണ്ടന്‍ - മാര്‍നസ് ലാബുഷെയ്ന്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ആദ്യത്തെ പകരക്കാരനായി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ കഴുത്തിന് പന്ത് കൊണ്ട് വീണ സ്റ്റീവ് സ്മിത്തിന് പകരക്കാരനായാണ് ലാബുഷെയന്‍ ഓസ്‌ട്രേലിയന്‍ ടീമിലെത്തിയത്. പ്രഹരപരിശോധനയില്‍ പരാജയപ്പെട്ട സ്മിത്തിനെ അവസാന ദിനം കളിക്കുന്നതില്‍ നിന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കി. നാലാം ദിനം ജോഫ്ര ആര്‍ച്ചറുടെ പന്ത് കൊണ്ടാണ് സ്മിത്ത് വീണത്. അപ്പോള്‍ 80 റണ്‍സില്‍ ബാറ്റ് ചെയ്യുകയായിരുന്ന സ്മിത്ത് പവിലിയനിലേക്ക് മടങ്ങുകയും 40 മിനിറ്റിനു ശേഷം പ്രഹര പരിശോധന കഴിഞ്ഞ് തിരിച്ചുവന്ന് ബാറ്റിംഗ് പുനരാരംഭിക്കുകയും ചെയ്തിരുന്നു. 92 ന് പുറത്തായി. എന്നാല്‍ ഇന്നലെ കളിയാരംഭിക്കുന്നതിന് നടന്ന രണ്ടാമത്തെ പ്രഹര പരിശോധനയില്‍ സ്ഥിതി വഷളായതായി കണ്ടെത്തി. സ്മിത്തിന് തലവേദനയും തലകറക്കവും കാഴ്ചമങ്ങിയതു പോലെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തുടര്‍ന്ന് ടീം ഡോക്ടര്‍ റിച്ചാഡ് സോയുടെ നിര്‍ദേശപ്രകാരമാണ് മത്സരത്തില്‍ നിന്ന് പിന്‍വലിച്ചത്. സ്മിത്തിനെ കൂടുതല്‍ സ്‌കാനിംഗിന് വിധേയനാക്കും. അഞ്ചു വര്‍ഷം മുമ്പ് തലക്കു പന്ത് കൊണ്ട് ഫിലിപ് ഹ്യൂസ് മരണപ്പെട്ട ശേഷം ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഹര പരിശോധന കര്‍ശനമാക്കിയിരുന്നു.  
ഇത്തരം സാഹചര്യങ്ങളില്‍ കളിക്കാരനെ കളി തുടരാന്‍ നിര്‍ബന്ധിതമാക്കുന്നത് ഒഴിവാക്കാനാണ് പകരക്കാരനെ അനുവദിക്കാന്‍ ഈയിടെ ഐ.സി.സി തീരുമാനിച്ചത്. ഈ മാസം ഒന്ന് മുതലാണ് ഈ പരിഷ്‌കാരം പ്രാബല്യത്തില്‍ വന്നത്. 

Latest News