Sorry, you need to enable JavaScript to visit this website.

മശാഇര്‍ മെട്രോ: ഹജ് ദിവസങ്ങളില്‍ 24 ലക്ഷം പേര്‍ യാത്ര ചെയ്തു

മശാഇർ മെട്രോയിൽ യാത്ര ചെയ്യുന്ന തീർഥാടകർ

മക്ക - ഹജ് ദിവസങ്ങളിൽ മശാഇർ മെട്രോ ട്രെയിനുകൾ നടത്തിയത് 2170 സർവീസുകൾ. മശാഇർ മെട്രോ പ്രവർത്തന പദ്ധതി വിജയകരമായി പൂർത്തിയായതായി സൗദി റെയിൽവേ കമ്പനി സി.ഇ.ഒ ഡോ. ബശാർ അൽമാലിക് അറിയിച്ചു. ഹജ് ദിവസങ്ങളിൽ 23,33,748 പേർ മശാഇർ മെട്രോയിൽ യാത്ര ചെയ്തു. മിനായിൽ നിന്ന് അറഫയിലേക്ക് 3,40,035 ഹജ് തീർഥാടകരാണ് മെട്രോയിൽ യാത്ര ചെയ്തത്. അറഫയിൽ നിന്ന് മുസ്ദലിഫയിലേക്ക് 3,53,434 ഹാജിമാരെയും മുസ്ദലിഫയിൽ നിന്ന് മിനായിലേക്ക് 3,77,199 തീർഥാടകരെയും മശാഇർ മെട്രോയിൽ നീക്കം ചെയ്തു. അവശേഷിക്കുന്ന ദിവസങ്ങളിൽ 12,46,422 പേർ കല്ലേറ് കർമം നിർവഹിക്കുന്നതിന് മശാഇർ മെട്രോ ട്രെയിനുകളിൽ ജംറ കോംപ്ലക്‌സിലേക്ക് യാത്ര ചെയ്തു. 
മശാഇർ മെട്രോ നടത്തിപ്പ് ചുമതല കഴിഞ്ഞ മെയ് മാസത്തിലാണ് സൗദി റെയിൽവേ കമ്പനിയെ മന്ത്രിസഭ ഏൽപിച്ചത്. ഹജ് തീർഥാടകർക്ക് സേവനം നൽകുന്നതിന് എൻജിനീയർമാരും സാങ്കേതിക വിദഗ്ധരും ഡ്രൈവർമാരും സൂപ്പർവൈസർമാരും അടക്കം 1700 ജീവനക്കാരെ സൗദി റെയിൽെേവ കമ്പനി നിയോഗിച്ചിരുന്നു. ജീവനക്കാർ പരസ്പര ഏകോപനത്തോടെ പ്രവർത്തിച്ചതാണ് മശാഇർ മെട്രോ പ്രവർത്തന പദ്ധതി വിജയകരമായി നടപ്പാക്കുന്നതിന് സഹായിച്ചത്. 
ഹജിനു മുന്നോടിയായി മശാഇർ മെട്രോയിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയിരുന്നു. ഹജിനു മുന്നോടിയായി പരീക്ഷണാർഥം ട്രെയിൻ സർവീസുകൾ നടത്തി ട്രെയിനുകളുടെയും പാതകളുടെയും സുസജ്ജത ഉറപ്പു വരുത്തുകയും ചെയ്തു. മശാഇർ മെട്രോ പദ്ധതിയിൽ 23 മോക് ഡ്രില്ലുകളും നടത്തിയിരുന്നു. മശാഇർ മെട്രോ പ്രവർത്തന പദ്ധതി വിജയകരമായി നടപ്പാക്കുന്നതിന് ഇവയെല്ലാം സഹായിച്ചതായും ഡോ. ബശാർ അൽമാലിക് പറഞ്ഞു. 


ഹജ് തീർഥാടകർക്ക് സുഗമമായ യാത്രാ സൗകര്യം ഏർപ്പെടുത്തുകയും പുണ്യസ്ഥലങ്ങളിൽ വാഹന തിരക്ക് കുറക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ മിനാ, മുസ്ദലിഫ, അറഫ എന്നിവിടങ്ങളെ ബന്ധിപ്പിച്ചാണ് മശാഇർ മെട്രോ പാതകൾ സ്ഥാപിച്ചിരിക്കുന്നത്. മശാഇർ മെട്രോ പാതയെ വിശുദ്ധ ഹറമുമായും മക്ക, ജിദ്ദ, മദീന, റാബിഗ് നഗരങ്ങളെ ബന്ധിപ്പിച്ച് പൂർത്തിയാക്കിയ ഹറമൈൻ റെയിൽവേയുമായും ബന്ധിപ്പിക്കാൻ ആലോചനയുണ്ട്. പുണ്യസ്ഥലങ്ങളിലൂടെ കൂടുതൽ മെട്രോ പാതകൾ നിർമിക്കാനും ആലോചനയുണ്ട്. 
പുണ്യസ്ഥലങ്ങളുടെ തെക്കു ഭാഗത്തു കൂടിയാണ് മെട്രോ പാത കടന്നുപോകുന്നത്. അഞ്ചു ലക്ഷം തീർഥാടകർക്ക് യാത്രാ സൗകര്യം നൽകാൻ മശാഇർ മെട്രോക്ക് ശേഷിയുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിന് മുൻ വർഷങ്ങളിൽ നാലു ലക്ഷത്തിൽ താഴെ തീർഥാടകർക്ക് മാത്രമാണ് മെട്രോയിൽ യാത്രാ സൗകര്യം ഒരുക്കിയത്. മിനായിലും അറഫയിലും മുസ്ദലിഫയിലുമായി ആകെ ഒമ്പതു സ്റ്റേഷനുകളാണ് മെട്രോയിലുള്ളത്. 
എട്ടു വർഷം മുമ്പാണ് മശാഇർ മെട്രോ പ്രവർത്തിപ്പിക്കാൻ തുടങ്ങിയത്. 700 കോടിയോളം റിയാൽ ചെലവഴിച്ച് ചൈനീസ് കമ്പനിയാണ് മശാഇർ മെട്രോ പദ്ധതി നടപ്പാക്കിയത്. 1500 തൂണുകളിലാണ് തെക്കു പാത സ്ഥാപിച്ചിരിക്കുന്നത്. 12 ബോഗികൾ വീതം അടങ്ങിയ 20 ട്രെയിനുകൾ തെക്കു പാതയിൽ സർവീസിന് ഉപയോഗിക്കുന്നുണ്ട്. ഒരു സർവീസിൽ മൂവായിരം തീർഥാടകരെ ഉൾക്കൊള്ളാൻ മശാഇർ മെട്രോക്ക് ശേഷിയുണ്ട്. ഇരുപത് കിലോമീറ്റർ നീളമുള്ള ഇരട്ടപ്പാതയിലൂടെയാണ് മെട്രോ സർവീസ് നടത്തുന്നത്. അറഫക്ക് കിഴക്ക് സ്റ്റോറേജ് ഏരിയ മുതൽ ജംറക്ക് തെക്ക് മിനാ സ്റ്റേഷൻ വരെയും തിരിച്ചുമാണ് മെട്രോ സർവീസുകൾ.

Tags

Latest News