Sorry, you need to enable JavaScript to visit this website.

സെഞ്ചുറി വീരന്‍ കോഹ്‌ലി

പോര്‍ട് ഓഫ് സ്‌പെയിന്‍ - വിരാട് കോഹ്‌ലി-ശ്രേയസ് അയ്യര്‍ കൂട്ടുകെട്ട് തുടര്‍ച്ചയായ രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തിലും ഇന്ത്യക്ക് വിജയം സമ്മാനിച്ചു. മഴ തടസ്സപ്പെടുത്തിയ മൂന്നാം ഏകദിനത്തില്‍ മുപ്പത്തഞ്ചോവറില്‍ 255 എന്ന ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 15 പന്ത് ശേഷിക്കെ ആറു വിക്കറ്റിന് ജയിച്ചു. നാല്‍പത്തിമൂന്നാം ഏകദിന സെഞ്ചുറിയോടെ കോഹ്‌ലി പുറത്താവാതെ നിന്നപ്പോള്‍ (99 പന്തില്‍ 114 നോട്ടൗട്ട്) ശ്രേയസ് അയ്യര്‍ തുടര്‍ച്ചയായ രണ്ടാമത്തെ അര്‍ധ ശതകം (41 പന്തില്‍ 65) പൂര്‍ത്തിയാക്കി. ശിഖര്‍ ധവാന്‍ (36 പന്തില്‍ 36) ഫോമിന്റെ സൂചനകള്‍ കാട്ടിയപ്പോള്‍ രോഹിത് ശര്‍മയും (6 പന്തില്‍ 10), റിഷഭ് പന്തും (0) വീണ്ടും പരാജയപ്പെട്ടു. ഇന്ത്യ 2-0 ന് പരമ്പര സ്വന്തമാക്കി. ആദ്യ മത്സരം മഴ കാരണം മുടങ്ങിയിരുന്നു. ട്വന്റി20 പരമ്പര 3-0 ന് ഇന്ത്യ തൂത്തുവാരുകയായിരുന്നു. ഇനി രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.
വെസ്റ്റിന്‍ഡീസ് ഏഴിന് 240 റണ്‍സാണ് മുപ്പത്തഞ്ചോവറില്‍ സ്‌കോര്‍ ചെയ്തത്. ഖലീല്‍ അഹ്മദിന് മൂന്നും മുഹമ്മദ് ഷാമിക്ക് രണ്ടും വിക്കറ്റ് കിട്ടി. നേരത്തെ ഏകദിന ക്രിക്കറ്റിലെ തന്റെ അവസാനത്തേതെന്നു കരുതുന്ന രാജ്യാന്തര മത്സരത്തില്‍ ക്രിസ് ഗയ്ല്‍ വെടിക്കെട്ടോടെ വിടവാങ്ങി. 41 പന്തില്‍ അഞ്ച് സിക്‌സറുകളുടെയും എട്ട് ബൗണ്ടറികളുടെയും സഹായത്തോടെ ഗയ്ല്‍ 72 റണ്‍സെടുത്തു. ഗയ്‌ലും സഹ ഓപണര്‍ എവിന്‍ ലൂയിസും നല്‍കിയ തകര്‍പ്പന്‍ തുടക്കത്തിനു ശേഷം വിന്‍ഡീസ് 22 ഓവറില്‍ രണ്ടിന് 158 ല്‍ മുന്നേറുമ്പോഴാണ് മഴ എത്തിയത്.
മുഹമ്മദ് ഷാമിയും ഭുവനേശ്വര്‍കുമാറും ഓരോ മെയ്ഡന്‍ ഓവറുകളുമായി തുടങ്ങിയ ശേഷമായിരുന്നു കളിക്ക് പെട്ടെന്ന് ചൂടുപിടിച്ചത്. ഗയ്‌ലും എവിന്‍ ലൂയിസും സിക്‌സറുകളുടെ മാലപ്പടക്കത്തിന് തിരികൊളുത്തി. പത്താം ഓവറില്‍ സ്‌കോര്‍ 100 കടന്നു. ഗയ്ല്‍ 30 പന്തില്‍ അര്‍ധ ശതകം പൂര്‍ത്തിയാക്കി. ഓപണിംഗ് കൂട്ടാളി എവിന്‍ 26 പന്തില്‍ 43 റണ്‍സെടുത്തു. ഗയ്ല്‍ അഞ്ചും എവിന്‍ മൂന്നും സിക്‌സര്‍ പായിച്ചു. ആദ്യ പത്തോവറില്‍ എട്ട് സിക്‌സര്‍ ഏകദിന ചരിത്രത്തിലാദ്യമാണ്. 
പതിനൊന്നാം ഓവറില്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹല്‍ ബൗളിംഗിനു വന്നതോടെയാണ് ഈ കൂട്ടുകെട്ട് തകര്‍ന്നത്. എവിന്‍ ലൂയിസിനെ (29 പന്തില്‍ 43) ചഹല്‍ തന്റെ ആദ്യ ഓവറില്‍ പുറത്താക്കി. അടുത്ത ഓവറില്‍ ഗയ്‌ലിനെ പെയ്‌സ്ബൗളര്‍ ഖലീല്‍ അഹ്മദിന്റെ പന്തില്‍ വിരാട് കോഹ്‌ലി ഡൈവു ചെയ്തു പിടിച്ചു. അതോടെ റണ്ണൊഴുക്ക് നിലച്ചു. ഷായ് ഹോപും (52 പന്തില്‍ 24) ഷിംറോന്‍ ഹെത്മയറും (32 പന്തില്‍ 25) സാവധാനം ഇന്നിംഗ്‌സ് പടുത്തുയര്‍ത്തുകയായിരുന്നു. 
 

Latest News