Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ ക്രിക്കറ്റ് മാനേജറെ  തിരിച്ചു വിളിച്ചു, കാരണം ഇതാണ്

ന്യൂദല്‍ഹി - ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അഡ്മിനിസ്‌ട്രേറ്റിവ് മാനേജര്‍ സുനില്‍ സുബ്രഹ്മണ്യത്തെ ബി.സി.സി.ഐ തിരിച്ചുവിളിച്ചു. വെസ്റ്റിന്‍ഡീസില്‍ നിന്ന് എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടങ്ങാനാണ് ഉത്തരവ്. ഗയാനയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയതാണ് കാരണം. ലോകകപ്പോടെ സുബ്രമണ്യത്തിന്റെ കാലാവധി അവസാനിച്ചിരുന്നു. എന്നാല്‍ പുതിയ മാനേജറെ തെരഞ്ഞെടുക്കുന്നതിനായി 45 ദിവസം കാലാവധി നീട്ടിക്കൊടുക്കുകയായിരുന്നു. ഈ മാസാവസാനം പുതുതായി സപ്പോര്‍ട് സ്റ്റാഫിനെ തെരഞ്ഞെടുക്കുമ്പോള്‍ സുബ്രമണ്യത്തിന്റെ പേര് പരിഗണിക്കില്ലെന്നാണ് സൂചന. 
കേന്ദ്ര സര്‍ക്കാരിന്റെ ജലസംരക്ഷണ പ്രചാരണത്തിനായി ഇന്ത്യന്‍ കളിക്കാരെ ഉള്‍പെടുത്തി പരസ്യചിത്രം നിര്‍മിക്കാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന് നിര്‍ദേശമുണ്ടായിരുന്നു. ഇതിനായി സുബ്രമണ്യത്തെ ബന്ധപ്പെടാനായിരുന്നു ഹൈക്കമ്മീഷന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കിട്ടിയ നിര്‍ദേശം. എന്നാല്‍ ഹൈക്കമ്മീഷനിലെ ഏറ്റവും സീനിയറായ ഉദ്യോഗസ്ഥന്‍ ബന്ധപ്പെട്ടപ്പോള്‍ നിരന്തരം സന്ദേശങ്ങള്‍ അയച്ച് തന്നെ ബുദ്ധിമുട്ടിക്കരുതെന്ന് സുബ്രമണ്യം പ്രതികരിച്ചു. ഇത് ഉദ്യോഗസ്ഥര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയും സര്‍ക്കാര്‍ വൃത്തങ്ങള്‍ കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് അധ്യക്ഷന്‍ വിനോദ് റായിയോട് നടപടി ആവശ്യപ്പെടുകയുമായിരുന്നു. ജോലിയുടെ സമ്മര്‍ദ്ദത്തില്‍ സംഭവിച്ചുപോയ പിശകാണെന്നാണ് സുബ്രമണ്യം മറുപടി നല്‍കിയത്. എന്നാല്‍ രാജ്യത്തെ പ്രതിനിധീകരിക്കുമ്പോള്‍ ഇത്തരമൊരു പിശക് സംഭവിക്കരുതെന്ന് ബി.സി.സി.ഐ നേതൃത്വം വ്യക്തമാക്കി. 

 

Latest News