Sorry, you need to enable JavaScript to visit this website.

സന്നദ്ധ പ്രവര്‍ത്തകയായി കാമുകി എത്തി; തിഹാര്‍ ജയിലില്‍ സുരക്ഷാ വീഴ്ച

ന്യൂദല്‍ഹി-തിഹാര്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന കാമുകനെ കാണാന്‍ യുവതി  സന്നദ്ധ സംഘടനാ പ്രവര്‍ത്തകയുടെ വേഷത്തിലെത്തിയത് അധികൃതരെ ഞെട്ടിച്ചു.
വ്യാജ രേഖകള്‍ കാണിച്ച് ജയില്‍ അധികൃതരെ കബളിപ്പിച്ച് അകത്തുകടന്ന യുവതി തടവുകാരനെ കണ്ടു. ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും സുരക്ഷയുള്ള ജയിലില്‍ സംഭവിച്ച വലിയ സുരക്ഷാ വീഴ്ച അധികൃതരെ ഞെട്ടിച്ചിരിക്കയാണ്. സന്നദ്ധപ്രവര്‍ത്തകയെന്ന് അവകാശപ്പെട്ട് ചൊവ്വാഴ്ചയാണ് യുവതി ജയിലിലെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട രേഖകളെല്ലാം കാണിച്ചാണ് ഇവര്‍ ജയില്‍ കോമ്പൗണ്ടില്‍ പ്രവേശിച്ചത്. ഇതിനിടെ ജയിലിലെ ഒരു ജീവനക്കാരന് തോന്നിയ സംശയമാണ് ഇവരുടെ തട്ടിപ്പ് പുറത്തറിയാന്‍ കാരണം. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഇവര്‍ നിരത്തിയ രേഖകളെല്ലാം വ്യാജമാണെന്ന് പരിശോധനയില്‍ കണ്ടെത്തി.
സുരക്ഷാ വീഴ്ച അന്വേഷിക്കാന്‍  ജയില്‍ ഡിജിപി സന്ദീപ് ഗോയല്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ജയില്‍ ഡി.ഐ.ജി രാജേഷ് ചോപ്രയുടെ നേതൃത്വത്തിലാണ് സംഘം രൂപീകരിച്ചത്. വന്‍ സുരക്ഷയുള്ള തിഹാര്‍ ജയിലില്‍ യുവതിക്ക് എങ്ങനെ എത്തിപ്പെടാനായി എന്നതാണ് സംഘം പ്രധാനമായും അന്വേഷിക്കുന്നത്. ജയില്‍ സൂപ്രണ്ടും യുവതിയും തമ്മില്‍ സൗഹൃദമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും.
യുവതിയുടെ കാമുകനും തടവുകാരനുമായ ഹേമന്ത് ഗാര്‍ഗാണ്
സന്നദ്ധ പ്രവര്‍ത്തകയുടെ വേഷമണിയാന്‍ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമി അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഉത്തംനഗര്‍ സ്വദേശിയായ ഗാര്‍ഗ് ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയാണ്. രണ്ടാം നമ്പര്‍ ജയിലിലെ സൂപ്രണ്ടിന്റെ ഓഫീസില്‍ കംപ്യൂട്ടര്‍ ഓപ്പറേറ്ററായി രണ്ട് വര്‍ഷമായി ജോലി നോക്കുന്നു. ജയില്‍ സൂപ്രണ്ട് രാം മനോഹര്‍ ഗാര്‍ഗിനെ അന്ധമായി വിശ്വിസിച്ചുവെന്നും ഇതുവഴി ഓഫീസ് കംപ്യൂട്ടര്‍ വ്യക്തിഗത ആവശ്യത്തിനായി ഗാര്‍ഗ് ഉപയോഗിച്ചതായും കരുതുന്നു. ജയിലിലെ കംപ്യൂട്ടറില്‍ നിന്ന് രഹസ്യവിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
അധോലാക രാജാവ് ഛോട്ടാ രാജനും കൊലപാതക കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന മുന്‍ എം.പി മുഹമ്മദ് ഷഹാബുദ്ദീനും ദല്‍ഹിയിലെ ഗുണ്ടാത്തലവന്‍ നീരജ് ഭവാനയും രണ്ടാം നമ്പര്‍ ജയിലിലാണുള്ളത്. ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചതെന്നും അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉത്തരവാദികള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും ജയില്‍ ഡി.ജി.പി സന്ദീപ് ഗോയല്‍ പറഞ്ഞു.

 

Latest News