Sorry, you need to enable JavaScript to visit this website.

മലയാളത്തിന്റെ കീർത്തി

തിരുവനന്തപുരം വഴുതക്കാട് വിമൻസ് കോളേജ് ജംഗ്ഷനിലെ വീട്ടിൽ ആഹ്ലാദത്തിന്റെ അലയൊലികൾ നിലയ്ക്കുന്നില്ല. ആ വീട്ടിലേയ്ക്കാണ് ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരം കടന്നുചെന്നിരിക്കുന്നത്. മറ്റാർക്കുമല്ല, പഴയകാല നടി മേനകയുടെയും നിർമാതാവ് സുരേഷ് കുമാറിന്റെയും മകൾ കീർത്തി സുരേഷിനാണ് മികച്ച നടിക്കുള്ള പോയ വർഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.
നിലയ്ക്കാത്ത ഫോൺ കോളുകൾ. മലയാളത്തിലെയും തമിഴകത്തെയും തെലുങ്കിലെയും നടീനടന്മാരും സംവിധായകരുമെല്ലാം ആശംസകൾ ചൊരിയാൻ മത്സരിക്കുകയാണ്. കൂട്ടത്തിൽ മലയാളത്തിൽനിന്നും മോഹൻലാലും മമ്മൂട്ടിയുമെല്ലാം അഭിനന്ദനമറിയിക്കുന്നു. സന്തോഷം അടക്കാനാവാതെ തുള്ളിച്ചാടുകയാണ് കീർത്തി. എല്ലാവരോടും സന്തോഷത്തോടെയും വിനയത്തോടെയും മറുപടി പറയുകയാണ് ആ കുടുംബം.


തെന്നിന്ത്യൻ നടിയായിരുന്ന സാവിത്രിയുടെ ജീവിതം പകർത്തിയ മഹാനടി എന്ന ചിത്രത്തിലൂടെയാണ് കീർത്തിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. സാവിത്രിയുടെ ബാല്യം മുതൽ മരണം വരെയുള്ള ജീവിതമാണ് ചിത്രത്തിന് ഇതിവൃത്തമായത്. സാവിത്രിയുടെ ജീവിത കഥയുടെ വ്യാപ്തി കണ്ടറിഞ്ഞ് അഭിനയിക്കാനാവുമോ എന്നു പോലും ആശങ്കപ്പെട്ടിരുന്നു. എന്നാൽ ആത്മവിശ്വാസം പകർന്നത് അമ്മയാണ്. കൂടാതെ സാവിത്രിയുടെ മകൾ ചാമുണ്ഡേശ്വരിയും കരുത്തു പകർന്നു.
തനിക്കു ലഭിച്ച ഈ അംഗീകാരം അമ്മയ്ക്ക് സമർപ്പിക്കാനാണ് കീർത്തിയുടെ ആഗ്രഹം. സിനിമയിലെത്തിയതിന്റെ മുഴുവൻ ക്രെഡിറ്റും അമ്മയ്ക്കുള്ളതാണ്. ദേശീയ പുരസ്‌കാരം നേടുകയെന്നത് അമ്മയുടെ ആഗ്രഹമായിരുന്നെന്ന് ചെറുപ്പത്തിൽ കേട്ടിരുന്നു. അത് നടക്കാതെ പോയതിലുള്ള പ്രതികാരം കൂടിയാണിതെന്നു പറയാം. എങ്കിലും അണിയറ പ്രവർത്തകരുടെയെല്ലാം കഠിന പ്രയത്‌നമാണ് സാവിത്രിയമ്മയുടെ ലോകത്തേയ്ക്ക് നയിച്ചത്. ഇവരില്ലായിരുന്നെങ്കിൽ മഹാനടി പൂർണമാകുമായിരുന്നില്ല. നിർമാതാക്കൾ, സംവിധായകൻ, സാങ്കേതിക പ്രവർത്തകർ, ദുൽഖർ സൽമാനെപ്പോലുള്ള സഹപ്രവർത്തകർ എല്ലാവരോടും അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നുവെന്നും കീർത്തി പറയുന്നു.
ചെറുപ്പം മുതലേ സിനിമാഭിനയം കീർത്തിയുടെ മനസ്സിലുണ്ടായിരുന്നു. ചെന്നൈയിലെ പഠന കാലത്തും വെക്കേഷനിൽ നാട്ടിലെത്തുമ്പോൾ അച്ഛന്റെയൊപ്പം ഷൂട്ടിംഗ് ലൊക്കേഷനിലെത്തുമായിരുന്നു. അങ്ങനെയുള്ള യാത്രകളാണ് സിനിമാഭിനയത്തോട് അടുപ്പമുണ്ടാക്കിയത്. സുരേഷ് ഗോപി നായകനായ പൈലറ്റ് എന്ന ചിത്രത്തിൽ ഒരു പാട്ടു സീനിൽ അഭിനയിച്ചുകൊണ്ടായിരുന്നു അരങ്ങേറ്റം. തുടർന്ന് കുബേരൻ എന്ന ചിത്രത്തിൽ ദിലീപിന്റെ മകളായി വേഷമിട്ടു. ആദ്യമായി നായികാവേഷം അവതരിപ്പിച്ചത് പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലിയിലായിരുന്നു. പിന്നീട് ദിലീപിന്റെ റിംഗ് മാസ്റ്ററിലും നായികയായി.
ഒമ്പതാം ക്ലാസുതൊട്ടേ കീർത്തിക്ക് സിനിമയിലേയ്ക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാൽ പഠനം പൂർത്തിക്കാനായിരുന്നു മാതാപിതാക്കളുടെ നിർദേശം. കേന്ദ്രീയ വിദ്യാലയത്തിൽനിന്നും പന്ത്രണ്ടാം ക്ലാസ് പഠനത്തിനു ശേഷം ഫാഷൻ ഡിസൈനിംഗിന് ചേർന്നു. ചെന്നൈയിലെ പേൾ അക്കാദമിയിൽനിന്നാണ് ഡിഗ്രി സമ്പാദിച്ചത്. തുടർന്ന് നാലു മാസത്തോളം സ്‌കോട്ട്‌ലൻഡിലും രണ്ടു മാസത്തോളം ലണ്ടനിലും ഇന്റേൺഷിപ്പ് ചെയ്തു. അഭിനേത്രിയായില്ലെങ്കിൽ ഫാഷൻ ഡിസൈനിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു കീർത്തിയുടെ ലക്ഷ്യം.
നാലു വർഷത്തെ കോഴ്‌സിനിടയിൽ മൂന്നാം വർഷ പഠനത്തിനിടയിലായിരുന്നു ഗീതാഞ്ജലിയിലേയ്ക്കുള്ള ക്ഷണം കീർത്തിയെ തേടിയെത്തിയത്. ആ സമയം ലണ്ടനിലായിരുന്നു. നാട്ടിലെത്തിയിരുന്നെങ്കിൽ ചിത്രീകരണം തുടങ്ങാമായിരുന്നു എന്നായിരുന്നു പ്രിയദർശൻ പറഞ്ഞത്. കീർത്തിയിലുള്ള വിശ്വാസമായിരുന്നു ഇങ്ങനെയൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്. കീർത്തിക്കും അതൊരു അത്ഭുതമായിരുന്നു. പഠനം പൂർത്തിയാക്കാനാവുമോ എന്നൊരു ഭയമുണ്ടായിരുന്നെങ്കിലും ഗീതാജ്ഞലിക്കു ശേഷം കുബേരനും പൂർത്തിയാക്കിയ ശേഷമാണ് പഠനം തുടർന്നത്. അവസാന വർഷത്തെ പ്രോജക്ട് സിനിമയുടെ ചിത്രീകരണം പൂർത്തിയായ ശേഷമാണ് കൊടുത്തത്. എങ്കിലും നല്ല നിലയിൽ വിജയം കൈവരിക്കാൻ കഴിഞ്ഞു.
ഗീതാഞ്ജലിയിൽ നിഷാന്തിന്റെ ജോഡിയായാണ് കീർത്തി വേഷമിട്ടത്. മോഹൻലാലായിരുന്നു നായകൻ. മധുവും ഇന്നസെന്റും സിദ്ദീഖും സീമയുമെല്ലാം മാറ്റുരച്ച ചിത്രത്തിൽ വേഷമിടുക എന്നത് ശരിക്കും വെല്ലുവിളിയായിരുന്നു. ഗീതയും അഞ്ജലിയുമായി ഇരട്ട വേഷത്തിലായിരുന്നു കീർത്തിയെത്തിയത്.
കീർത്തിയുടെ ആദ്യ തമിഴ് ചിത്രമായിരുന്നു 'ഇത് എന്ന മായം'. ലിസ്റ്റിൻ നിർമിച്ച് എ.എൽ. വിജയ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വിക്രം പ്രഭുവായിരുന്നു നായകൻ. ഇരുവരുടെയും കെമിസ്ട്രി ചിത്രത്തിന്റെ വിജയത്തിന് കാരണമായി. ശിവകാർത്തികേയനൊപ്പം അഭിനയിച്ച രജനി മുരുകനും തമിഴകത്ത് ഹിറ്റായിരുന്നു.


'രണ്ടിലും വ്യത്യസ്ത വേഷങ്ങളായിരുന്നു. ഇത് എന്ന മായം എന്ന ചിത്രത്തിലെ മായ വളരെ സാധാരണ വേഷമായിരുന്നു. ശാന്തപ്രകൃതിയും സൗമ്യമായി സംസാരിക്കുന്നവളുമായ ഒരു നാട്ടിൻപുറത്തുകാരി. എന്നാൽ രജനി മുരുകനിലാകട്ടെ തികച്ചും വ്യത്യസ്തമായ വേഷമായിരുന്നു. ചിത്രത്തിലെ കാർത്തികാദേവി ശക്തമായ കഥാപാത്രമായിരുന്നു. അഞ്ചാറു ദിവസം കൊണ്ടാണ് ആ കഥാപാത്രത്തെ കൈപ്പിടിയിലാക്കിയത്. മായയിൽനിന്നും പുറത്തു കടക്കാൻ കുറച്ചു ദിവസം വേണ്ടിവന്നു. ആദ്യമായിട്ടായിരുന്നു മധുരയിലെ ഒരു പെൺകുട്ടിയെ അവതരിപ്പിച്ചത്. രണ്ടാം ഷെഡ്യൂളിലെത്തിയപ്പോൾ കാര്യം എളുപ്പമായി' -കീർത്തി പറയുന്നു.
ധനുഷിനോടൊപ്പം വേഷമിട്ട തൊടാരിയിലെ സരോജവും റെമോയിൽ ശിവകാർത്തികേയനോടൊപ്പം അവതരിപ്പിച്ച ഡോ. കാവ്യയും വിജയ് നായകനായ ഭൈരവയിലെ മലർവിഴിയും ബോബി സിംഹയോടൊപ്പം വേഷമിട്ട പാമ്പുശട്ടൈയുമെല്ലാം വ്യത്യസ്ത വേഷങ്ങളായിരുന്നു.
കിഷോർ തിരുമല സംവിധാനം ചെയ്ത നേനു ശൈലജയായിരുന്നു കീർത്തിയുടെ ആദ്യ തെലുങ്കു ചിത്രം. റാം പോത്തിനേനി നായകനായ ഈ ചിത്രം റൊമാന്റിക് കോമഡിയായിരുന്നു. തുടർന്ന് നേനു ലോക്കൽ എന്ന ചിത്രത്തിലെ കീർത്തിയും അഗ്നിയാത്തവാസിയിലെ സുകുമാരിയുമെല്ലാം തെലുങ്കകത്ത് കീർത്തിയുടെ സ്ഥാനമുറപ്പിക്കുകയായിരുന്നു.
കീർത്തിക്ക് വീണ്ടും തമിഴിൽ തിരക്കേറുകയായിരുന്നു. സൂര്യയോടൊപ്പം വേഷമിട്ട താനാ സെറന്തകൂട്ടത്തിലെ മധുവും ശിവകാർത്തികേയനോടൊപ്പം വേഷമിട്ട സീമാരാജയിലെ ഭൂമിയും വിക്രമിനോടൊപ്പം വേഷമിട്ട സാമി ടുവിലെ ദിയയും വിശാലിനോടൊപ്പം അഭിനയിച്ച ശണ്ടക്കോഴി രണ്ടിലെ ചെമ്പരത്തിയും വിജയിന്റെ നായികയായി സർക്കാരിലെ നിളയുമെല്ലാം കീർത്തി തമിഴകത്ത് അനശ്വരമാക്കിയ വേഷങ്ങളായിരുന്നു.
തമിഴിലെയും തെലുങ്കിലെയും തിരക്കാണ് മലയാളത്തിൽ വേഷങ്ങൾ കുറയാൻ കാരണമെന്ന് കീർത്തി പറയുന്നു. പുതിയ വർഷത്തിൽ വീണ്ടും മലയാളത്തിലെത്തുകയാണ് ഈ അഭിനേത്രി. പ്രിയദർശൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ നായകനാകുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ വേഷമിട്ടു വരികയാണിപ്പോൾ. കൂടാതെ നരേന്ദ്രനാഥ് സംവിധാനം ചെയ്യുന്ന പേരിടാത്ത തെലുങ്കു ചിത്രത്തിലും വേഷമിടുന്നുണ്ട്. രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്യുന്ന നാഗാർജുനയുടെ മൻമഥുടു എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും പ്രത്യക്ഷപ്പെടുന്നു.
അഭിനയ ജീവിതത്തിൽ ഏറെ ഉത്തരവാദിത്തമാണ് ദേശീയ പുരസ്‌കാരം ലഭിച്ചതിലൂടെ കൈവന്നിരിക്കുന്നതെന്ന് കീർത്തി പറയുന്നു. ഭാഷാ ഭേദമില്ലാതെ കാമ്പുള്ള വേഷങ്ങളിലൂടെ ഇനിയും ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിക്കണമെന്ന മോഹവും ഈ അഭിനേത്രി ഒളിച്ചുവെയ്ക്കുന്നില്ല.

Latest News