Sorry, you need to enable JavaScript to visit this website.

ശിരസ്സില്‍ വെടിയുണ്ടയുമായി യെമനി തീര്‍ഥാടകന്‍ ഹജ് നിര്‍വഹിച്ചു

ഹൂത്തി ആക്രമണത്തില്‍ ഇരു കാലുകളും നഷ്ടപ്പെട്ട യെമനി സൈനികന്‍ മിനായിലെ ക്യാമ്പില്‍

മിനാ- ശിരസ്സില്‍ തുളച്ചുകയറിയ വെടിയുണ്ടയുമായാണ് യെമന്‍ സൈനിക ഉദ്യോഗസ്ഥനായ മുഹമ്മദ് അല്‍സഅദി ഹജ് നിര്‍വഹിച്ചത്. ഹൂത്തി മിലീഷ്യകള്‍ ദീര്‍ഘദൂര തോക്ക് ഉപയോഗിച്ച് നടത്തിയ വെടിവെപ്പിലാണ് മുഹമ്മദ് അല്‍സഅദിയുടെ ശിരസ്സില്‍ വെടിയേറ്റത്. ജിദ്ദയിലെ ആശുപത്രിയിലെത്തിച്ചാണ് മുഹമ്മദ് അല്‍സഅദിക്ക് വിദഗ്ധ ചികിത്സ നല്‍കിയത്. എന്നാല്‍ ശിരസ്സിലെ വെടിയുണ്ട ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നത് ജീവന്‍ അപകടത്തിലാക്കിയേക്കുമെന്ന് ഭയന്ന് ഇത് നീക്കം ചെയ്യേണ്ടെന്ന് ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.

ശിരസ്സില്‍ വെടിയുണ്ടയുണ്ടെങ്കിലും സാധാരണ നിലയില്‍ താന്‍ ജീവിതം നയിക്കുന്നതായി മുഹമ്മദ് അല്‍സഅദി പറഞ്ഞു. ചികിത്സ പൂര്‍ത്തിയാക്കിയ ശേഷം പോര്‍മുഖത്തേക്ക് മടങ്ങും.  പ്രത്യേക ശ്രദ്ധയും പരിചരണവുമാണ് സൗദി അധികൃതരില്‍ നിന്ന് ലഭിച്ചതെന്നും തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അതിഥിയായി ഹജിനെത്തിയ മുഹമ്മദ് അല്‍സഅദി പറഞ്ഞു.

രണ്ടു കാലുകളും നഷ്ടപ്പെട്ട മറ്റൊരു യെമന്‍ സൈനികന്‍ മുഹമ്മദ് അബ്ദു സഈദ്  കൃത്രിമ കാലുകളുമായാണ് ഹജ് നിര്‍വഹിക്കാനെത്തിയത്. കഴിഞ്ഞ വര്‍ഷം മൈന്‍ സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് യുവാവിന്റെ ഇരു കാലുകളും മുറിച്ചുമാറ്റിയത്. ബന്ധുവിനൊപ്പം ഹജ് നിര്‍വഹിക്കുന്നതിന് അവസരം തേടിയെത്തിയ വിവരം കഴിഞ്ഞ റമദാനു ശേഷമാണ് തന്നെ അറിയിച്ചത്. വികലാംഗര്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയ വാഹനമാണ് സൗദി അധികൃതര്‍ പുണ്യസ്ഥലങ്ങളിലെ യാത്രക്കായി തങ്ങള്‍ക്ക് ലഭ്യമാക്കിയത്. കല്ലേറ് കര്‍മം നിര്‍വഹിക്കുന്നതിനും അധികൃതര്‍ എല്ലാവിധ സൗകര്യങ്ങളും ഒരുക്കി നല്‍കിയതായി മുഹമ്മദ് സഈദ് പറഞ്ഞു.

രണ്ടു വര്‍ഷം മുമ്പ് ഷെല്ലാക്രമണത്തിലാണ് കാലുകള്‍ നഷ്ടപ്പെട്ടതെന്ന് യെമന്‍ സൈന്യത്തില്‍ സ്‌നൈപറായ അബ്ദുല്‍ ഫത്താഹ് ഇസ്മായില്‍ പറഞ്ഞു. കൃത്രിമ കാലുകള്‍ ഘടിപ്പിച്ച ശേഷവും സൈന്യത്തില്‍ സ്‌നൈപറായി യുദ്ധ മുന്നണിയില്‍ താന്‍ സേവനമനുഷ്ഠിച്ചുവരുന്നതായി അബ്ദുല്‍ഫത്താഹ് ഇസ്മായില്‍ പറഞ്ഞു. സഖ്യസേനയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരോട് പരിധിയില്ലാത്ത ശ്രദ്ധയും പരിഗണനയുമാണ് സൗദി അറേബ്യ നല്‍കുന്നത്. സല്‍മാന്‍ രാജാവിന്റെ അതിഥികളായാണ് ഹജ്, ഉംറ കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ ഇവര്‍ക്ക് അവസരമൊരുക്കുന്നതെന്ന് സഖ്യസേനാ ഹാജിമാരുടെ കാര്യങ്ങള്‍ക്കുള്ള സെന്‍ട്രല്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ കേണല്‍ സഅദ് അല്‍ശംറാനി പറഞ്ഞു.
സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഈ വര്‍ഷം യെമനില്‍ നിന്ന് 2000 ഹജ് തീര്‍ഥാടകരാണ് എത്തിയത്. ഹൂത്തികള്‍ക്കെതിരായ യുദ്ധത്തിനിടെ വീരമൃത്യു വരിച്ച യെമന്‍ സൈനികരുടെയും ജനകീയ പ്രതിരോധ സൈനികരുടെയും കുടുംബാംഗങ്ങള്‍ക്കും യുദ്ധത്തില്‍ പരിക്കേറ്റ സൈനികര്‍ക്കുമാണ് രാജാവിന്റെ അതിഥികളായി ഹജ് നിര്‍വഹിക്കുന്നതിന് അവസരം ലഭിച്ചത്.

 

 

 

Tags

Latest News