Sorry, you need to enable JavaScript to visit this website.

കരാര്‍ ലംഘിച്ചു, പൂനെ സിറ്റിക്ക് ട്രാന്‍സ്ഫര്‍ വിലക്ക്

ന്യൂദല്‍ഹി - ചെന്നൈ സിറ്റി എഫ്.സിയെ കഴിഞ്ഞ ഐ-ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്മാരാക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച നെസ്റ്റര്‍ ഗോഡിയോയെ എ.ഐ.എഫ്.എഫ് നാലു മാസത്തേക്ക് വിലക്കി. ചെന്നൈയുമായി ഒരു വര്‍ഷം കൂടി കരാര്‍ ശേഷിക്കെ ഐ.എസ്.എല്‍ ക്ലബ് പൂനെ സിറ്റി എഫ്.സിയില്‍ ചേരാന്‍ പ്രാഥമിക കരാറൊപ്പിട്ടതിനാണ് നടപടി. പൂനെ സിറ്റി എഫ്.സി വ്യാജ വിവരങ്ങള്‍ നല്‍കി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും മലയാളി ബാബു മേത്തറുടെ നേതൃത്വത്തിലുള്ള എ.ഐ.എഫ്.എഫിന്റെ പ്ലയര്‍ സ്റ്റാറ്റസ് കമ്മിറ്റി ചൂണ്ടിക്കാട്ടി. അതിനാല്‍ അടുത്ത രണ്ട് ട്രാന്‍സ്ഫര്‍ കാലയളവില്‍ പൂനെ സിറ്റി എഫ്.സിക്ക് കളിക്കാരെ കൈമാറ്റം ചെയ്യാനാവില്ല. മതിയായ ട്രാന്‍സ്ഫര്‍ തുക നല്‍കാതെ ഗോര്‍ഡിയോയെ സ്വന്തമാക്കാന്‍ ശ്രമിച്ചതിന് പൂനെ സിറ്റിക്ക് അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചു. 
ഗോഡിയൊ മൂന്നു മാസത്തെ പ്രതിഫലം ചെന്നൈ സിറ്റി എഫ്.സിക്കു നല്‍കണം. എ.ഐ.എഫ്.എഫിന് അര ലക്ഷം രൂപ പിഴയടക്കുകയും വേണം. വ്യാജ രേഖകളിലൂടെ തങ്ങളുടെ വാദം സ്ഥാപിക്കാന്‍ ശ്രമിച്ച പൂനെ സിറ്റി എഫ്.സി തുറന്നു കാട്ടപ്പെട്ടിരിക്കുകയാണെന്ന് ചെന്നൈ സിറ്റി എഫ്.സി ഉടമ രോഹിത് രമേശ് പ്രതികരിച്ചു. .
ഐ.എസ്.എല്ലില്‍ വലിയ വിജയങ്ങള്‍ സ്വന്തമാക്കാന്‍ പൂനെ സിറ്റിക്ക് ഇതുവരെ സാധിച്ചിട്ടില്ല. ട്രാന്‍സ്ഫര്‍ വിലക്ക് വരും സീസണിലും അവരെ ഗുരുതരമായി ബാധിക്കും. എന്നാല്‍ ഈ ട്രാന്‍സ്ഫര്‍ കാലായളവില്‍ ്അവര്‍ക്ക് കളിക്കാരെ ടീമിലെടുക്കാം. ജനുവരിയിലാണ് വിലക്ക് ആരംഭിക്കുക. 
 

Latest News