Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാനിലെ കളി: ഇന്ത്യന്‍ കളിക്കാര്‍ക്ക് അതൃപ്തി

മുംബൈ - അടുത്ത മാസം നടക്കേണ്ട ഇന്ത്യ-പാക്കിസ്ഥാന്‍ ഡേവിസ് കപ്പ് ടെന്നിസ് മത്സരങ്ങള്‍ക്ക് ഇസ്‌ലാമാബാദില്‍ ഒരുക്കിയ സുരക്ഷാ സജ്ജീകരണങ്ങളില്‍ ഇന്റര്‍നാഷനല്‍ ടെന്നിസ് ഫെഡറേഷന്‍ (ഐ.ടി.എഫ്) തൃപ്തി പ്രകടിപ്പിച്ചു. കശ്മീരിന്റെ പ്രത്യേക പദവി നീക്കിയതിനെത്തുടര്‍ന്ന് രാഷ്ട്രീയ സംഘര്‍ഷാവസ്ഥ രൂക്ഷമായ സാഹചര്യത്തില്‍ സുരക്ഷാ സജ്ജീകരണങ്ങള്‍ തൃപ്തികരമാണോയെന്ന് പുനഃപരിശോധന നടത്തണമെന്ന് അഖിലേന്ത്യാ ടെന്നിസ് അസോസിയേഷന്‍ (എ.ഐ.ടി.എ) ഐ.ടി.എഫിനോട് അഭ്യര്‍ഥിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് സുരക്ഷാ സജ്ജീകരണങ്ങളില്‍ ഐ.ടി.എഫ് വീണ്ടും തൃപ്തി പ്രകടിപ്പിച്ചത്. അതേസമയം, സ്വന്തം അസോസിയേഷന്റെ നിലപാടില്‍ ഇന്ത്യന്‍ കളിക്കാര്‍ അതൃപ്തരാണ്. സുരക്ഷാ സജ്ജീകരണങ്ങള്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നതിനു പകരം വേദി മാറ്റാനായിരുന്നു എ.ഐ.ടി.എ ആവശ്യപ്പെടേണ്ടിയിരുന്നതെന്ന് ഇന്ത്യന്‍ കളിക്കാര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യ-പാക്കിസ്ഥാന്‍ സാഹചര്യം വിശദീകരിക്കുകയും വേദി മാറ്റം ആവശ്യപ്പെടുകയും ചെയ്യാനായി ഐ.ടി.എഫ് മേധാവികളുമായി ടെലിഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്ന് എ.ഐ.ടി.എ അറിയിച്ചു. 
ഇന്ത്യന്‍ ടീമിനെ പാക്കിസ്ഥാനില്‍ കളിക്കുന്നതില്‍ നിന്ന് തടയില്ലെന്ന് കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രി കിരണ്‍ റിജിജു പ്രഖ്യാപിച്ചിട്ടുണ്ട്. ഡേവിസ് കപ്പ് ആഗോള ടൂര്‍ണമെന്റാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നാണ് എ.ഐ.ടി.എ മേധാവി ഹിരണ്‍മയ് ചാറ്റര്‍ജി ഐ.ടി.എഫില്‍ വിശ്വാസമര്‍പ്പിച്ചു കൊണ്ട് കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയത്. പാക്കിസ്ഥാന്‍ ടെന്നിസ് ഫെഡറേഷന്‍ കുറ്റമറ്റ രീതിയില്‍ മത്സരം സംഘടിപ്പിക്കുമെന്നാണ് കരുതുന്നതെന്നും എങ്കിലും സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരിക്കല്‍കൂടി വിലയിരുത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. സുരക്ഷാ സജ്ജീകരണങ്ങളില്‍ ഐ.ടി.എഫിന് തൃപ്തിയുണ്ടെങ്കില്‍ തങ്ങള്‍ വിസാ നടപടികള്‍ ആരംഭിക്കുമെന്നും ചാറ്റര്‍ജി വിശദീകരിച്ചു. ഇതെത്തുടര്‍ന്നാണ് ഐ.ടി.എഫ് സുരക്ഷാ സന്നാഹങ്ങളില്‍ തൃപ്തി പ്രകടിപ്പിച്ച് പ്രസ്താവന ഇറക്കിയത്. സെപ്റ്റംബര്‍ 14 നും 15 നുമായാണ് മത്സരങ്ങള്‍.  

Latest News