Sorry, you need to enable JavaScript to visit this website.

കനത്ത മഴയ്ക്കു സാധ്യത; കോഴിക്കോട്ടും മലപ്പുറത്തും ജാഗ്രതാ നിർദേശം

വയനാട്ടിൽ സംഭവിച്ച ദുരന്തം കലക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തുന്നു.

കോഴിക്കോട് -  കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ തീവ്ര മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ചതാണ് സംസ്ഥാനത്ത് കനത്ത മഴ തുടരാൻ കാരണം. ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും ദിവസങ്ങളിലും ശക്തമായ മഴക്ക് സാധ്യതയുണ്ട്. 16 ന് ശേഷം സംസ്ഥാനത്ത് മഴ കുറയും. വരുംദിവസങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന പ്രവചനത്തെ തുടർന്ന് മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ നദീതീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. 
അതിനിടെ കോഴിക്കോട്ട് വീണ്ടും കനത്ത മഴ തുടങ്ങിയത് ജനങ്ങളിൽ ആശങ്ക പടർത്തിയിട്ടുണ്ട്. ഇന്നലെ ഉച്ചക്കുശേഷമാണ് ജില്ലയിലെ മിക്ക ഭാഗങ്ങളിലും കനത്ത മഴ തുടങ്ങിയത്. ഇന്നലെ രാവിലെ മഴ മാറിനിന്ന് വെയിൽ പരന്നതോടെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെല്ലാം വീട് വൃത്തിയാക്കുന്നത് തുടങ്ങിയിരുന്നെങ്കിലും മഴ വന്നതോടെ വീണ്ടും വെള്ളം കയറുമെന്ന ഭീതി പരന്നു. ഇതോടെ വീട് വൃത്തിയാക്കുന്നത് പലരും നിർത്തിവെക്കുകയായിരുന്നു. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളം കയറിയ വീടുകളിലുള്ളവരിൽ ഒരെഴുപത് ശതമാനത്തോളം തങ്ങളുടെ വീടുകളിലേക്ക് ക്യാമ്പുകളിൽ നിന്ന് തിരിച്ചുപോയിട്ടുണ്ട്. 
കനത്ത മഴയിൽ കോഴിക്കോട്ട് 70 വീടുകളാണ് പൂർണമായി തകർന്നത്. 946 വീടുകളാണ് ഭാഗികമായി തകർന്നത്. കോഴിക്കോട് താലൂക്കിൽ 36 വീടുകൾ പൂർണമായും 267 വീടുകൾ ഭാഗികമായും തകർന്നു. കൊയിലാണ്ടി താലൂക്കിൽ രണ്ടു വീടുകൾ പൂർണമായും 123 വീടുകൾ ഭാഗികമായും തകർന്നു. വടകരയിൽ 25 വീടുകൾ പൂർണമായും 465 വീടുകൾ ഭാഗികമായും തകർന്നു. താമരശ്ശേരി താലൂക്കിൽ ഏഴു വീടുകൾ പൂർണമായും 91 വീടുകൾ ഭാഗികമായും തകർന്നു. ജില്ലയിൽ നിലവിൽ 126 ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവിലുള്ളത്. കോഴിക്കോട്ട് 80, വടകരയിൽ 20, താമരശ്ശേരിയിൽ നാല് എന്നിങ്ങനെയാണ് കണക്ക്. ഇന്നലെ ജില്ലയിലെ 191 ക്യാമ്പുകൾ പിരിച്ചുവിട്ടു. 9489 കുടുംബങ്ങളിൽ നിന്നായി 28,104 ആളുകളാണ് ഉള്ളത്. പ്രാഥമിക കണക്കുകളനുസരിച്ച് 1666 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടെന്നാണ്് കണക്ക്. 280.24 ഹെക്ടറിലാണ് കൃഷിനാശമുണ്ടായതെന്ന് പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ പറഞ്ഞു. 3024 കർഷകരെയാണ് പ്രകൃതിദുരന്തം ബാധിച്ചത്. 99.98 ഹെക്ടർ നെൽകൃഷിയും 8.90 ഹെക്ടർ പ്രദേശത്തെ പച്ചക്കറികളും കൃഷിനാശത്തിൽ പെടുന്നു. 7.80 ഹെക്ടർ പ്രദേശത്ത് കപ്പ, 36.46 ഹെക്ടർ പ്രദേശത്ത് തെങ്ങ്, 72.28 ഹെക്ടറിൽ വാഴക്കൃഷിയും നശിച്ചു. 10.5 ഹെക്ടർ പ്രദേശത്ത് ഇഞ്ചിക്കൃഷി, 14 ഹെക്ടറിൽ റബർ എന്നിവയും നശിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ.
 

Latest News