Sorry, you need to enable JavaScript to visit this website.

പ്രളയത്തിൽ നുണ പ്രചാരണം: പോലീസ് കേസെടുത്തു

കണ്ണൂർ - പ്രളയവുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. ജില്ലാ കലക്ടർ ടി.വി.സുഭാഷ്, ജില്ലാ പോലീസ് സൂപ്രണ്ടിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകരുതെന്നും വൈദ്യുതി നിലച്ച് കേരളം ഇരുട്ടിലാവുമെന്നും ഡാമുകളുടെ ഷട്ടറുകൾ തുറക്കാൻ പോകുന്നുവെന്നുമൊക്കെ സമൂഹത്തിൽ ഭീതി ജനിപ്പിക്കും വിധമുള്ള പ്രചാരണങ്ങൾ നടത്തിയതിനാണ് കേസ്. 
ഫെയ്‌സ് ബുക്ക്, വാട്‌സ്ആപ്പ്, മെസഞ്ചർ തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ ഇത് സംബന്ധിച്ച് പ്രചാരണം നടത്തിയവരും ഇത്തരം വാർത്തകളും സന്ദേശങ്ങളും മറ്റുള്ളവർക്ക് അയച്ചവരും കുടുങ്ങും. ദേശീയ ദുരന്ത നിവാരണ നിയമത്തിലെ 54, കേരള പോലീസ് ആക്ടിലെ 118 (ഇ) വകുപ്പുകൾ പ്രകാരമാണ് കേസ്. വ്യാജ വാർത്തകൾ പ്രചരിപ്പിച്ചവരേയും ഷെയർ ചെയ്തവരേയും കേസിൽ പ്രതികളാക്കാനാണ് നിർദേശം. സംസ്ഥാനത്ത് ഇതുവരെ ഇത്തരത്തിൽ 19 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സൈബർ സെൽ, സൈബർ ഡോം, ഹൈടെക് സെൽ എന്നീ വകുപ്പുകളാണ് ഇതു സംബന്ധിച്ച് പരിശോധന നടത്തി വരുന്നത്. വ്യാജ വാർത്ത പ്രചരിപ്പിച്ചവരെ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകരുതെന്നും ഇത്തരം സംഭാവനകൾ ദുരിത ബാധിതർക്കു നേരിട്ടു നൽകണമെന്നും വ്യാപകമായി പ്രചാരണം ഉണ്ടായിരുന്നു. ഇത്തരം തുകകൾ വകമാറ്റി ചെലവഴിക്കുന്നുവെന്നു കാണിച്ചായിരുന്നു പ്രചാരണം. ഈ വിഷയത്തിൽ സർക്കാർ വെറുതെയിരിക്കില്ലെന്നും ശക്തമായ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ആഭ്യന്തര വകുപ്പിനു കേസെടുക്കാൻ നിർദേശം നൽകിയത്.
 

Latest News