Sorry, you need to enable JavaScript to visit this website.

റിലയൻസിന്റെ 20 ശതമാനം ഓഹരി സൗദി അരാംകോ വാങ്ങുന്നു, രാജ്യത്തെ ഏറ്റവും വലിയ ഓഹരി കൈമാറ്റം

മുംബൈ- റിലയൻസ് തങ്ങളുടെ ഓഹരികളിൽ ഇരുപത് ശതമാനം ലോകത്തെ പെട്രോൾഭീമൻ സൗദി അരാംകോയുമായി പങ്കു വെക്കും. മുബൈയിൽ നടന്ന റിയലൻസ് വാർഷിക പൊതുയോഗത്തിൽ ഉടമ മുകേഷ് അംബാനിയാണ് ഇക്കാര്യം ഓഹരി ഉടമകളെ അറിയിച്ചത്. റിലയൻസിന് കീഴിലെ ഓയിൽ, കെമിക്കൽ മേഖലയിലെ ഇരുപത് ശതമാനം ഓഹരികളാണ് സൗദി അരാംകോക്ക് കൈമാറുന്നത്. 75 ബില്യൺ ഡോളറിന്റേ ഇടപാട് രാജ്യത്തെ ഏറ്റവും വലിയ ഓഹരി കൈമാറ്റമായിരിക്കും. റിലയൻസ് ഓഹരികൾ സൗദി അരാംകോ വാങ്ങുമെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. 
       സൗദി ആരാംകോ പ്രതിദിനം അഞ്ചുലക്ഷം ബാരൽ അസംസ്‌കൃത എണ്ണ റിലയൻസിന് നൽകും.  റിലയൻസിന്റെ ജാംനഗർ റിഫൈനറികാവശ്യമായ എണ്ണയാണ് സൗദി അരാംകോ നൽകുന്നത്. റിലയൻസിന്റെ ജാംനഗർ റിഫൈനിങ് കോംപ്ലക്സിന് പ്രതിദിനം 1.4 ബില്യൺ ബാരൽ അസംസ്കൃത എണ്ണ ശുദ്ധീകരിക്കാനുള്ള ശേഷിയാണ് നിലവിലുള്ളത്. 2030ഓടെ ഇത് രണ്ട് ബില്യണായി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. വരുമാനത്തിന്റെയും അറ്റാദായത്തിന്റെയും കാര്യത്തിൽ ലോകത്തിൽ തന്നെ ഒന്നാംസ്ഥാനത്തുള്ള കമ്പനിയായ സൗദി ആരാംകോയുമായുള്ള റിലയൻസ് കൂട്ടുകെട്ട് ഇന്ത്യയിൽ ബിസിനസ് മേഖലയിൽ പുതിയ ഉണർവ്വ് ഉണ്ടാക്കുമെന്നാണ് റിപ്പോർട്ടുകൾ. രണ്ടു റിഫൈനറികൾ, പെട്രോകെമിക്കൽ കോംപ്ലക്സ് എന്നിവയിലായിരിക്കും അരാംകോ ഷെയർ വാങ്ങുന്നത്. 
       ഓയിൽ കെമിക്കൽ ഡിവിഷൻ, ജിയോ, റീട്ടെയിൽ ബിസിനസ് എന്നിങ്ങനെ വ്യത്യസ്‌ത ബിസിനസ് ചെയുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച കമ്പനിയാണ് റിലയൻസ് എന്നും എല്ലാ കമ്പനികളുടെയും പ്രവർത്തനം മികച്ച രീതിയിലാണെന്നും മുകേഷ് അംബാനി ഓഹരിയുടമകളുടെ യോഗത്തിൽ പറഞ്ഞു. 2019 സാമ്പത്തിക വർഷത്തിൽ പെട്രോകെമിക്കൽ ബിസിനസിൽമാത്രം 5.7 ലക്ഷം കോടി വരുമാനമാണ് റിലയൻസ് ഇൻഡസ്ട്രീസ് നേടിയത്.

Latest News