Sorry, you need to enable JavaScript to visit this website.

രണ്ടു ഗോളിന് പിന്നിലായ മലപ്പുറം അഞ്ചടിച്ച് ജയിച്ചു

കൊച്ചി - സംസ്ഥാന സബ്ജൂനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ നാലാം ദിനം മികച്ച വിജയം സ്വന്തമാക്കി മലപ്പുറം ഇടുക്കി ടീമുകള്‍. കാസറഗോഡും ആതിഥേയരായ എറണാകുളവും  ഇന്നലെ ആദ്യ ജയം കുറിച്ചു. ഫോര്‍ട്ട്കൊച്ചി വെളി ഗ്രൗണ്ടില്‍ രാവിലെ നടന്ന ആദ്യ മത്സരത്തില്‍ വയനാടിനോട് രണ്ടു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് മലപ്പുറം വിജയത്തിലെത്തിയത്. റബി ഥാപ്പയുടെ ഹാട്രിക്കും വിവേകിന്റെ ഡബിളുമാണ് മലപ്പുറത്തിന് ജയമൊരുക്കിയത്. പത്തനംതിട്ടയുടെ വലയില്‍ എണ്ണം പറഞ്ഞ എട്ടു ഗോളുകളാണ് ഇടുക്കി ടീം നിക്ഷേപിച്ചത്. എബിന്‍ വില്‍സണ്‍ നാലു ഗോളുകള്‍ നേടി കളം നിറഞ്ഞപ്പോള്‍ പത്തനംതിട്ടക്കായി മുഹമ്മദ് ഫാദി ആശ്വാസ ഗോള്‍ നേടി. 
ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ എറണാകുളവും വിജയം കുറിച്ചു. മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍ക്കായിരുന്നു പത്തനംതിട്ടക്കെതിരായ വിജയം. അര്‍ജിത് അശോകന്‍ ഡബിള്‍ നേടി. കാസറഗോഡിന് മുന്നിലും വയനാടന്‍ ടീമിന് പിടിച്ചു നില്‍ക്കാനായില്ല. നാലു വട്ടം എതിര്‍വല കുലുക്കിയ വടക്കന്‍ ടീമിനായി തമോഗ് ചിത്ത് ഇരട്ട ഗോള്‍ നേടി. ഗ്രൂപ്പ് മത്സരങ്ങള്‍ ഇന്ന് അവസാനിക്കുന്നതോടെ ചാമ്പ്യന്‍ഷിപ്പിന്റെ സെമി ലൈനപ്പ് തെളിയും. കോഴിക്കോട്, തിരുവനന്തപുരം ടീമുകള്‍ നേരത്തെ സെമിയില്‍ പ്രവേശിച്ചിരുന്നു. ഇന്ന് രാവിലെ നടക്കുന്ന മത്സരങ്ങളില്‍ കാസറഗോഡ് മലപ്പുറത്തെയും ഇടുക്കി എറണാകുളത്തെയും നേരിടും.


 

Latest News