Sorry, you need to enable JavaScript to visit this website.

പിണറായി സർക്കാർ നടത്തിയ മുഴുവൻ നിയമനങ്ങളും സി.ബി.ഐ അന്വേഷിക്കണം -പി.ടി. തോമസ് 

തിരുവനന്തപുരം - പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം നടന്ന മുഴുവൻ നിയമനങ്ങളെപ്പറ്റിയും സി.ബി.ഐ അന്വേഷിക്കണമെന്ന് പി.ടി. തോമസ് എം.എൽ.എ. കോഴിക്കോട് കിർത്താഡ്സിൽ നടന്ന നിയമന തട്ടിപ്പുകളും ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജിൽ നടന്ന കത്തിക്കുത്ത് കേസിലെ പ്രതികളായ നസീമും ശിവരഞ്ജിത്തും പി.എസ്.സിയുടെ പോലീസ് പരീക്ഷാ റാങ്ക് ലിസ്റ്റിൽ കയറിയതു പോലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ എസ്.ഐ സമ്പത്തിനെ പോലുള്ളവർ പോലീസിൽ കടന്നു കയറാൻ ഇടയായ സാഹചര്യവും അന്വേഷിക്കണം. ക്രമക്കേടുകൾ കണ്ടെത്താൻ സി.ബി.ഐ അന്വേഷണത്തിന് പുറമെ വ്യത്യസ്ത വിഷയങ്ങൾ നിയമസഭാ കമ്മിറ്റികൾ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. 
പരീക്ഷകളിലെ തട്ടിപ്പുകൾ തടയാൻ പരീക്ഷാ കേന്ദ്രങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും പരീക്ഷാ സെന്ററുകളിൽ പരിശോധന നടത്താൻ ആവശ്യമായ സ്‌ക്വാഡുകളും രൂപീകരിക്കുകയും വേണം. 
ക്രിമിനലുകളായ പോലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സമരങ്ങളെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. കത്തിക്കുത്ത് കേസിലെ പ്രതിയുടെ വീട്ടിൽ നിന്ന് ഉത്തരക്കടലാസുകൾ പിടിച്ചെടുത്ത പോലീസ് ഉദ്യോഗസ്ഥനെതിരെ ഉണ്ടായ നടപടി സർക്കാരിന്റെ നിലപാടിനെയാണ് സൂചിപ്പിക്കുന്നത്. 
57 ലെ സെൽ ഭരണം തിരിച്ചുകൊണ്ടുവരാനാണ് പിണറായി വിജയൻ ഇപ്പോൾ ശ്രമിക്കുന്നത്. വിമോചന സമരത്തിന് കളമൊരുക്കിയ അന്നത്തെ സാഹചര്യം ബോധപൂർവം സൃഷ്ടിക്കാനുള്ള ശ്രമമാണ്. പാർട്ടിയിലെ സഹപ്രവർത്തകരെ പോലും ഇല്ലാതാക്കാനുള്ള പരിശീലനത്തിന്റെ സൂത്രധാരൻ പിണറായി തന്നെയാണ്.
മനുഷ്യാവകാശ കമ്മീഷൻ, വനിതാ കമ്മീഷൻ, ലോകായുക്ത തുടങ്ങിയ ജനങ്ങൾക്ക് നീതി ലഭിക്കേണ്ട മുഴുവൻ സ്ഥാപനങ്ങളെയും സ്വതന്ത്രമായി പ്രവർത്തിക്കാൻ സർക്കാർ അനുവദിക്കുന്നില്ല. കേരളത്തിൽ സ്വതന്ത്ര മാധ്യമ പ്രർത്തനം അപകടത്തിലാണ്. നിഷ്പക്ഷ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുകയും വിവിധ മാർഗങ്ങളിൽ പിന്തിരിപ്പിക്കാനും ശ്രമിക്കുകയാണ്. ശബരിമല യുവതി പ്രവേശത്തിൽ ജാതീയ ധ്രുവീകരണം നടത്തിയ സർക്കാർ പോലീസ് സേനയിലും ഇതേ തന്ത്രം നടപ്പാക്കുകയാണ്. സി.പി.എം പോലീസും സി.പി.എം വിരുദ്ധ പോലീസുമായി വേർതിരിവ് ശക്തിപ്പെട്ടിരിക്കുകയാണ്. അഭിമന്യുവിന്റെ പ്രതിമ സ്ഥാപിക്കാൻ നടക്കുന്നവർ അഭിമന്യുവിനെ കൊലപ്പെടുത്തിയ ഒന്നാം പ്രതിയെ കണ്ടുപിടിക്കാൻ താൽപര്യം കാണിക്കണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു.
 

Latest News