Sorry, you need to enable JavaScript to visit this website.

അഖിലിനെ കുത്തിയ കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം - യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർഥിയായ അഖിലിനെ കുത്തിയ കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 
അഖിലിന്റെ രഹസ്യ മൊഴി ഇതുവരെ രേഖപ്പെടുത്താത്തത് കേസ് അട്ടിമറിക്കാനാണ്. ജലീൽ എന്ന നാണം കെട്ട മന്ത്രി എസ്.എഫ്.ഐയ്ക്ക് ഒത്താശ നൽകുന്നു. വിദ്യാർഥികളുടെ ശവദാഹം നടത്തണം എന്നാണോ ജലീൽ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
പി.എസ്.സി പോലീസ് റാങ്ക് ലിസ്റ്റ് റദ്ദാക്കി വീണ്ടും പരീക്ഷ നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പി.എസ്.സിയുടെ വിശ്വാസ്യത തകർന്നു. പി.എസ്.സി പരീക്ഷ ക്രമക്കേട് സി.ബി.ഐ അന്വേഷിക്കണം. യൂണിവേഴ്‌സിറ്റി പരീക്ഷ ക്രമക്കേടിൽ ജുഡീഷ്യൽ അന്വേഷണവും വേണം. പഠിച്ചു പരീക്ഷ എഴുതി ജോലി കിട്ടാൻ കാത്തിരിക്കുന്ന വിദ്യാർഥികളെ വിഡ്ഢികളാക്കുകയാണ് പി.എസ്.സിയെന്നും ചെന്നിത്തല പറഞ്ഞു.
കാമ്പസുകളിലെ എസ്.എഫ്.ഐ ഗുണ്ടായിസം അവസാനിപ്പിക്കുക, പി.എസ്.സിയുടെ വിശ്വാസ്യത വീണ്ടെടുക്കുക, വൈദ്യുതി ചാർജ് വർദ്ധനയും നികുതി വർദ്ധനയും പിൻവലിക്കുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ അട്ടിമറിക്കാനുള്ള നീക്കങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ് എം.എൽ.എമാർ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
എല്ലാം ഒറ്റപ്പെട്ട സംഭവം ആക്കി മാറ്റുന്ന സർക്കാർ കേരളത്തിന് ശാപമാണ്. പിണറായി വിജയൻ രാജിവെയ്ക്കണം. ഗവർണർ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണം. കേരള യൂണിവേഴ്‌സിറ്റിയിൽ അഡ്മിഷൻ ക്രമക്കേട് നടക്കുന്നു. സ്‌പോട്ട് അഡ്മിഷനിൽ കൃത്രിമം കാണിക്കുന്നു. യൂണിവേഴ്‌സിറ്റി കോളേജിൽ അടക്കം ഇടിമുറികളുണ്ട്. അവിടെ എസ്.എഫ്.ഐയോട് സഹകരിക്കാത്ത വിദ്യാർത്ഥികളെ കായികമായി നേരിടുന്നു. പ്രിൻസിപ്പൽമാരല്ല എസ്.എഫ്.ഐയുടെ ഗുണ്ടകളാണ് കോളേജുകൾ ഭരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. 
പരാജയങ്ങളിൽ നിന്നും പാഠം പഠിക്കാത്ത ജനവിരുദ്ധ സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. ഈ സർക്കാരിൽ കേരള ജനതയ്ക്കു പ്രതീക്ഷയില്ല. ഇടത് സർക്കാർ വമ്പിച്ച നികുതി ജനങ്ങളുടെ മേൽ അടിച്ചേൽപിക്കുകയാണ്. കൃത്രിമമായി വൈദ്യുതി ക്ഷാമം ഉണ്ടാക്കാനും സർക്കാർ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കാരുണ്യ പദ്ധതി അട്ടിമറിച്ച് അനിൽ അംബാനിക്ക് വേണ്ടി വാതിൽ തുറന്നു കൊടുക്കുകയാണ് ഇടത് സർക്കാർ. 
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയെ പരാജയപ്പെടുത്തിയവരെ പാഠം പഠിപ്പിക്കുകയാണ് ഈ സർക്കാർ ചെയ്യുന്നതെന്ന് തുടർന്ന് സംസാരിച്ച കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി ആരോപിച്ചു. ഇപ്പോഴത്തെ ഗുരുതരമായ പ്രശ്‌നങ്ങളിൽ മുഖ്യമന്ത്രി എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കണം. എസ്.എഫ്.ഐയുടെ പിന്തുണ ഉണ്ടെങ്കിൽ മാത്രമേ യൂണിവേഴ്‌സിറ്റി കോളേജിൽ പഠിക്കാൻ സാധിക്കുകയുള്ളൂ. എത്ര മാർക്കുണ്ടെങ്കിലും എസ്.എഫ്.ഐയുടെ പിന്തുണയില്ലാതെ അഡ്മിഷൻ കിട്ടില്ല. നടക്കാൻ പാടില്ലാത്തതാണ് കേരളത്തിൽ നടക്കുന്നത്. സർക്കാർ നല്ല കാര്യങ്ങൾ ചെയ്യുന്നില്ല. ജനങ്ങൾക്ക് ഗുണം കിട്ടുന്ന കാരുണ്യ പദ്ധതി നിർത്തലാക്കി. കാരുണ്യം എന്ന വാക്കിന് എന്തെങ്കിലും വില കൽപിച്ചിരിന്നെങ്കിൽ പദ്ധതി അട്ടിമറിക്കില്ലായിരുന്നു. മനുഷ്യത്വം അൽപമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ ആ പദ്ധതി തിരികെ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 
പോലീസാണ് ശബരിമലയിൽ ഉണ്ടായ എല്ലാ പ്രശ്‌നങ്ങൾക്കും കാരണമെന്നാണ് നിസ്സഹായനായ മുഖ്യമന്ത്രി പറയുന്നതെന്നും തന്റെ കീഴിലെ പോലീസിനെ മെരുക്കാൻ കഴിയാത്ത മുഖ്യമന്ത്രി ഇനി ആ കസേരയിൽ ഇരിക്കാൻ യോഗ്യനല്ലെന്നും പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ പറഞ്ഞു. ഓരോ വിഷയത്തിലും കുറ്റസമ്മതം നടത്താൻ വേണ്ടി മാത്രമുള്ള ഒരു മുഖ്യമന്ത്രി നാടിനു വേണോ എന്നും മുനീർ ചോദിച്ചു. 
സർവ മേഖലയിലും പരാജയപ്പെട്ട സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ പി.ജെ ജോസഫ് ചൂണ്ടിക്കാട്ടി.  സർക്കാരിനെതിരെയുള്ള ശക്തമായ താക്കീതാണ് യു.ഡി.എഫ് എം.എൽ.എമാരുടെ ധർണയിലൂടെ നൽകുന്നതെന്ന് കേരള കോൺഗ്രസ്(ജേക്കബ്) ചെയർമാൻ അനൂപ് ജേക്കബ് പറഞ്ഞു. താൻ കൈകാര്യം ചെയ്യുന്ന വകുപ്പ് പൂർണ പരാജയമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിരിക്കുന്നു. അതിനാൽ സർക്കാരിന് മുന്നോട്ട് പോകാനുള്ള ധാർമികമായ അവകാശം ഇല്ലാതായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
ഭരണ സ്വാധീനം ഉപയോഗിച്ച് ഭരണഘടനാ സംവിധാനങ്ങളെ തകർക്കുകയാണ് ഏതാനും ചിലർ നടത്തുന്നതെന്ന് ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ പറഞ്ഞു. ഇത്തരം നടപടികൾ ഫാസിസമാണ്. കേരളത്തിൽ തട്ടിപ്പും വെട്ടിപ്പും കൊലപാതകങ്ങളും ലോക്കപ്പ് മരണങ്ങളുമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനദ്രോഹ സർക്കാർ എത്രയും വേഗം രാജിവെച്ച് പുറത്തു പോകണമെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി റാം മോഹൻ പറഞ്ഞു. 
യൂണിവേഴ്‌സിറ്റി കോളേജിൽ നടന്ന എല്ലാ പ്രശ്‌നങ്ങൾക്കും ഉത്തരവാദി മുഖ്യമന്ത്രിയും സർക്കാരും സി.പി.എമ്മും ആണെന്ന് സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി ജോൺ ആരോപിച്ചു. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ അധ്യക്ഷനായിരുന്നു. 
എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി ജോസഫ്, പി.ടി. തോമസ്, വി.എസ്. ശിവകുമാർ, എം. വിൻസെന്റ്, ഷാഫി പറമ്പിൽ, വി.ടി. ബൽറാം, വി.പി. സജീന്ദ്രൻ, എ.പി. അനിൽ കുമാർ, എൽദോസ് കുന്നപ്പള്ളി, അനിൽ അക്കര, കെ.എൻ.എ. ഖാദർ, ഹമീദ്, ടി. അഹമ്മദ് കബീർ, സി. മമ്മൂട്ടി, എൻ.എ നെല്ലിക്കുന്ന്, സി.എഫ്. തോമസ്, മോൻസ് ജോസഫ്, സണ്ണി ജോസഫ്, റോഷി അഗസ്റ്റിൻ, കെ.ടി. അബ്ദദുറബ്ബ്, ടി.വി. എബ്രാഹിം, അബീദ് ഹുസൈൻ തങ്ങൾ, പി.കെ. ബഷീർ തുടങ്ങിയവർ പങ്കെടുത്തു.
 

Latest News