Sorry, you need to enable JavaScript to visit this website.

പ്രതിഷേധം കടുപ്പിച്ച് കെ.എസ്.യു ഇന്ന് സംസ്ഥാനത്ത് പഠിപ്പുമുടക്ക്

തിരുവനന്തപുരം- യൂനിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഘർഷങ്ങൾക്കു പിന്നാലെ പരീക്ഷാ ക്രമക്കേടുകൾ ഉയർന്ന സാഹചര്യത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കെ.എസ്.യു പ്രതിഷേധം കടുപ്പിക്കുന്നു. 
ഇക്കാര്യം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന നിരാഹാര സമരത്തോട് സർക്കാർ സ്വീകരിക്കുന്ന പ്രതികൂല നിലപാടിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കിന് കെ.എസ്.യു ആഹ്വാനം ചെയ്തു. ഹയർ സെക്കൻഡറി തലം വരെയുള്ള സ്‌കൂളുകളെ പഠിപ്പ് മുടക്കലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും കെ.എസ്.യു നേതൃത്വം വാർത്താക്കുറിപ്പിൽ അറിയിച്ചു. ശനിയാഴ്ച രാവിലെ മുതൽ ഞായറാഴ്ച രാവിലെ വരെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ രാപ്പകൽ സമരവും സംഘടിപ്പിക്കുമെന്ന് കെ.എസ്.യു വ്യക്തമാക്കി. 
പി.എസ്.സി പരീക്ഷാ ക്രമക്കേടുകളിലും യൂനിവേഴ്‌സിറ്റി പരീക്ഷാ ക്രമക്കേടുകളിലും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാണ് കെ.എസ്.യു നിരാഹാര സമരം നടത്തുന്നത്. അതിനിടെ ഇന്നലെ കെ.എസ്.യു പ്രവർത്തകർ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന്റെ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. സെക്രട്ടറിയറ്റ് അനക്‌സ് ഒന്നിൽ പ്രവർത്തിക്കുന്ന ഓഫീസിനു മുന്നിൽ പ്രതിഷേധിച്ച വനിതകൾ ഉൾപ്പെടെയുള്ള പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. കഴിഞ്ഞ ദിവസം കെ.എസ്.യു നേതാവ് ശിൽപ സെക്രട്ടറിയേറ്റിന്റെ മതിൽ ചാടി മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിനു മുന്നിലെത്തിയിരുന്നു.
 

Latest News