Sorry, you need to enable JavaScript to visit this website.

ഹജ്: ഇക്കോണമി സീറ്റുകൾ തീർന്നു

ജിദ്ദ - ആഭ്യന്തര ഹജ് തീർഥാടകർക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ഹജ് നിർവഹിക്കുന്നതിന് അവസരമൊരുക്കുന്ന ഇക്കോണമി വിഭാഗങ്ങളിൽ മുഴുവൻ സീറ്റുകളും തീർന്നു. ദുൽഖഅ്ദ ഒന്നിനാണ് ഇ-ട്രാക്ക് വഴി ആഭ്യന്തര ഹജ് തീർഥാടകരുടെ രജിസ്‌ട്രേഷന് തുടക്കമായത്. പതിമൂന്നു ദിവസത്തിനിടെ ഇക്കോണമി-1, ഇക്കോണമി-2 വിഭാഗങ്ങളിലെ മുഴുവൻ സീറ്റുകളും തീർന്നു. അൽദിയാഫ-4 വിഭാഗത്തിലെ സീറ്റുകളും ഏറെക്കുറെ തീരാറായിട്ടുണ്ട്. സീറ്റുകളുടെ ലഭ്യത അനുസരിച്ച് ദുൽഹജ് ഏഴു വരെ ഇ-ട്രാക്ക് വഴി ഹജിന് രജിസ്റ്റർ ചെയ്യാവുന്നതാണ്. 
ഇതിനകം രജിസ്റ്റർ ചെയ്ത് പണമടച്ച ആരെങ്കിലും രജിസ്‌ട്രേഷൻ റദ്ദാക്കിയാൽ മാത്രമേ ഇക്കോണമി വിഭാഗങ്ങളിൽ പുതിയ ആളുകൾക്ക് അവസരം ലഭിക്കുകയുള്ളൂ.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ കൊല്ലം ഇ-ട്രാക്ക് വഴി ഹജിന് രജിസ്റ്റർ ചെയ്യുന്നതിന് സ്വദേശികളിൽ നിന്നും വിദേശികളിൽ നിന്നും വലിയ ഡിമാന്റ് ആണുള്ളത്. ഇക്കോണമി-1 വിഭാഗത്തിൽ ആകെ 26,142 സീറ്റുകളാണുള്ളത്. ഈ വിഭാഗത്തിൽ 3447 റിയാൽ മുതൽ 4797 റിയാൽ വരെയാണ് നിരക്ക്. ഇക്കോണമി-2 വിഭാഗത്തിൽ 3465 റിയാലാണ് നിരക്ക്. ഈ വിഭാഗത്തിൽ ആകെ പതിനായിരം സീറ്റുകളാണുള്ളത്. 
അൽദിയാഫ-1 വിഭാഗത്തിൽ 7561 റിയാൽ മുതൽ 8161 റിയാൽ വരെയും അൽദിയാഫ-2 വിഭാഗത്തിൽ 7310 റിയാൽ മുതൽ 7910 റിയാൽ വരെയും അൽദിയാഫ-3 വിഭാഗത്തിൽ 6508 റിയാൽ മുതൽ 7108 റിയാൽ വരെയും അൽദിയാഫ-4 വിഭാഗത്തിൽ 5708 റിയാൽ മുതൽ 6308 റിയാൽ വരെയുമാണ് നിരക്ക്. മിനായിലെ മലമുകളിലെ ബഹുനില കെട്ടിടങ്ങളിൽ താമസം നൽകുന്ന അൽദിയാഫ അബ്‌റാജ് വിഭാഗത്തിൽ 11,905 റിയാലാണ് നിരക്ക്. 
ഈ വർഷം സൗദി അറേബ്യക്കകത്തു നിന്ന് ആകെ 2,30,000 പേർക്കാണ് ഹജിന് അവസരം ലഭിക്കുക. ഇതിൽ 2,20,000 ഓളം സീറ്റുകളിലേക്കാണ് ഇ-ട്രാക്ക് വഴി രജിസ്‌ട്രേഷൻ നടത്തുന്നത്. അവശേഷിക്കുന്ന സീറ്റുകളിലേക്ക് സ്വന്തം നിലക്ക് തീർഥാടകരെ തെരഞ്ഞെടുക്കുന്നതിന് ആഭ്യന്തര ഹജ് സർവീസ് കമ്പനികളെയും സ്ഥാപനങ്ങളെയും അനുവദിച്ചിട്ടുണ്ട്. ഈ വർഷം 190 ആഭ്യന്തര ഹജ് സർവീസ് കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമാണ് പ്രവർത്തനാനുമതിയുള്ളത്.


 

Tags

Latest News