Sorry, you need to enable JavaScript to visit this website.

കിംഗ് അബ്ദുല്ല ഗാർഡൻസ് പദ്ധതി പൂർത്തീകരിക്കുന്നതിന് കരാർ

റിയാദ് - തലസ്ഥാന നഗരിയിലെ കിംഗ് അബ്ദുല്ല ഇന്റർനാഷണൽ ഗാർഡൻസ് പദ്ധതി പൂർത്തീകരിക്കുന്നതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിർദേശം നൽകി. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സമർപ്പിച്ച ശുപാർശയുടെ അടിസ്ഥാനത്തിലാണ് റിയാദ് നഗരസഭ തയാറാക്കിയ പഠനങ്ങൾക്കും രൂപകൽപനകൾക്കും അനുസൃതമായി പാർക്ക് പദ്ധതി പൂർത്തീകരിക്കുന്നതിന് രാജാവ് നിർദേശിച്ചത്. 
പദ്ധതി പൂർത്തീകരണ കരാറിൽ ആക്ടിംഗ് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രി ഡോ. മാജിദ് അൽഖസബി ഇന്നലെ ഒപ്പുവെച്ചു. സൗദിയിൽ ഹരിതവൽക്കൃത പ്രദേശങ്ങളുടെ വിസ്തീർണം വർധിപ്പിക്കുന്നതിന് ലക്ഷ്യമിടുന്ന വിഷൻ 2030 പദ്ധതിക്ക് അനുസൃതമായാണ് കിംഗ് അബ്ദുല്ല ഇന്റർനാഷണൽ ഗാർഡൻസ് പദ്ധതി പൂർത്തീകരിക്കുന്നത്. റിയാദ് നഗരസഭ ടെണ്ടർ ക്ഷണിച്ച് സൈദ് അൽഹുസൈൻ ആന്റ് ബ്രദേഴ്‌സ് ഗ്രൂപ്പിനാണ് കരാർ നൽകിയിരിക്കുന്നതെന്ന് റിയാദ് മേയർ എൻജിനീയർ താരിഖ് അൽഫാരിസ് പറഞ്ഞു. 160.2 കോടി റിയാലാണ് കരാർ തുക. കരാർ കാലാവധി 30 മാസമാണ്. 
പശ്ചിമ റിയാദിൽ ജിദ്ദ എക്‌സ്പ്രസ്‌വേയോട് ചേർന്ന് ആകെ 21 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണമുള്ള സ്ഥലത്താണ് കിംഗ് അബ്ദുല്ല ഇന്റർനാഷണൽ ഗാർഡൻസ് പദ്ധതി നടപ്പാക്കുന്നത്. വിഷൻ 2030 പദ്ധതിയുടെ ഭാഗമായ ജീവിത ഗുണനിലവാര പ്രോഗ്രാമുമായി ഒത്തുപോകുന്ന സവിശേഷ പദ്ധതികളിൽ ഒന്നാണിത്. രണ്ടു ഭീമൻ ചന്ദ്രക്കലകളുടെ രൂപത്തിലുള്ള പ്രധാന കെട്ടിടം അടങ്ങിയതാണ് അബ്ദുല്ല ഇന്റർനാഷണൽ ഗാർഡൻസ് പദ്ധതി. സസ്യ മ്യൂസിയം, ജല പാർക്ക്, വാലി പാർക്ക്, ഇന്റർനാഷണൽ പാർക്ക് എന്നിവ അടങ്ങിയതാണ് പദ്ധതി. പക്ഷി പാർക്ക്, ശലഭ പാർക്ക്, നാച്വറൽ പാർക്ക്, ശബ്ദ-വെളിച്ച പാർക്ക്, ഡിസ്‌കവറി പാർക്ക്, മെയ്‌സ് പാർക്ക് എന്നിവ അടക്കമുള്ള ശാസ്ത്ര പാർക്കുകളും അബ്ദുല്ല ഇന്റർനാഷണൽ ഗാർഡൻസ് പദ്ധതിയിലുണ്ടാകും. 
വ്യത്യസ്തങ്ങളായ ഏഴു സസ്യ പാർക്കുകളും വാക്കിംഗ് ട്രാക്കുകളും റെസ്റ്റോറന്റുകളും കഫേകളും വാച്ചിംഗ് ടവറുകളും വ്യത്യസ്ത പരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള ചത്വരവും അയ്യായിരം കാറുകൾ നിർത്തിയിടുന്നതിന് വിശാലമായ പാർക്കിംഗും മറ്റു അനുബന്ധ സൗകര്യങ്ങളും സേവനങ്ങളും അബ്ദുല്ല ഇന്റർനാഷണൽ ഗാർഡൻസ് പദ്ധതിയിലുണ്ടാകുമെന്നും റിയാദ് മേയർ എൻജിനീയർ താരിഖ് അൽഫാരിസ് പറഞ്ഞു.

Tags

Latest News