Sorry, you need to enable JavaScript to visit this website.

ചില്ലറ വ്യാപാര സ്ഥാപനങ്ങൾ പത്തു ശതമാനം കൂടി 

റിയാദ് - ഈ വർഷം ആദ്യ പാദത്തിൽ ചില്ലറ വ്യാപാര മേഖലയിൽ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകളുടെ എണ്ണത്തിൽ പത്തു ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ഔദ്യോഗിക കണക്ക്. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ചില്ലറ വ്യാപാര മേഖലയിൽ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകളിൽ 15,844 എണ്ണത്തിന്റെ വർധനവാണുണ്ടായത്. ആദ്യ പാദാവസാനത്തെ കണക്കുകൾ പ്രകാരം ഈ മേഖലയിൽ 1,73,141 കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകളാണുള്ളത്. കഴിഞ്ഞ വർഷാവസാനം ഇത് 1,57,297 ആയിരുന്നു. സൗദിയിൽ ചില്ലറ വ്യാപാര മേഖലയുടെ ശേഷി 37,500 കോടി റിയാലാണെന്നാണ് കണക്കാക്കുന്നത്. 
2030 ഓടെ ഈ മേഖലയിലെ ജീവനക്കാരുടെ എണ്ണം 25 ലക്ഷമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ ചില്ലറ വ്യാപാര മേഖലയിൽ 15 ലക്ഷം തൊഴിലാളികളാണുള്ളത്. 
ചില്ലറ വ്യാപാര മേഖലയിൽ സൗദി ജീവനക്കാരുടെ എണ്ണം ഒരു വർഷത്തിനിടെ മുപ്പതു ശതമാനം തോതിൽ വർധിച്ചിട്ടുണ്ട്. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കുന്ന സ്വദേശിവൽക്കരണ പദ്ധതികളാണ് ഈ നേട്ടം കൈവരിക്കുന്നതിന് സഹായിച്ചത്. കഴിഞ്ഞ വർഷാവസാനത്തെ കണക്കുകൾ പ്രകാരം ചില്ലറ വ്യാപാര മേഖലയിൽ 2,62,000 സൗദികൾ ജോലി ചെയ്യുന്നുണ്ട്. 2017 അവസാനത്തിൽ ഈ മേഖലയിൽ സൗദി ജീവനക്കാർ 2,08,000 ആയിരുന്നു. 
ചില്ലറ വ്യാപാര മേഖലയിൽ സെയിൽസ്മാൻ തസ്തികയിൽ സൗദിവൽക്കരണം 49.8 ശതമാനമായി ഉയർന്നിട്ടുണ്ട്. ഈ മേഖലയിൽ ആകെ 5,27,000 സെയിൽസ്മാന്മാരാണുള്ളത്. ഇക്കൂട്ടത്തിൽ 2,65,000 പേർ വിദേശികളാണ്. ചില്ലറ വ്യാപാര മേഖലയിൽ ജോലി ചെയ്യുന്ന സെയിൽസ് ഗേളുകളിൽ 95 ശതമാനവും സ്വദേശികളാണ്. ആകെ 1,31,861 സെയിൽസ് ഗേളുകളാണ് രാജ്യത്തുള്ളത്. ഇക്കൂട്ടത്തിൽ 1,25,000 പേർ സൗദി വനിതകളാണ്. 7022 വിദേശ വനിതകളും ഈ രംഗത്ത് ജോലി ചെയ്യുന്നു. 
സെയിൽസ്മാന്മാരിൽ കൂടുതൽ വിദേശികളാണ്. 2,58,250 വിദേശികൾ സെയിൽമാൻ പ്രൊഫഷനിൽ ജോലി ചെയ്യുന്നു. ഈ മേഖലയിൽ സ്വദേശികൾ 1,37,000 ആണ്. സൗദികളും വിദേശികളും അടക്കം 3,95,000 പുരുഷ സെയിൽസ്മാന്മാർ ചില്ലറ വ്യാപാര മേഖലയിൽ ജോലി ചെയ്യുന്നുണ്ട്.
 

Tags

Latest News