Sorry, you need to enable JavaScript to visit this website.

ബാങ്ക് വിളി തടയുന്നത് കണ്ണൂരിലെ സി.പി.എം  പാർട്ടി ഗ്രാമങ്ങളിലെന്ന് അബ്ദുല്ലക്കുട്ടി

കാസർകോട് - കണ്ണൂരിലെ സി.പി.എം പാർട്ടി ഗ്രാമങ്ങളിലാണ് കൊല്ലലും കത്തിക്കലും നടക്കുന്നതെന്നും ബാങ്ക് വിളി പോലും തടയുന്നത് അവിടെയാണെന്നും എ.പി. അബ്ദുല്ലക്കുട്ടി. മുസ്‌ലിം സമുദായത്തിലെ പാവങ്ങൾക്കിടയിൽ ഇടതു, വലത് മുന്നണികൾ നടത്തിയ കള്ളപ്രചാരണമാണ് അവരെ ദേശീയ പാർട്ടിയായ ബി.ജെ.പിയിൽനിന്ന് അകറ്റി നിർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരമൊരു പ്രാചരണം തന്റെ ഉമ്മയെ പോലും ബേജാറിലാക്കി. താൻ ബി.ജെ.പി അംഗത്വമെടുക്കുന്നത് പറയാൻ ഉമ്മയെ കാണാൻ ചെന്നപ്പോൾ മോഡി വീണ്ടും അധികാരത്തിൽ വന്നാൽ നമ്മളെയെല്ലാം കത്തിക്കില്ലേയെന്ന് ഉമ്മ ചോദിച്ചു. ബി.ജെ.പിയിൽ ചേർന്നുവെന്ന് പരസ്യമായി പറയാൻ മുസ്‌ലിംകൾ പേടിക്കുകയാണ്. കോഴിക്കോട്ടു നിന്ന് ബി.ജെ.പിയിൽ ചേരാനെത്തിയ 30 പേരിൽ 15 പേർ മാത്രമാണ് വേദിയിലെത്താൻ ധൈര്യം കാണിച്ചത്. അധികം താമസിയാതെ കേരളവും ബി.ജെ.പിക്ക് അനുകൂലമായി കലങ്ങിത്തെളിയും. മോഡിയുടെ വികസന കാഴ്ചപ്പാടുകളെ പിന്തുണച്ചതിന്റെ പേരിൽ ഇടതു, വലത് മുന്നണികളിൽനിന്ന് പടിയടച്ച് പിണ്ഡം വെച്ച സാഹചര്യത്തിൽ തന്റെ രാഷ്ട്രീയ ജീവിതത്തിലെ പുനർജന്മമാണ് ബി.ജെ.പി പ്രവേശനമെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞു. ന്യൂനപക്ഷ മോർച്ച കാസർകോട് ജില്ലാ തല അംഗത്വവിതരണ കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അംഗത്വമെടുത്ത എം.ജെ. ജോയി, പി.എഫ്. സെബാസ്റ്റ്യൻ, എ.യു. മത്തായി, ബേബി മാത്യു, ഇബ്രാഹിം എന്നിവരെ അബ്ദുല്ലക്കുട്ടി ഷാളണിയിച്ച് സ്വീകരിച്ചു. ന്യൂനപക്ഷ മോർച്ച കാസർകോട് ജില്ലാ പ്രസിഡണ്ട് കെ.വി. മാത്യു അദ്ധ്യക്ഷത വഹിച്ചു.
 

Latest News