Sorry, you need to enable JavaScript to visit this website.

മക്കയിലെ ജല പദ്ധതികൾ ഗവർണർ ഉദ്ഘാടനം ചെയ്തു

മക്ക - ഹജ്, ഉംറ തീർഥാടകരെയും മക്ക നിവാസികൾക്കും പ്രയോജനം ലഭിക്കുന്നതിന് മക്കയിലും പുണ്യസ്ഥലങ്ങളിലും പൂർത്തിയാക്കിയ ആറു ജല പദ്ധതികൾ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ ഇന്നലെ ഉദ്ഘാടനം ചെയ്തു. 310 കോടിയിലേറെ റിയാൽ ചെലവഴിച്ച് പൂർത്തിയാക്കിയ പദ്ധതികളാണ് ഗവർണർ കമ്മീഷൻ ചെയ്തത്. മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ ബദ്ർ ബിൻ സുൽത്താൻ രാജകുമാരനും ജിദ്ദ ഗവർണർ മിശ്അൽ ബിൻ മാജിദ് രാജകുമാരനും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഈ വർഷത്തെ ഹജിനു മുന്നോടിയായാണ് ജല പദ്ധതികൾ ഉദ്ഘാടനം ചെയ്തത്. 
മക്ക സന്ദർശകർക്കും തീർഥാടകർക്കും പുതിയ പദ്ധതികൾ ഗുണം ചെയ്യുമെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രി എൻജിനീയർ അബ്ദുൽമുഹ്‌സിൻ അൽഫദ്‌ലി പറഞ്ഞു. ശുഅയ്ബ സമുദ്രജല ശുദ്ധീകരണ ശാലയിൽ നിന്ന് ശുദ്ധീകരിച്ച ജലം മക്കയിലും പുണ്യസ്ഥലങ്ങളിലും എത്തിക്കുന്ന പൈപ്പ്‌ലൈൻ, ശുഅയ്ബ സമുദ്രജല ശുദ്ധീകരണ ശാല രണ്ടാം ഘട്ടം എന്നിവയാണ് ഇന്നലെ ഗവർണർ ഉദ്ഘാടനം ചെയ്ത പ്രധാന പദ്ധതികൾ. പ്രതിദിനം രണ്ടര ലക്ഷം ഘനമീറ്റർ സമുദ്രജലം ശുദ്ധീകരിക്കുന്നതിന് ശേഷിയുള്ള ശുഅയ്ബ പ്ലാന്റിന്റെ രണ്ടാം ഘട്ടം 117.5 കോടി റിയാൽ ചെലവഴിച്ചാണ് പൂർത്തിയാക്കിയത്. പൈപ്പ്‌ലൈൻ പദ്ധതിക്ക് ചെലവ് 87.5 കോടി റിയാലാണ്. 
മക്ക നഗരത്തിലെയും പുണ്യസ്ഥലങ്ങളിലെയും ജല പൈപ്പ്‌ലൈനുകൾ, ഗാർഹിക കണക്ഷനുകൾ, ജല സംഭരണികൾ, മലിനജല പൈപ്പ്‌ലൈൻ ശൃംഖല, മലിനജല പൈപ്പ്‌ലൈൻ കണക്ഷനുകൾ എന്നിവ അടങ്ങിയ ജല സേവന പദ്ധതികളും ഗവർണർ ഉദ്ഘാടനം ചെയ്തു. ഈ പദ്ധതികൾ 60 കോടിയിലേറെ റിയാൽ ചെലവഴിച്ചാണ് പൂർത്തിയാക്കിയത്. മൾട്ടി എഫക്ട് ഇവാപൊറേഷൻ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ശുഅയ്ബ സമുദ്രജല ശുദ്ധീകരണ യൂനിറ്റും ഗവർണർ ഉദ്ഘാടനം ചെയ്തു. 46.5 കോടി റിയാൽ ചെലവഴിച്ചാണ് ഈ പദ്ധതി പൂർത്തിയാക്കിയതെന്നും പരിസ്ഥിതി, ജല, കൃഷി മന്ത്രി എൻജിനീയർ അബ്ദുൽമുഹ്‌സിൻ അൽഫദ്‌ലി പറഞ്ഞു.
 

Tags

Latest News