Sorry, you need to enable JavaScript to visit this website.

ഇനി ഫുട്‌ബോള്‍ ലോകകപ്പ്, ഇന്ത്യയുടെ വഴി അറിയാം

ക്വാലാലംപൂര്‍ - 2022 ല്‍ ഖത്തറില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ പങ്കെടുക്കാനുള്ള ഏഷ്യന്‍ ടീമുകളുടെ രണ്ടാം ഘട്ട യാത്ര ആരംഭിക്കുന്നു. ദുര്‍ബല ടീമുകള്‍ പ്രാഥമിക ഘട്ടത്തില്‍ പുറത്തായതോടെ 40 ടീമുകള്‍ക്കാണ് സാധ്യത അവശേഷിക്കുന്നത്. ഈ ടീമുകളെ ഗ്രൂപ്പുകളായി തിരിക്കാനുള്ള നറുക്കെടുപ്പ് ബുധനാഴ്ച ക്വാലാലംപൂരിലെ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ആസ്ഥാനത്ത് അരങ്ങേറും. 
ഇന്ത്യയുള്‍പ്പെടെ 34 മുന്‍നിര ഏഷ്യന്‍ റാങ്കുകാര്‍ക്ക് നേരിട്ട് രണ്ടാം റൗണ്ടിലേക്ക് സ്ഥാനം നല്‍കിയിട്ടുണ്ട്. ആറ് ടീമുകള്‍ പ്രാഥമിക റൗണ്ടില്‍ നിന്ന് മുന്നേറിയവയാണ്. ബംഗ്ലാദേശ്, കംബോഡിയ, ഗുവാം, മലേഷ്യ, മംഗോളിയ, ശ്രീലങ്ക ടീമുകളാണ് പ്രാഥമിക ഘട്ടം കടന്നു വന്നത്. 
രണ്ടാം റൗണ്ടില്‍ അഞ്ച് ടീമുകള്‍ വീതമുള്ള എട്ട് ഗ്രൂപ്പുകളാണ് ഉണ്ടാവുക. ഇറാന്‍, ജപ്പാന്‍, തെക്കന്‍ കൊറിയ, ഓസ്‌ട്രേലിയ, ഖത്തര്‍, യു.എ.ഇ, സൗദി അറേബ്യ, ചൈന ടീമുകളാണ് ഇതില്‍ മുന്‍നിര റാങ്കുകാര്‍. ഇതില്‍ രണ്ടു ടീമുകള്‍ ഒരു ഗ്രൂപ്പിലുണ്ടാവും. ഇറാഖ്, ഉസ്‌ബെക്കിസ്ഥാന്‍, സിറിയ, ഒമാന്‍, ലെബനോന്‍, കിര്‍ഗിസ്ഥാന്‍, വിയറ്റ്‌നാം, ജോര്‍ദാന്‍ ടീമുകളെ ഒരു കുടത്തിലാക്കിയാണ് രണ്ടാമത്തെ നറുക്കെടുപ്പ് നടക്കുക. ഇന്ത്യ, ഫലസ്തീന്‍, ബഹ്‌റൈന്‍, താജിക്കിസ്ഥാന്‍, തായ്‌ലന്റ്, വടക്കന്‍ കൊറിയ, ചൈനീസ് തായ്‌പെയ്, ഫിലിപ്പൈന്‍സ് ടീമുകളാണ് മൂന്നാമത്തെ കുടത്തില്‍. 
സെപ്റ്റംബര്‍ 5 മുതല്‍ 2020 ജൂണ്‍ 9 വരെ രണ്ടാം റൗണ്ട് മത്സരങ്ങള്‍ അരങ്ങേറും. എട്ട് ഗ്രൂപ്പ് ചാമ്പ്യന്മാരും നാല് മികച്ച റണ്ണേഴ്‌സ്അപ്പുകളും മൂന്നാം റൗണ്ടിലേക്ക് മുന്നേറും. ഈ 12 ടീമുകള്‍ 2023 ലെ ഏഷ്യന്‍ കപ്പിന് യോഗ്യത നേടും.   
 

Latest News