Sorry, you need to enable JavaScript to visit this website.

സ്ഥാപനത്തിൽ കാലാവധി തീർന്ന ഉൽപന്നങ്ങൾ; ഇന്ത്യക്കാരന് പിഴയും തടവും നാടുകടത്തലും

മക്കയിൽ പെട്രോൾ ബങ്ക് നടത്തിയ ഇന്ത്യക്കാരനും ശിക്ഷ

ദമാം - കാലാവധി തീർന്ന ഭക്ഷ്യവസ്തുക്കൾ വിൽപനക്ക് സൂക്ഷിച്ച കേസിൽ ഇന്ത്യക്കാരന് ദമാം അഡ്മിനിസ്‌ട്രേറ്റീവ് കോടതി പിഴയും തടവും നാടുകടത്തലും ശിക്ഷ വിധിച്ചു. ദമാമിലെ മൊത്ത, ചില്ലറ വ്യാപാര സ്ഥാപനമായ അൽമദീന ഇംപോർട്ട് ആന്റ് ട്രേഡിംഗ് കമ്പനിക്കും, സ്ഥാപന നടത്തിപ്പ് ചുമതല വഹിച്ചിരുന്ന ഇന്ത്യക്കാരൻ മുഹമ്മദ് ഇല്യാസിനും കോടതി രണ്ടു ലക്ഷം റിയാലാണ് പിഴ ചുമത്തിയത്. ഇയാൾക്ക് ഒരു മാസം തടവും വിധിച്ചിട്ടുണ്ട്. ശിക്ഷ പൂർത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്തുന്നതിനും പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്തുന്നതിനും കോടതി ഉത്തരവിട്ടു. 
സ്ഥാപനം രണ്ടു മാസത്തേക്ക് അടപ്പിക്കുന്നതിനും വിധിയുണ്ട്. വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥർ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ വിൽപനക്ക് സൂക്ഷിച്ച കാലാവധി തീർന്ന പാൽക്കട്ടി, ജ്യൂസ് ശേഖരം കണ്ടെത്തുകയായിരുന്നു. ഇവ പിടിച്ചെടുത്ത് നശിപ്പിക്കുന്നതിനും കോടതി വിധിച്ചു. സ്ഥാപനത്തിന്റെയും ഇന്ത്യക്കാരന്റെയും പേരുവിവരങ്ങളും ഇവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും നിയമ ലംഘകരുടെ ചെലവിൽ രണ്ടു പ്രാദേശിക പത്രങ്ങളിൽ പരസ്യം ചെയ്യുന്നതിനും കോടതി ഉത്തരവിട്ടു. 
മക്കയിൽ മായം കലർത്തിയ ഇന്ധനം വിറ്റ കേസിൽ മറ്റൊരു ഇന്ത്യക്കാരനെയും കോടതി ശിക്ഷിച്ചു. വാദി നഖ്‌ലതുൽ യെമാനിയ പെട്രോൾ ബങ്ക് നടത്തിപ്പ് കരാറേറ്റെടുത്ത സൗദി പൗരന്മാരായ മൗസിം ബിൻ സ്വാലിഹ് അൽഖുഥാമി, ഹസ്സാൻ ബിൻ മുസാഅദ് അൽഹുതൈരിശി, ബങ്ക് നടത്തിപ്പ് ചുമതല വഹിച്ചിരുന്ന ഇന്ത്യക്കാരൻ അബ്ദുല്ലത്തീഫ് മുഹമ്മദ് എന്നിവർക്ക് കോടതി പിഴ ചുമത്തി. സ്ഥാപനം അടപ്പിക്കുന്നതിനും വിധിയുണ്ട്. നിയമ ലംഘകരുടെ പേരുവിവരങ്ങളും ഇവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും മൂവരുടെയും ചെലവിൽ രണ്ടു പത്രങ്ങളിൽ പരസ്യം ചെയ്യുന്നതിനും കോടതി വിധിച്ചു. മക്കയിൽ തായിഫ് റോഡിൽ പ്രവർത്തിക്കുന്ന പെട്രോൾ ബങ്കിൽ വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഗുണമേന്മാ മാനദണ്ഡങ്ങൾക്ക് നിരക്കാത്ത ഇന്ധനം വിൽക്കുന്നതായി കണ്ടെത്തുകയായിരുന്നു. 

Tags

Latest News