Sorry, you need to enable JavaScript to visit this website.

ജപ്പാന്‍ യുവപ്രതിഭയെ ബാഴ്‌സലോണ റാഞ്ചി

ബാഴ്‌സലോണ - ഇരുപതുകാരനായ ജപ്പാന്‍ വിംഗര്‍ ഹിരോകി ആബെ ബാഴ്‌സലോണയില്‍ ചേര്‍ന്നു. ജപ്പാന്‍ ക്ലബ് കഷീമ ആന്റ്‌ലേഴ്‌സില്‍ നിന്ന് 11 ലക്ഷം യൂറോക്കാണ് ആബെയെ ബാഴ്‌സലോണ സ്വന്തമാക്കിയത്. റിസര്‍വ് ടീമിലായിരിക്കും ആബെ അരങ്ങേറുക.
ജപ്പാന്‍ ഫുട്‌ബോളിലെ വലിയ വാഗ്ദാനമായാണ് ആബെ കരുതപ്പെടുന്നത്. കോപ അമേരിക്ക ടൂര്‍ണമെന്റില്‍ കഴിഞ്ഞ മാസം ആബെ ജപ്പാനു വേണ്ടി അരങ്ങേറി.  2018 ല്‍ ജപ്പാന്‍ ലീഗിലെ യംഗ് പ്ലയര്‍ ഓഫ് ദ ഇയറായിരുന്നു. ജപ്പാന്‍ മെസ്സി എന്നറിയപ്പെടുന്ന തകേഫൂസ കൂബെയെ കഴിഞ്ഞ മാസം റയല്‍ മഡ്രീഡ് ടീമിലെടുത്തിരുന്നു.
അതിനിടെ, അത്‌ലറ്റിക്കൊ മഡ്രീഡില്‍ നിന്ന് എത്തിയ ഫ്രഞ്ച് സ്‌ട്രൈക്കര്‍ ആന്റോയ്ന്‍ ഗ്രീസ്മാന്‍ ബാഴ്‌സലോണയില്‍ ആദ്യമായി പരിശീലനത്തിനിറങ്ങി. പുതുതായി ടീമിലെത്തിയ ഫ്രെങ്കി ഡി ജോംഗ്, നെറ്റൊ എന്നിവരും പരിശീലനത്തില്‍ പങ്കെടുത്തു. ഫ്രഞ്ച് ഫോര്‍വേഡ് ഉസ്മാന്‍ ദെംബെലെയും ഗോള്‍കീപ്പര്‍ മാര്‍ക്ക് ആന്ദ്രെ ടെര്‍‌സ്റ്റേഗനും പരിക്കില്‍ നിന്ന് മുക്തരായതായി ക്ലബ് പ്രഖ്യാപിച്ചു. കോപ അമേരിക്കക്കു ശേഷം ലിയണല്‍ മെസ്സിയും ലൂയിസ് സോറസും ഫിലിപ് കൗടിഞ്ഞോയും ആര്‍തറും ആര്‍തുറൊ വിദാലും വിശ്രമത്തിലാണ്.  

Latest News