Sorry, you need to enable JavaScript to visit this website.

തേയില ഉൽപാദനം കുറഞ്ഞു; സ്വർണ വില കൂടി

വരണ്ട കാലാവസ്ഥയും മഴയുടെ അഭാവവും തേയില തോട്ടങ്ങളെ പിന്നിട്ട മാസങ്ങളിൽ നിർജീവമാക്കി. കൊളുന്ത് നുള്ളിന് നേരിട്ട തടസ്സം മൂലം സംസ്ഥാനത്ത് തേയില ഉൽപാദനം കഴിഞ്ഞ രണ്ട് മാസങ്ങളിൽ 36 ശതമാനം കുറഞ്ഞു.    ജനുവരിക്ക് ശേഷം കാലാവസ്ഥയിലുണ്ടായ മാറ്റം തേയില തോട്ടങ്ങൾക്ക് കനത്ത ആഘാതമായി. ഏപ്രിൽ, ജൂണിൽ ഉൽപാദനം 21.30 ദശലക്ഷം കിലോയിൽ ഒതുങ്ങി. മുൻ വർഷം ഇതേ കാലയളവിൽ ഉൽപാദനം 25.25 ദശലക്ഷം കിലോയായിരുന്നു. ഫെബ്രുവരി - ഏപ്രിലിലെ കൊടും ചൂട് താങ്ങാനാവാതെ തേയില തോട്ടങ്ങളിൽ വ്യാപകമായ കൃഷിനാശം സംഭവിച്ചു. ജൂലൈ, ഓഗസ്റ്റിൽ മഴയുടെ ലഭ്യത മെച്ചപ്പെട്ടാൽ ഉൽപാദനം ഉയരുന്നതിനൊപ്പം ലേല കേന്ദ്രങ്ങളിലേക്കുള്ള വരവും കൂടും. 
കാലാവസ്ഥ വ്യതിയാനം മുഖ്യ ഉൽപാദന രാജ്യമായ കെനിയയെും ബാധിച്ചു. അതേ സമയം വിദേശ ഡിമാന്റ് മങ്ങിയത് കെനിയൻ തേയില വില കുറയാനിടയാക്കി. ഇതിന്റെ പ്രതിഫലനമായി ഇന്ത്യൻ തേയിലക്കും മുന്നേറാനാവാതെ വന്നു. വടക്കെ ഇന്ത്യയിൽ തേയില ഉൽപാദനം ഉയർന്ന തലത്തിലാണ്. നടപ്പ് വർഷം ആദ്യ ആറ് മാസങ്ങളിൽ ഉത്തരേന്ത്യയിൽ ഉൽപാദനം പതിനഞ്ച് ശതമാനം വർധിച്ചത് വിലക്കയറ്റത്തിന് തടസ്സമായി.   
ആഭ്യന്തര വിദേശ ആവശ്യക്കാർ ഏലക്ക ശേഖരിക്കാൻ വീണ്ടും രംഗത്ത്. ഓഗസ്റ്റ്, ഒക്‌ടോബറിൽ ആഭ്യന്തര ഡിമാന്റ് ഉയരുന്നത് മുന്നിൽ കണ്ടാണ് ചരക്ക് സംഭരിക്കുന്നത്. ഉൽപാദന കേന്ദ്രങ്ങളിൽ നിന്നുള്ള ചരക്ക് നീക്കം കുറഞ്ഞതിനാൽ ഏതാനും ആഴ്ചകളായി രംഗത്ത് നിന്ന് അൽപം പിൻമാറിയ വൻകിടകാർ വാരാവസാനം ഏലത്തിൽ പിടിമുറുക്കി. പുതിയ ഏലക്ക വരവിന് താമസം നേരിടുമെന്ന തിരിച്ചറിവ് വില ഉയർത്തി ചരക്ക് എടുക്കാൻ പ്രേരിപ്പിച്ചു. മികച്ചയിനം ഏലക്ക കിലോ 4000 രൂപയായി. 
ഉത്സവ വേളയിലെ ബംബർ വിൽപന മുന്നിൽ കണ്ട് വ്യവസായികൾ വിദേശ കുരുമുളക് ഇറക്കുമതി ഉയർത്തി. വിയറ്റ്‌നാം, ശ്രീലങ്കൻ മുളകിന് പുറമെ ബ്രസീലിയൻ മുളകും ആഭ്യന്തര മാർക്കറ്റിൽ ഇടം പിടിച്ചത് ഉൽപാദകർക്ക് തിരിച്ചടിയാവും. വില ഇടിവ് തടയാൻ തുടർച്ചയായി കാർഷകർ ചരക്ക് നീക്കം നിയന്ത്രിച്ചിട്ടും പിന്നിട്ടവാരം അൺ ഗാർബിൾഡ് 33,600 രൂപയിൽ നിന്ന് 33,300 രൂപയായി. സാർവദേശീയ വിപണിയിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 5350 ഡോളർ.  
ചുക്ക് വില സ്‌റ്റെഡിയാണ്. കാലവർഷം ശക്തി പ്രാപിക്കുന്നതോടെ വടക്കെ ഇന്ത്യയിൽ ഓർഡുകളെത്തുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. കൊച്ചിയിൽ മീഡിയം ചുക്ക് 25,500 രൂപ, ബെസ്റ്റ് ചുക്ക് 26,500 രൂപ. 
അവധി വ്യാപാരത്തിൽ റബറിന് നേരിട്ട തളർച്ച കണ്ട് വ്യവസായികൾ ഷീറ്റ് സംഭരണം കുറച്ചു. വരും ആഴ്ചകളിൽ ലഭ്യത ഉയരുമെന്ന സൂചനയാണ് അവധിയിൽ പ്രതിഫലിച്ചത്. വിദേശ വിപണികളിൽ നിന്നുള്ള പ്രതികൂല വാർത്തകൾ ഇന്ത്യൻ മാർക്കറ്റിനെയും സ്വാധീനിച്ചു.  റബർ ടാപ്പിങ് രംഗത്ത് ഉണർവ് കണ്ട് തുടങ്ങിയ അവസരത്തിലാണ് ഷീറ്റിന് ഡിമാന്റ്് മങ്ങിയത്. കൊച്ചി, കോട്ടയം വിപണികളിൽ പുതിയ ഷീറ്റ് വിൽപനക്ക് ഇറങ്ങിയില്ല. കൊച്ചിയിൽ നാലാം ഗ്രേഡ് 15,100 ൽ നിന്ന് 14,800 രൂപയായി കുറഞ്ഞു. അഞ്ചാം ഗ്രേഡ് 14,600 ലാണ്. സാങ്കേതികമായി വീക്ഷിച്ചാൽ ടോക്കോമിൽ റബർ സെല്ലിങ് മൂഡിലേക്ക് തിരിഞ്ഞതിനാൽ ഇന്ത്യൻ വിപണിയും തളർച്ചയിൽ അകപ്പെടാം. 
നാളികേരോൽപന്നങ്ങളെ ബാധിച്ച മാന്ദ്യം വിട്ടുമാറിയില്ല. ജനുവരി മുതൽ വില തകർച്ചയിൽ നീങ്ങുന്ന കൊപ്രക്ക് മഴയുടെ വരവോടെ തിരിച്ചുവരവിന് അവസരം ലഭിക്കുമെന്ന് ഉൽപാദകർ കണക്ക് കൂട്ടി. എന്നാൽ കാലവർഷം ദുർബലമായത് വിപണിയുടെ തിരിച്ചുവരവിന് തടയിട്ടു. വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി ഉയർന്നതും വെളിച്ചെണ്ണ വിൽപനയെ ബാധിച്ചു. പാം ഓയിൽ, സൂര്യകാന്തി എണ്ണകളുമായി മത്സരിക്കാനാവാതെ തളർന്നത് കൊപ്രക്കും തിരിച്ചടിയായി. മില്ലുകാർ കൊപ്ര സംഭരണം കുറച്ചതിനാൽ ചെറുകിട വിപണികളിൽ കിലോ 86 രൂപ വരെ താഴ്ന്നു. കൊച്ചിയിൽ കൊപ്ര 8635 രൂപയിലും വെളിച്ചെണ്ണ 12,900 രൂപയിലും പിണ്ണാക്ക് 2100-2900 രൂപയിലുമാണ്. 
കേരളത്തിൽ സ്വർണം പുതിയ റെക്കോർഡിൽ. ആഭരണ കേന്ദ്രങ്ങളിൽ പവൻ 25,520 ൽ നിന്ന് 25,800 ലേക്ക് ഉയർന്നു. ഗ്രാമിന് വില 3225 രൂപ. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1398 ഡോളറിൽ നിന്ന് 1415 ഡോളറായി.

Latest News