Sorry, you need to enable JavaScript to visit this website.

കേരളത്തിന് പുതിയ വികസന സാധ്യതകളുമായി ബ്ലൂ ഇക്കോണമി മീറ്റ്

ബ്ലൂ ഇക്കോണമി മീറ്റ് കൊച്ചിയിൽ നടന്നപ്പോൾ 

ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരങ്ങൾ പങ്കിടുന്ന രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക - നയതന്ത്ര ബന്ധം ശക്തിപ്പെടുത്തി  'ബ്ലൂ ഇക്കോണമി' വളർത്തിയെടുക്കുന്നതിന് ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ നടത്തുന്ന ഉദ്യമങ്ങളുടെ ഭാഗമായി 'ബ്ലൂ ഇക്കോണമി'യിൽ കേരളത്തിന്റെ സാധ്യതകൾ കണ്ടെത്തുന്നതിനുള്ള പ്രഥമ കൂടിയാലോചനാ യോഗം കൊച്ചിയിൽ നടന്നു. 
ബ്ലൂ ഇക്കോണമിയുടെ നിക്ഷേപ സാധ്യതകൾ കേരളം പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്ന് സംസ്ഥാന വ്യവസായ വകുപ്പ് ഡയറക്ടർ കെ. ബിജു പറഞ്ഞു. ബ്ലൂ ഇക്കോണമിയുടെ സാധ്യതകൾ കാര്യക്ഷമമായി നടപ്പിലാക്കിയ കൊറിയയെ ഇക്കാര്യത്തിൽ മാതൃകയാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിന്റെ തീരമേഖലയിലെ സാധാരണ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ ഉതകുന്ന പദ്ധതികൾ ബ്ലൂ ഇക്കോണമിയുടെ  ഭാഗമായി നടപ്പിലാക്കേണ്ടതുണ്ടെന്ന് സംസ്ഥാന വ്യവസായ വികസന കോർപറേഷൻ ചെയർമാൻ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് നിർദേശിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ ഇൻഡോ പസഫിക് ഡിവിഷൻ അണ്ടർ സെക്രട്ടറി ജിൻസ് കുരുവിള മറ്റം, മുൻ അംബാസഡറും ബ്ലൂ ഇക്കോണിക്കായി രൂപം നൽകിയ ഫിക്കി ടാസ്‌ക് ഫോഴ്‌സിന്റെ കോ ചെയർമാനുമായ അനൂപ് മുദ്ഗൽ, കൊൺറാഡ്  ഫൗണ്ടേഷന്റെ ഇന്ത്യ ഡെപ്യൂട്ടി ഹെഡ് പങ്കജ് മദൻ എന്നിവരും സംസാരിച്ചു. 
ബ്ലൂ ഇക്കോണമി കേരളത്തിന് മുന്നിൽ വെക്കുന്ന വ്യവസായ വികസന സാധ്യതകൾ,  നിക്ഷേപ സാധ്യതകൾ എന്നിവ മുൻനിർത്തിയായിരുന്നു ചർച്ചകൾ. ഫിഷറീസ്,  ടൂറിസം, ഷിപ്പിംഗ്, തുറമുഖ-ലോജിസ്റ്റിക് മേഖലകൾ, മൈനിംഗ്, സമുദ്ര ഗവേഷണ സാങ്കേതിക വിദ്യാ വിപുലീകരണം, സമുദ്ര തീരങ്ങളെ ഉപയോഗപ്പെടുത്തിയുള്ള ഊർജോൽപാദന സാധ്യതകൾ, മറൈൻ ബയോടെക്‌നോളജി, സമുദ്രജല ശുദ്ധീകരണം, പ്രാദേശിക വികസനത്തിലും വനിതാ സംരംഭകത്വത്തിലുമുള്ള സാധ്യതകൾ എന്നിവ മുൻനിർത്തി നടന്ന ചർച്ചകളിൽ  കേരളത്തിൽ പ്രവർത്തിക്കുന്ന വിവിധ ഗവേഷണ സ്ഥാപനങ്ങൾ,  വാണിജ്യ വ്യവസായ സംഘടനകൾ,  ടൂറിസം, മത്സ്യബന്ധന മേഖലയിലെ സ്ഥാപനങ്ങൾ തുടങ്ങിയവരുടെ അഭിപ്രായങ്ങൾ സമാഹരിച്ചു. യോഗത്തിൽ  ഉരുത്തിരിഞ്ഞ നിർദേശങ്ങൾ ക്രോഡീകരിക്കുമെന്നും ഇതിന്റെ തുടർച്ചയായി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പിന്തുണയോടെ കൊച്ചിയിൽ വിപുലമായ ബ്ലൂ ഇക്കോണമി മീറ്റ് സംഘടിപ്പിക്കാൻ ആലോചിക്കുന്നതായും ഫിക്കി ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന വ്യവസായ വകുപ്പിന്റെയും കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷന്റെയും കൊൺറാഡ് ഫൗണ്ടേഷന്റെയും സഹകരണത്തോടെ ഫിക്കിയാണ് യോഗം സംഘടിപ്പിച്ചത്.
ഇന്ത്യൻ മഹാസമുദ്രത്തിന്റെ തീരങ്ങൾ പങ്കുവെക്കുന്ന 22 രാജ്യങ്ങൾ തമ്മിലുള്ള പരസ്പര സഹകരണത്തിനും ശാക്തീകരണത്തിനുമായുള്ള ബ്ലൂ ഇക്കോണമി ലോക സമ്പദ്‌വ്യവസ്ഥയെ സ്വാധീനിക്കുന്ന ശക്തിയായി മാറിയിട്ടുണ്ടെന്ന് അനൂപ് മുദ്ഗൽ പറഞ്ഞു. ബ്ലൂ എക്കോണമിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ഭക്ഷ്യ സുരക്ഷ, ദാരിദ്ര്യ നിർമാർജനം,  വാണിജ്യ നിക്ഷേപം, വിവിധ രാജ്യങ്ങൾക്കിടയിൽ മുദ്രഗതാഗതം, സാമൂഹ്യ സാമ്പത്തിക വികസനം, കൂടുതൽ തൊഴിലവസരങ്ങൾ എന്നിവ യാഥാർഥ്യമാക്കാൻ സാധിക്കും. പ്രധാനമന്ത്രിയുടെ സാഗർ പദ്ധതിക്ക്  അടിത്തറയൊരുക്കാൻ ബ്ലൂ ഇക്കോണമിക്ക് സാധിക്കുമെന്ന് മുദ്ഗൽ വ്യക്തമാക്കി. ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷന്റെ ബിസിനസ് സെക്രട്ടറിയേറ്റായ ഫിക്കിയാണ് രാജ്യത്തെ വിവിധ തീര സംസ്ഥാനങ്ങളിൽ ബ്ലൂ ഇക്കോണമിയുടെ സാധ്യതകൾ അവതരിപ്പിക്കുന്നതിന് മുൻകൈയെടുക്കുന്നത്. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുമായുള്ള കൂടിയാലോചനകളുടെ അടിസ്ഥാനത്തിൽ ഫിക്കി തയാറാക്കുന്ന റിപ്പോർട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് സമർപ്പിക്കും. ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ കോ ചെയർമാൻ ദീപക് എൽ അസ്വാനി സ്വാഗതവും സ്റ്റേറ്റ് ഹെഡ് സാവിയോ മാത്യു നന്ദിയും പറഞ്ഞു.    
വ്യവസായം, ടൂറിസം, ഫിഷറീസ് വകുപ്പുകൾ, കെ ബിപ്,  കൊച്ചി തുറമുഖ ട്രസ്റ്റ്, കൊച്ചി കപ്പൽശാല, ചെറുകിട തുറമുഖങ്ങൾ, കേരള ഷിപ്പിംഗ് ആന്റ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ, കൊച്ചി സെസ്,  കുഫോസ്, സി എം എഫ് ആർ ഐ, സി എസ് ഐ ആർ, കേരള മാരിടൈം ബോർഡ്, പെട്രോനെറ്റ് എൽ എൻ ജി, കശുവണ്ടി കയറ്റുമതി പ്രോത്സാഹന കൗൺസിൽ, സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിട്ടി, കുസാറ്റ്, റബർ ബോർഡ്, ഡി പി വേൾഡ്, കേരള ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രി, കൊച്ചിൻ ചേംബർ, മലബാർ ചേംബർ,  സിഫ്റ്റ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.

Latest News