Sorry, you need to enable JavaScript to visit this website.

മധുരം ചൊരിയും നാദാമൃതം

നാലു വർഷത്തോളം സൂര്യ ടി.വിയിൽ മിന്നലെ പരിപാടി അവതരിപ്പിച്ച ശേഷം ഇതേ പരിപാടി പിന്നീട് ജീവൻ ടി.വിയിലും ജയ്ഹിന്ദ് ടി.വിയിലും അവതരിപ്പിച്ചുകൊണ്ട് മിനി സ്‌ക്രീനിലെ സജീവ സാന്നിധ്യമായി മാറി. അതിനു ശേഷം കൈരളി ടി.വിയിൽ കാമ്പസ് ചില്ലീസുമായി കലാലയങ്ങളിലൂടെയുള്ള കറക്കം പുതിയ തലമുറയിൽ വലിയ മതിപ്പാണ് നസീറിന് നേടിക്കൊടുത്തത്. 

ഇഷ്ട ഗായകരിൽനിന്ന് ഇഷ്ട ഗാനങ്ങൾ കേൾക്കാൻ ഇഷ്ടപ്പെടാത്തവരുണ്ടാവില്ല. അതും വിവിധ ഭാഷകളിലുള്ള ഹിറ്റ് ഗാനങ്ങൾ അനർഗളമായി ആലപിക്കാൻ കഴിയുന്നവരാണെങ്കിൽ അവരോട് പ്രിയം കൂടും.  
പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ നസീർ മിന്നലെയെ സൗദി അറേബ്യയിൽ, പ്രത്യേകിച്ച ജിദ്ദ നഗരത്തിൽ ഇടക്കിടെ എത്താൻ സഹായിക്കുന്നത് ഈ ഇഷ്ടക്കാരുള്ളതുകൊണ്ടാണ്. ഒൻപതു തവണ പുണ്യനഗരിയുടെ കവാടമായ ജിദ്ദയിലെത്തി പരിപാടികൾ അവതരിപ്പിക്കാനുള്ള സൗഭാഗ്യം ഉണ്ടായതിന്റെ സന്തോഷത്തിലാണ് നസീർ. അറേബ്യൻ ഒയാസിസ് ജിദ്ദ ഭാരവാഹി ഹിജാസ് കൊച്ചിക്കൊപ്പം മലയാളം ന്യൂസ് സന്ദർശിക്കാനെത്തിയ നസീറിന് അതു പറയാനും പെരുത്ത് സന്തോഷം. സംഗീതത്തെ സ്‌നേഹിക്കുന്നവരുടെയും കലാസ്വാദകരുടെയും സങ്കേതമായാണ് നസീർ ജിദ്ദയെ കാണുന്നത്. ഗൾഫ് രാജ്യങ്ങളിലൊന്നാകെയും ലോകത്തിന്റെ പല കോണുകളിലും പോയി പരിപാടികൾ അവതരിപ്പിക്കുന്നുണ്ടെങ്കിലും ഇടക്കിടെ ജിദ്ദയിലെത്താൻ കഴിയുന്നത് തന്നെ പോലുള്ളവർക്ക് പ്രോത്സാഹനം നൽകാൻ മടിയില്ലാത്തവരാണ് ഇവിടെ ഉള്ളവരെന്നതുകൊണ്ടാണെന്ന് ഗഫൂർ ചാലിലിന്റെ സഹകരണത്തോടെ അറേബ്യൻ ഓയാസിസ് സംഘടിപ്പിച്ച സംഗീത  നിശയിൽ അൻസാറിനൊപ്പം പാടാനെത്തിയ നസീർ പറഞ്ഞു.
മലയാളം, ഹിന്ദി, തമിഴ് ഗാനങ്ങൾ അനായാസം പാടാൻ കഴിയുമെന്നതാണ് നസീറിലെ ഗായകന്റെ സവിശേഷത.
കേരളത്തിന്റെ കലാ ഉറവിടം എന്നു വിശേഷിപ്പിക്കുന്ന എറണാകുളം കലാഭവന്റെ ചാരത്ത് ജനിച്ചു വളർന്നതാണ് നസീറിനെ കലാകാരനാക്കി മാറ്റിയത്. ഇതോടൊപ്പം പ്രശസ്ത സംവിധായകൻ സിദ്ദീഖിന്റെ അയൽപക്ക ബന്ധവും കൊച്ചിൻ ഗിന്നസിലെ സൈനുദ്ദീന്റെ സാമീപ്യവുമെല്ലാം നസീറിലെ കലാകാരനെ വളരാൻ സഹായിച്ചു. സിദ്ദീഖ്‌ലാൽ ചിത്രമായ കാബൂളിവാലയിൽ ചെറിയ വേഷവും നസീർ ചെയ്തു. ഇതിനിടെ രണ്ടു വർഷം കലാഭവനിൽ സംഗീതം അഭ്യസിച്ചു. താമസം പാലാരിവട്ടത്തിനു സമീപം തമ്മനത്തേക്കു മാറ്റിയതോടെയാണ് നസീർ പ്രൊഫഷണൽ ഗായകനായി മാറിയത്. തമ്മനത്തെ വിനോദ ലൈബ്രറിയുടെ വാർഷികത്തിന് സ്റ്റേജിൽ ഗാനം ആലപിച്ചതോടെയാണ് ഗയകൻ എന്ന സ്ഥാനം കൈവന്നത്. പിന്നീട് കേരളത്തിലങ്ങോളമിങ്ങോളം നിരവധി സ്റ്റേജുകളും ടി.വി പരിപാടികളും നസീറിന് ലഭിച്ചു. 
2001 ൽ ഡോ. അജിത്, പെഗാസിസ് ഇവന്റിന്റെ അജിത് രവി, സുരേഷ് തമ്പി എന്നിവരുടെ മേൽനോട്ടത്തിൽ സൂര്യ ടിവി മിന്നലെ ബാന്റ് പരിപാടിക്ക് തുടക്കമിട്ടതോടെയാണ് 'മിന്നലെ' എന്ന പേര് നസീറിന് പതിച്ചു കിട്ടിയത്. ഗായകരായ അൻവർ സാദത്ത്, സാംശിവ, വിപിൻ സേവ്യർ, സയനോര, ഫ്രാങ്കോ, രമേശ് ബാബു എന്നിവരോടൊപ്പം സൂര്യ ടി.വിയിൽ മിന്നലെ പരിപാടി നാലു വർഷത്തോളം അവതരിപ്പിച്ചു. കേരളത്തിലെ ആദ്യ ബാൻഡ്് മിന്നലെയാണ്. പക്ഷേ അന്ന് യുട്യൂബ് ഇല്ലാതിരുന്നതിനാൽ തങ്ങൾക്ക് തൈക്കൂടത്തിനു ലഭിച്ചതു പോലുള്ള പ്രശസ്തി നേടാൻ കഴിഞ്ഞില്ല. തങ്ങൾ ബാൻഡുമായി വന്നപ്പോൾ പലരും മുഖം ചുളിച്ചു. എന്തുകൊണ്ട് ഇവർക്ക് മര്യാദക്ക് പാടിക്കൂടെന്നായിരുന്നു പലരുടേയും ചോദ്യം. എന്നാലിപ്പോൾ കാലം മാറിയെന്നും ഇന്ന് ബാൻഡിനാണ് മാർക്കറ്റെന്നും നസീർ പറയുന്നു.
നാലു വർഷത്തോളം സൂര്യ ടി.വിയിൽ മിന്നലെ പരിപാടി അവതരിപ്പിച്ച ശേഷം ഇതേ പരിപാടി പിന്നീട് ജീവൻ ടി.വിയിലും ജയ്ഹിന്ദ് ടി.വിയിലും അവതരിപ്പിച്ചുകൊണ്ട് മിനി സ്‌ക്രീനിലെ സജീവ സാന്നിധ്യമായി മാറി. അതിനു ശേഷം കൈരളി ടി.വിയിൽ കാമ്പസ് ചില്ലീസുമായി കലാലയങ്ങളിലൂടെയുള്ള കറക്കം പുതിയ തലമുറയിൽ വലിയ മതിപ്പാണ് നസീറിന് നേടിക്കൊടുത്തത്. 
ഗായികയും അവതാരകയുമായ ഭാര്യ ജീനുവിനും ജോയ് ജോൺ, സാംശിവ എന്നിവർക്കുമൊപ്പവുമായിരുന്നു കാമ്പസ് ചില്ലീസ് പരിപാടി അവതരിപ്പിച്ചത്. ഈ കൂട്ടുകെട്ടിന് അന്ന് കാമ്പസിലെ ട്രന്റായി മാറാൻ കഴിഞ്ഞിരുന്നു. പിന്നീട് നാട്ടിലും മറുനാട്ടിലുമായി പ്രൊഫഷണൽ ട്രൂപ്പുകളിലെ സ്ഥിരസാന്നിധ്യമായി നസീർ മാറി. ഇതോടെ പെഗാസിസ് ഇവന്റിൽ  ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് ഗാനാലാപനം സ്ഥിരം തൊഴിലാക്കി. 
ഇതിനിടെ അഞ്ചു സിനിമകളിൽ പാടുന്നതിനുള്ള അവസരവും നസീറിനു കൈവന്നു. റിയൽ ഫ്‌ളൈറ്റ് എന്ന സിനിമക്കു വേണ്ടിയായിരുന്നു ആദ്യമായി ചലച്ചിത്ര പിന്നണി ഗായകനായതെങ്കിലും അതു വെളിച്ചം കാണാതിരുന്നതിനാൽ ശ്രദ്ധിക്കപ്പെട്ടില്ല. പെൻമസാല, മുംബൈ ടാക്‌സി എന്നീ സിനിമകളിലും പാടിയിട്ടുണ്ട്. അവസാനമായി മമ്മി സെഞ്ചുറി സംവിധാനം ചെയ്ത കേണലും കിണറും എന്ന ചിത്രത്തിൽ  കുറേല...കൂറേല എന്ന ഗാനമാലപിക്കാനുള്ള ഭാഗ്യവും നസീറിനു ലഭിച്ചു. മിനി റിച്ചാർഡിന്റെ മഴയിൽ എന്ന ആൽബം ഉൾപ്പെടെ ആൽബങ്ങളിലും നസീർ പാടിയിട്ടുണ്ട്. ഗൾഫിൽ  ആദ്യമായി പരിപാടി അവതരിപ്പിച്ചത് 2007 ൽ കുവൈത്തിലായിരുന്നു. പിന്നീട് പല രാജ്യങ്ങളിലും പരിപാടികളുമായി പോകാനും പാടാനും കഴിഞ്ഞത് സൗഭാഗ്യമായാണ് നസീർ കരുതുന്നത്. 
കലാ രംഗത്തു തന്നെയുള്ള ജീനുവിനെയാണ് ജീവിത പങ്കാളിയാക്കിയത്.  ആലുവയിലാണ് ഇപ്പോൾ താമസം. ഉമ്മുകുൽസുവെന്ന് പ്രിയത്തോടെ വിളിക്കുന്ന ഇശാനി മകളാണ്. 

Latest News