Sorry, you need to enable JavaScript to visit this website.

മോശം പിച്ചിനെതിരെ മുന്‍ കളിക്കാര്‍

മാഞ്ചസ്റ്റര്‍ - ഇന്ത്യ-ന്യൂസിലാന്റ് ആദ്യ സെമി ഫൈനലിന് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോഡ് ഗ്രൗണ്ടില്‍ ഒരുക്കിയ പിച്ചിനെ മുന്‍ ഇംഗ്ലണ്ട് കളിക്കാരായ ഗ്രേം ഫൗളറും മാര്‍ക്ക് ബുച്ചറും രൂക്ഷമായി വിമര്‍ശിച്ചു. വേഗം കുറഞ്ഞ ഇരട്ടപ്പെയ്‌സുള്ള പിച്ചില്‍ ബാറ്റ്‌സ്മാന്മാര്‍ അതിജീവനത്തിനായി പാടുപെടുകയായിരുന്നു.
ലോകകപ്പ് സെമി ഫൈനലിന് ഇത്ര മോശം പിച്ചൊരുക്കിയത് ദുരന്തമാണെന്ന് ഫൗളര്‍ എഴുതി. വിദൂര ദേശങ്ങളില്‍ നിന്നെത്തി പണം കൊടുത്ത് കളി കാണുന്നവരോട് സഹതാപമുണ്ട്. ഇത് കളിയല്ല, ലോട്ടറിയാണ്. നിലവാരം കുറഞ്ഞ പിച്ചില്‍ ഭാഗ്യമാണ് വിധി നിര്‍ണയിക്കുന്നത്. നാണക്കേടാണ് ഇത്. -ഫൗളര്‍ എഴുതി.  
ടൂര്‍ണമെന്റിലുടനീളം പിച്ചുകള്‍ ഒന്നിനും കൊള്ളാത്തതാണെന്ന് ബുച്ചര്‍ കുറ്റപ്പെടുത്തി. അവസാന അഞ്ചോവര്‍ ആവേശകരമായിട്ടുണ്ടാവാം. എന്നാല്‍ അതുവരെയുള്ള 95 ഓവര്‍ എല്ലാവരെയും നിരാശപ്പെടുത്തി -ബുച്ചര്‍ പറഞ്ഞു. 
വേഗം കുറഞ്ഞ പിച്ചൊരുക്കാന്‍ ഗ്രൗണ്ട്‌സ്മാന്മാര്‍ക്ക് നിര്‍ദേശം നല്‍കിയെന്ന റിപ്പോര്‍ട്ട് ഐ.സി.സി നിഷേധിച്ചു. അതാത് രാജ്യത്തെ സാഹചര്യമനുസരിച്ച് മികച്ച പിച്ചൊരുക്കാനാണ് എപ്പോഴും നിര്‍ദേശം നല്‍കാറ്. നല്ല ബൗണ്‍സുള്ള പന്ത് ഉയരുന്ന പിച്ചൊരുക്കണമെന്നും പറയാറുണ്ട്. ഏതെങ്കിലും ടീമിന് ഗുണമോ ദോഷമോ ചെയ്യുന്ന രീതിയില്‍ പിച്ചൊരുക്കാന്‍ ഒരിക്കലും നിര്‍ദേശം നല്‍കാറില്ല -ഐ.സി.സി പ്രസ്താവനയില്‍ പറഞ്ഞു. 
കഴിഞ്ഞ വര്‍ഷമായി തങ്ങള്‍ കളിച്ചു കൊണ്ടിരിക്കുന്ന രീതിയിലല്ല ലോകകപ്പിലെ പിച്ചുകളെന്നും എന്തുകൊണ്ടാണ് ഈ മാറ്റം സംഭവിച്ചതെന്നും ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍സ്‌റ്റൊ ചോദിച്ചു. ബാറ്റിംഗെന്നാല്‍ അടിച്ചു തകര്‍ക്കലാണെന്നു കരുതുന്നവര്‍ക്ക് ഏറ്റവും നല്ല പാഠമാണ് വില്യംസന്റെ ഇന്നിംഗ്‌സെന്ന് ദ ഗാഡിയന്‍ പത്രത്തിന്റെ കറസ്‌പോണ്ടന്റ് മൈക് സെല്‍വെ അഭിപ്രായപ്പെട്ടു.

Latest News