Sorry, you need to enable JavaScript to visit this website.

മൺസൂൺ ടൂറിസം: വയനാട്ടിലെ  വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉണരുന്നു 

വയനാട് ചുരത്തിലെ വ്യൂ പോയന്റിൽനിന്നുള്ള പ്രകൃതി ദൃശ്യങ്ങൾ ആസ്വദിക്കുന്ന സഞ്ചാരികൾ.

കൽപറ്റ- വേനൽക്കാല സന്ദർശകരുടെ തിരക്കൊഴിഞ്ഞതോടെ മാന്ദ്യത്തിലായിരുന്ന വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ മഴക്കാലത്തിന്റെ വരവോടെ വീണ്ടും ഉണരുന്നു. മഴയുടെ ഭംഗിയും കുളിരും ആസ്വദിക്കാനും ആയുർവേദ ചികിത്സയ്ക്കും മറ്റുമായി വിദേശികളടക്കം നൂറുകണക്കിനു സഞ്ചാരികളാണ് ചുരം കയറുന്നത്. 
ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ജില്ലയിൽ മൺസൂൺ ടൂറിസത്തിന്റെ ആരവം. ഈ മാസങ്ങളിൽ ജില്ലയിലെത്തുന്ന വിദേശികളിലേറെയും അറബ് രാജ്യങ്ങളിൽനിന്നുള്ളവരാണ്. 
മഴക്കാലത്ത് സഞ്ചാരികളെ  ജില്ലയിലേക്ക് ആകർഷിക്കാൻ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിനു പുറമെ സ്വകാര്യ സംരംഭകരും വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. മൺസൂൺ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വയനാട് ടൂറിസം ഓർഗനൈസഷേൻ ജൂലൈ ഒന്നു മുതൽ ഒമ്പതു വരെ കൽപറ്റയിൽ മഴ മഹോത്സവം സംഘടിപ്പിക്കുന്നത്. മഴക്കാല വിനോദ സഞ്ചാരത്തിനും ആയുർവേദ ചികിത്സയ്ക്കും സൗകര്യം ഒരുക്കുന്ന നിരവധി സംരംഭങ്ങൾ ജില്ലയിലുണ്ട്. 
ലക്കിടിക്കടുത്തുള്ള ചുരം വ്യൂ പോയന്റ്, ബാണാസുരസാഗർ അണ, കാരാപ്പുഴ അണ, കർലാട് തടാകം, കാന്തൻപറ, മീൻമുട്ടി, സൂചിപ്പാറ, ചെതലയം വെള്ളച്ചാട്ടങ്ങൾ, ബ്രഹ്മഗിരിയുടെ മടിത്തട്ടിലുള്ള തിരുനെല്ലി തുടങ്ങിയവ ജില്ലയിലെ പ്രധാന മഴക്കാല വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. മഴക്കാലത്ത് കോഴിക്കോട് ജില്ലയിലെ അടിവാരത്തുനിന്ന് ഒമ്പത് മൂടിപ്പിൻ വളവുകളുള്ള ചുരം റോഡിലൂടെ വയനാട്ടിലേക്ക് നടത്തുന്ന യാത്ര തന്നെ സഞ്ചാരികളുടെ മനം കവരുന്നതാണ്. അതിമനോഹരമാണ് ചുരത്തിലെ ഒമ്പതാം വളവിനടുത്തുള്ള വ്യൂ പോയന്റിൽനിന്നുള്ള പ്രകൃതിദൃശ്യങ്ങൾ. 

 

Latest News