Sorry, you need to enable JavaScript to visit this website.

എയിംസ് എന്‍ട്രന്‍സ്: ആദ്യ 10 റാങ്കുകള്‍ കോട്ടയിലെ കോച്ചിംഗ് സെന്ററില്‍ നിന്ന്

നിശിത പുരോഹിത് അമ്മയോടൊപ്പം

ഇന്ത്യയിലെ മുന്‍നിര മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളായ രാജ്യത്തിന്റെ വിവിധയിടങ്ങളിലുള്ള ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്)-ലേക്കുള്ള ഈ വര്‍ഷത്തെ എംബിബിഎസ് പ്രവേശന പരീക്ഷാ ഫലം വ്യാഴാഴ്ച പുറത്തു വന്നപ്പോള്‍ രാജസ്ഥാനിലെ കോട്ട ഒരിക്കല്‍ കൂടി ശ്രദ്ധാ കേന്ദ്രമാകുന്നു. ഇന്ത്യയിലെ കോച്ചിംഗ് ഹബ് എന്ന വിളിപ്പേരുള്ള കോട്ടയിലെ അലന്‍ കരിയര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ 10 വിദ്യാര്‍ത്ഥികളാണ് ആദ്യ 10 റാങ്കുകള്‍ സ്വന്തമാക്കിയത്.

ഒന്നാം റാങ്ക് നേടിയത് ഗുജറാത്തില്‍ നിന്നുള്ള നിശിത പുരോഹിതാണ്. അലന്‍ സെന്ററിലെ അര്‍ചിത് ഗുപ്ത, തമോഗ്ന ഘോഷ്, നിപുണ്‍ ചന്ദ്ര, ഹര്‍ഷ് അഗര്‍വാള്‍, റിഷവ് രാജ്, ഹര്‍ഷിത് ആനന്ദ്, റിങ്കു ശര്‍മ, അഭിഷേക് ദോഗ്ര, മനീഷ് മുല്‍ചന്ദാനി എന്നിവരാണ് യഥാക്രമം രണ്ടു മതുല്‍ 10 വരെയുള്ള റാങ്ക് ജേതാക്കള്‍. എല്ലാവരും പരിശീലനം നേടിയത് അലന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ്.

10 റാങ്കു ജേതാക്കളില്‍ നിപുണും റിങ്കും ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വിദൂരപഠന കോഴ്‌സ് മുഖേനയാണ് പ്രവേശന പരീക്ഷാ പരിശീലനം നേടിയതെന്നും അലന്‍ ഡയറ്കടര്‍ നവീന്‍ മഹേശ്വരി പറഞ്ഞു. നേരത്തെയും മെഡിക്കല്‍ പ്രവേശന പരീക്ഷാഫലം വരുമ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന സ്ഥാപനമാണിത്. കഴിഞ്ഞ വര്‍ഷവും എയിംസ് പ്രവേശന പരീക്ഷയിലെ  ആദ്യ പത്തു റാങ്കുകളില്‍ എട്ടു പേരും ഇവിടെ നിന്നായിരുന്നു. കൂടാതെ 2016-ലെ നീറ്റ് ഫലം വന്നപ്പോഴും ആദ്യ മൂന്നു റാങ്കുകള്‍ ഇവിടെ പഠിച്ച കുട്ടികളാണ് സ്വന്തമാക്കിയിരുന്നത്.

ഉത്തരേന്ത്യയിലെ മുഖ്യ പ്രവേശന പരിശീലന സ്ഥാപനങ്ങളുടെ കേന്ദ്രമാണ് കോട്ട. വിവിധ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് വിദ്യാര്‍ത്ഥികളെ ഒരുക്കുന്ന നിരവധി സ്ഥാപനങ്ങളുണ്ടിവിടെ. പരിശീലനത്തിനെത്തുന്ന വിദ്യാര്‍ത്ഥികള്‍ പഠന ഭാരം താങ്ങാനാവാതെ ആത്മഹത്യ ചെയ്യുന്ന പ്രവണതയും കോട്ടയില്‍ നിന്ന് നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കഠിന പരിശീലന മുറകളിലൂടെയാണ് ഇവിടെ സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികളെ പ്രവേശന പരിക്ഷകള്‍ക്കായി ഒരുക്കിയെടുക്കുന്നത്. 

രാജ്യത്തുടനീളമുള്ള വിവിധ കേന്ദ്രങ്ങളില്‍ മേയ് 28-നാണ് എയിംസ് പ്രവേശന പരീക്ഷ നടന്നത്. ഫലം www.aiimsexams.org എന്ന വെബ്‌സൈറ്റില്‍ അറിയാം. ഷോട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികളുടെ ആദ്യ കൗണ്‍സിലിംഗ് ജൂലൈ ആദ്യ വാരം ന്യൂദല്‍ഹിയിലെ എയിംസില്‍ നടക്കും. 

Latest News